പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കേ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട അരീക്കകാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരണമടഞ്ഞ് 39-ാം ദിവസമാണ് സംസ്‌കാരം നടക്കുന്നത്.

മരണത്തിലെ സത്യം പുറത്തു കൊണ്ടു വരാൻ വേണ്ടി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി മൃതദേഹം സംസ്‌കരിക്കാതെ ഇത്രയും നാൾ സൂക്ഷിച്ചത് കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാകും. പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ അരീക്കക്കാവിലെ മത്തായിയുടെ വീട്ടിലും കുടപ്പനയിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്‌കാരം നടക്കും.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തയാറാക്കിയ പ്രത്യേക മുറിയിലാണ് ഇന്നലെ സിബിഐയുടെ മേൽനോട്ടത്തിൽ റീപോസ്റ്റുമോർട്ടം നടത്തിയത്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം സിബിഐക്ക് വേണ്ടി റീ പോസ്റ്റുമോർട്ടം നടത്തി ഡോ കെ.പ്രസന്നൻ, ഡോ പി.ബി. ഗുജ്റാൾ, ഡോ എ.കെ. ഉന്മേഷ് എന്നിവരങ്ങിയ സംഘമാണ് മത്തായിയുടെ മൃതദേഹവും പോസ്റ്റുമോർട്ടം ചെയ്തത്.

റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ തന്നെ ബന്ധുക്കൾ പോസ്റ്റുമോർട്ടത്തിനായി കൈമാറി. രാവിലെ 10 ന് തുടങ്ങിയ പ്രേതപരിശോധന ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവസാനിച്ചത്. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് തുടങ്ങിയ പോസ്റ്റുമോർട്ടം വൈകിട്ട് അഞ്ചിന് അവസാനിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രേതപരിശോധനയിൽ അസ്വാഭാവികതയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് സിബിഐ.

പോസ്റ്റുമോർട്ടത്തിന് പിന്നാലെ മൃതദേഹം കാണപ്പെട്ട കുടപ്പനക്കുളത്തെ കുടുംബവീട്ടിൽ സിബിഐ പരിശോധന നടത്തി. ഇന്നലെ രാത്രി ഫയർഫോഴ്സിന്റെ അസ്‌ക ലൈറ്റും മറ്റുപയോഗിച്ചായിരുന്നു പരിശോധന.