പത്തനംതിട്ട: പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തിയ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മൃതദേഹം സിബിഐക്ക് വേണ്ടി റീ പോസ്റ്റുമോർട്ടം നടത്തിയത് ഡോ കെ.പ്രസന്നൻ,ഡോ പി.ബി. ഗുജ്റാൾ, ഡോ എ.കെ. ഉന്മേഷ് എന്നിവരങ്ങിയ സംഘമായിരുന്നു. തുമ്പും വാലുമൊന്നുമില്ലാതെ പോയ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ നിർണായകമായത് റീ പോസ്റ്റുമോർട്ടമായിരുന്നു.

ഇതേ വഴി തന്നെ പിന്തുടരുകയാണ് സിബിഐ ചിറ്റാർ കുടപ്പനക്കുളത്തെ മത്തായിയുടെ മരണത്തിലും. ജൂലൈ 28 ന് വനപാലകരുടെ കസ്റ്റഡിയിൽ ഇരിക്കേ കുടുംബവീടിന്റെ പരിസരത്തെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. നിരവധി കോലാഹലങ്ങൾക്കൊടുവിൽ മത്തായിയുടെ ഭാര്യ ഷീബയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. മരിച്ച് 38-ാം ദിവസമായ നാളെയാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണം റീ പോസ്റ്റുമോർട്ടം ചെയ്ത അതേ ഡോക്ടർമാരുടെ സംഘം തന്നെ വേണമെന്ന സിബിഐയുടെ പ്രത്യേക അഭ്യർത്ഥർന പ്രകാരമാണ് മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആദ്യം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർക്ക് അസ്വഭാവികത ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. റീ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണവും സിബിഐ ആണ് അന്വേഷിക്കുന്നത്.

സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ് കുമാർ കസ്റ്റഡി മർദനത്തെ തുടർന്ന് 2019 ജൂൺ 21 നാണ് മരിച്ചത്. രണ്ടാം പോസ്റ്റുമോർട്ടത്തിലാണ് മർദനമേറ്റ തെളിവുകൾ കണ്ടെത്തിയത്. പൊലീസ് മർദനത്തിന്റെ തെളിവായ 30ലേറെ പരുക്കുകൾ റീ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഡോ കെ.പ്രസന്നൻ,ഡോ പി.ബി. ഗുജ്റാൾ, ഡോ എ.കെ. ഉന്മേഷ് എന്നിവരങ്ങിയ ഡോക്ടർമാരുടെ സംഘമാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. ഈ സംഘം തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടവും നടത്തണമെന്ന് സിബിഐ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ഉത്തരവിറങ്ങിയത്. നാളെയാണ് റീ പോസ്റ്റുമോർട്ടം.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ടേബിളിൽ ആകും പോസ്റ്റ്മോർട്ടം നടക്കുക. രാജ് കുമാറിന്റെ മൃതദേഹം സംസ്‌കരിച്ച് 39 ആം ദിവസമായിരുന്നു റീ പോസ്റ്റുമോർട്ടം. മൃതദേഹം അഴുകിയ നിലയിലുമായിരുന്നു. എന്നാൽ മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല. അതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

രണ്ടാം പോസ്റ്റുമോർട്ടത്തിന് ശേഷം മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്‌കാരം.