കൊച്ചി: മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴൽനാടൻ എംഎ‍ൽഎ. ബാങ്ക് അധികൃതരുമായി സംസാരിച്ച് വായ്പ ബാധ്യത തീർക്കാനുള്ള പണം നൽകുമെന്നും വീടിന്റെ ആധാരം തിരികെവാങ്ങി ആ മക്കൾക്ക് നൽകുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. നേരത്തെ മാത്യു കുഴൽനാടന്റെ രാഷ്ട്രീയ നാടകമാണ് അവിടെ ഉണ്ടായതെന്ന് മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ പ്രസിഡന്റും കേരളാ ബാങ്ക് ചെയർമാനുമായ ഗോപീ കോട്ടമുറിക്കൽ ആരോപിച്ചിരുന്നു. ഇതിനും മാത്യു കഴൽനാടൻ മറുപടി നൽകി. സംഭവിച്ചതെല്ലാം ഫെയ്‌സ് ബുക്ക് ലൈവിൽ വിശദീകരിച്ചു.

എല്ലാവരും ആഗ്രഹിച്ചതും ഇതുതന്നെയാണ്. ഒരുപാട് പേർ ആ കുട്ടികളുടെ അവസ്ഥ കണ്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഒരുപാട് പേർ പിന്തുണ നൽകി. ഇത് രാഷ്ട്രീയവൽക്കരിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിങ്ങൾ മനസിലാക്കണം. ഇതൊരു സാധാരണ സംഭവമായി നാട്ടിൽ മാറിയിരിക്കുകയാണെന്നും എംഎ‍ൽഎ. പറഞ്ഞു. എന്നാൽ അർബൻ ബാങ്കിനെതിരെ നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റും കേരളബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിയിക്കൽ പ്രതികരിച്ചു.

ഉച്ചയ്ക്ക് 2.05 വീട്ടിലെത്തി ബാങ്ക് ജീവനക്കാർ നപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നെന്നും പിന്നീട് രാത്രി 7 മണിക്കുശേഷം എം എൽ എയും കൂട്ടരും ചേർന്ന് വീട്ടിലെത്തി ,കുട്ടികളെ പുറത്താക്കി വീട് പൂട്ടിയെന്നും മറ്റും പറഞ്ഞ് പ്രശ്നം സൃഷിടിക്കുകയായിരുന്നു എന്നുമാണ് സി പി എം നേതാവിന്റെ വെളിപ്പെടുത്തൽ. എം എൽ എ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ താക്കോൽ തിരികെ ഏൽപ്പിക്കുമായിരുന്നു.പലപ്പോഴും ബാങ്ക് ജീവനക്കാർ ചെല്ലുമ്പോൾ വീട്ടുടമയായ അജേഷ് അവിടെ ഉണ്ടാവാറില്ല.ആശുപത്രിയിൽ ആണെന്നുള്ള വിവരം പാർട്ടി പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മനസ്സിലായത്.അപ്പോൾ തന്നെ താക്കോൽ വീട്ടുകാരെ ഏൽപ്പിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തി. വീട്ടിലെത്തിയാൽ എം എൽ എ യോട് ഒപ്പമുള്ളവർ കയ്യേറ്റം ചെയ്യുമോ എന്ന് ഭയന്ന് ജീവനക്കാർ താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തിരികെ പോരുകയായിരുന്നു.ഗോപി കോട്ടമുറിയിക്കൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വീണ്ടും വിശദീകരണവുമായി മാത്യു കുഴൽനാടൻ എത്തിയത്.

'പാർട്ടി പ്രവർത്തകൻ വിളിച്ചതനുസരിച്ചാണ് പായിപ്രയിലെ വീട്ടിലെത്തുന്നത്. അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത് കാരണം നാലുകുട്ടികൾ വീടിന്റെ പുറത്തുനിൽക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനും ഒരു അഭിഭാഷകനാണ്. ജപ്തി നടക്കുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. ആദ്യം കേട്ടപ്പോൾ നിസ്സാഹയാവസ്ഥയാണ് തോന്നിയത്. ജപ്തി എന്നത് ബാങ്കിന്റെ നിയമപരമായ നടപടിയാണ്. അത് സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല. തുടർന്ന് കുട്ടികളുടെ അമ്മയുടെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. അപ്പോഴാണ് അമ്മ ഇല്ലെന്നും അച്ഛനൊപ്പം ആശുപത്രിയിലാണെന്നും പറഞ്ഞത്. ഹൃദ്രോഗിയായ അച്ഛനെ രക്തം ഛർദിച്ച് ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയായിരുന്നു. ആശുപത്രിയിൽ കൂടെ നിൽക്കുന്നത് അമ്മയായിരുന്നു. ജപ്തി നടക്കുമ്പോൾ ആരും വീട്ടിലുണ്ടായിരുന്നില്ലെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു. അത് കേട്ടതോടെ ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്ന് അവരോട് പറഞ്ഞു. ജപ്തി നടപടിക്ക് അതിന്റേതായ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. ഉടൻതന്നെ പായിപ്രയിലേക്ക് തിരിച്ചു.'-മാത്യു കുഴൽനാടൻ പറഞ്ഞു.

