- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതമംഗലത്ത് ഹാർഡ് വെയർ സ്ഥാപനം തുടങ്ങിയത് ഒരുകൂട്ടം യുവാക്കൾ ചേർന്ന്; വൻ മുതൽമുടക്കിൽ തുടങ്ങിയ സ്ഥാപനത്തിലെ ജീവനക്കാർ ലോഡിങ് നടത്തിയതിൽ തുടങ്ങി പ്രശ്നം; പാർട്ടി ഗ്രാമത്തിൽ കൈയൂക്കുമായി സിഐടിയു; കോടതി വിധി കാറ്റിൽപറത്തി ചുമട്ടു തൊഴിലാളികളുടെ സമരം; തെലുങ്കാനയിൽ നിന്ന് സംരഭകരെ എത്തിക്കാൻ ശ്രമിക്കുന്നവർ അറിയാൻ
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഗ്രാമത്തിൽ സ്വകാര്യസ്ഥാപനത്തിനെതിരെ സി. ഐ. ടി.യു കഴിഞ്ഞ മൂന്നാഴ്‌ച്ചയിലേറെക്കാലമായി നടത്തിവരുന്ന അനിശ്ചിതകാലസമരം സ്ഥാപനത്തിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കി. സമരപരമ്പരയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി സ്ഥലം വിടേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഉടമകൾ പറയുന്നു.
കേരളത്തിലേക്ക് തെലുങ്കാനയിൽ നിന്ന് നിക്ഷേപം എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ഇതിന് വേണ്ടി തെലുങ്കാനയിൽ യോഗവും നടന്നു. ഇതിനൊപ്പമാണ് പയ്യന്നൂരിലെ പാർട്ടി ഗ്രാമത്തിലെ സിഐടിയു സമരവും സ്ഥാപനം പൂട്ടിയിടലും ചർച്ചയാകുന്നത്. കോടതി വിധികളുണ്ടായിട്ടും സിഐടിയു സമരത്തിനെതിരെ പൊലീസും ഒന്നും ചെയ്യുന്നില്ല.
ചുമട്ടുതൊഴിലാളിൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്നാരോപിച്ചാണ് പാർട്ടി ഗ്രാമമായ മാതമംഗലത്ത് കഴിഞ്ഞ പതിനേഴു ദിവസമായി സ്ഥാപനത്തിന് മുൻപിൽ സിഐ.ടി.യുവിന്റെ നേതൃത്വത്തിൽ അനിശ്ചിതകാലസമരമാരംഭിച്ചത്. ഇവിടെ ജോലിചെയ്യുന്ന ജീവനക്കാരെ കൊണ്ടു സാധനങ്ങൾ ഇറക്കുവാൻ ഉടമയ്ക്കു അനുമതി ഹൈക്കോടതി ഉത്തരവിലൂടെ നൽകിയിട്ടും അതു അംഗീകരിക്കില്ലെന്നാണ് സി. ഐ.ടി.യുവിന്റെ നിലപാട്.
നേരത്തെ സി. ഐ.ടി.യു പ്രവർത്തകരിൽ നിന്നും കടയ്ക്കു പൊലിസ് സംരക്ഷണം നൽകണമെന്നു കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതുമില്ലെന്നു ഉടമകൾ പറയുന്നു.കഴിഞ്ഞ ഓഗസ്റ്റു രണ്ടിനാണ് പ്രദേശത്തെ ഒരുകൂട്ടം യുവാക്കൾ ചേർന്നു മാതമംഗലത്ത് വന്മുതൽമുടക്കിൽ ഒരു ഹാർഡ് വെയർ സ്ഥാപനം തുടങ്ങിയത്. അന്നു മുതൽ എന്നാൽ ഈ കടയിലേക്ക് ജീവനക്കാർ തന്നെ ലോഡിങ് നടത്തിയതാണ് പ്രദേശത്തെ ചുമട്ടുതൊഴിലാളികളായ സി. ഐ.ടി.യുക്കാരെ പ്രകോപിപ്പിച്ചത്.
ഇവിടെ ലോഡിങ് നടത്താനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്നായിരുന്നു ഇവരുടെ അവകാശവാദം. എന്നാൽ ഇതിനെ ഉടമകൾ എതിർത്തതോടെ കട തുറന്നു പ്രവർത്തിക്കാൻ വിടില്ലെന്നായി യൂനിയൻകാർ. ഇതിനു ശേഷം സി. ഐ.ടി.യു സ്ഥാപനത്തിന് മുൻപിൽ സമരമാരംഭിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഉടമകൾ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി നേടിയത്.
എന്നാാൽ ഇതിനു ശേഷം സമരക്കാർ പിൻവലിഞ്ഞുവെങ്കിലും കഴിഞ്ഞ ഡിസംബർ 23 മുതൽ സമരംപൂർവാധികം ശക്തിയോടെ പുനരാരംഭിക്കുകയായിരുന്നു. ഹാർഡ്വെയർ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും പരാതിയുണ്ട്.
സംഭവത്തെ കുറിച്ചു നേരത്തെ മുഖ്യമന്ത്രിക്കുംമറ്റുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സർക്കാരിൽ നിന്നും അനുകൂലമായ നടപടിയുണ്ടായിട്ടില്ലെങ്കിൽ അടച്ചുപൂട്ടി സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ് സംരഭകൾ. ഇതോടെ നിരവധി പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്