- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതമംഗലത്തെ സ്വകാര്യസ്ഥാപനം പൂട്ടിക്കൽ; ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ചർച്ച 20ന്; വിഷയത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് കളം ഒരുങ്ങിയത് തൊഴിൽ മന്ത്രി ഇടപെട്ടതോടെ

പയ്യന്നൂർ:പാർട്ടി ഗ്രാമമായ മാതമംഗലത്ത് സി. ഐ.ടി.യു അനിശ്ചിതകാലസമരത്തിൽ സ്വകാര്യസ്ഥാപനം പൂട്ടിയ സംഭവത്തിൽ സർക്കാർ ഇടപെടൽ. മാതമംഗലത്തെ വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമീഷണർ എസ് ചിത്രയുടെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും. വിഷയം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ് പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമീഷണറെ ചുമതലപ്പെടുത്തിയത്.
വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.
മാതമംഗലത്തെ എസ്. ആർ ഹാർഡ്വെയർസ് സി. ഐ.ടി.യു സമരത്തിൽ പൂട്ടേണ്ടി വന്ന സാഹചര്യത്തിൽ വിഷയം ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്നതിന് സി.പി. എമ്മും സി. ഐ.ടി.യുവും തയ്യാറാണെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അനുകൂലനടപടിയുമായി രംഗത്തുവന്നത്.
എസ്. ആർ ഹാർഡ്വെയർസിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന് യൂത്ത് ലീഗ് പ്രവർത്തകൻ അഫ്സലിന് സി. ഐ.ടി.യു പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അഫ്സൽ നടത്തിയിരുന്ന സി.സി.ടി.വി ക്യാമറ ഫിറ്റിങ് നടത്തുന്ന സ്ഥാപനവും സി. ഐ.ടി.യുക്കാർ പൂട്ടിച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നാളെ മുസ്ലിംലീഗ് പ്രവർത്തകർ പയ്യന്നൂർ ഡി. വൈ. എസ്. പി ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