'അവിടെ എത്തിയപ്പോൾ അയൽപക്കത്തെ സ്ത്രീകളാണ് ആദ്യം എന്നോട് സംസാരിച്ചത്. വിങ്ങിക്കൊണ്ടാണ് അവർ കാര്യങ്ങൾ പറഞ്ഞത്. ഇന്നത്തെ ദിവസം അവരെ ഇറക്കിവിടല്ലേ എന്ന് ബാങ്കുകാരോട് കാലുപിടിച്ച് പറഞ്ഞതാണെന്ന് സ്ത്രീകൾ പറഞ്ഞു. അതൊന്നും കേൾക്കാതെ ബലമായി വീട്ടിൽ കയറി ജപ്തി ചെയ്യുകയായിരുന്നു.' 'പഞ്ചായത്ത് നൽകിയ സ്ഥലത്താണ് വീട് വെച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയായിരുന്നു വായ്പ. അതൊരു ദളിത് കുടുംബമാണ്. ഗൃഹനാഥനായ അജേഷ് ഫൊട്ടോഗ്രാഫറായിരുന്നു. നാല് കുട്ടികളാണ് വീട്ടിലുള്ളത്. വീടിന് പുറകിൽ വാതിലുണ്ടായിരുന്നില്ല. അടച്ചുറപ്പില്ലാത്ത വീടായിരുന്നു. എന്നാൽ ബാങ്കുകാർ വാതിൽ കൊണ്ടുവന്ന് ഘടിപ്പിച്ചു. അതിനുശേഷം കുട്ടികളെ പുറത്താക്കി വീട് പൂട്ടുകയായിരുന്നു.'

'ബാങ്കുകാർ ചെയ്തതെല്ലാം നിയമവിരുദ്ധമായ നടപടികളാണെന്ന് ബോധ്യപ്പെട്ടിരുന്നു. അപ്പോൾതന്നെ ബാങ്കുകാരുമായി ബന്ധപ്പെട്ടു. ഒരുകാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും നാല് കുട്ടികൾ പുറത്തുനിൽക്കുമ്പോൾ തനിക്ക് കാഴ്ചക്കാരനായി നിൽക്കാൻ പറ്റില്ലെന്നും അവരെ അറിയിച്ചു. ഉടൻ അവിടേക്ക് വരാമെന്നായിരുന്നു ബാങ്കുകാരുടെ മറുപടി. പൊലീസും സ്ഥലത്തുണ്ടായിരുന്നു.

''15 മിനിറ്റ് കൊണ്ട് മൂവാറ്റുപുഴയിൽനിന്ന് പായിപ്രയിൽ എത്താം. അവർ വരാമെന്ന് പറഞ്ഞതിനാൽ ഒരു മണിക്കൂർ അവർക്ക് സമയം നൽകി. എന്നാൽ രാത്രി എട്ടരയായിട്ടും ബാങ്കുകാർ വന്നില്ല. എട്ടരയോടെ ഇനി കുട്ടികളെ പുറത്തുനിർത്താൻ പറ്റില്ലെന്നും ഇനി കാത്തുനിൽക്കാനാവില്ലെന്നും പൊലീസിനോട് പറഞ്ഞു. എന്തെങ്കിലും കേസെടുക്കുകയാണെങ്കിൽ എന്നെ മാത്രം പ്രതിയാക്കി കേസെടുക്കാമെന്നും പൊലീസുകാരോടും ബാങ്കുകാരോടും പറഞ്ഞു. അതിനുശേഷമാണ് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനകത്ത് കയറ്റിയത്-' മാത്യു കുഴൽനാടൻ പറഞ്ഞു.