തിരുവനന്തപുരം: കേരളത്തിലെ യഥാർത്ഥ സോഷ്യലിസ്റ്റാണ് മാത്യു ടി തോമസ്. ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ സന്ദേശം ജീവിത്തിൽ പ്രാവർത്തികമാക്കിയ നേതാവ്. കള്ളവുമില്ല ചതിയുമില്ലെന്ന വചനം ജീവിതത്തിലും രാഷ്ട്രീയത്തിലും നടപ്പിലാക്കിയ നേതാവ്. തോമസ് തൂമ്പുംപാട്ടിന്റെയും അന്തരിച്ച അന്നമ്മ തോമസിന്റെയും മകനായി 1961 സെപ്റ്റംബര് 27ന് തിരുവല്ലയിൽ ജനിച്ചു മാത്യു ടി തോമസ് ജീവതത്തിൽ ഒരിക്കലും സത്യസന്ധതയെ കൈവിട്ടില്ല. രാഷ്ട്രീയത്തിൽ ധാർമിക മൂല്യങ്ങളാണ് ഉയർത്തി പിടിച്ചത്.

ജെ.പി. പ്രസ്ഥാനത്തിൽ ആകൃഷ്ടനായി, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് മാത്യു ടി. തോമസ് രാഷ്ട്രീയത്തിൽ എത്തിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരംചെയ്ത അദ്ദേഹം 1977 ൽ വിദ്യാര്ത്ഥി ജനത (കെവിജെ) യില് അംഗമായി. തുടർന്ന് സംഘടനയുടെ തിരുവല്ല മാര്‌ത്തോമ കോളേജ് യൂണിറ്റ് സെക്രട്ടറി, തിരുവല്ല താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ചു. യുവജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. മുമ്പ് 1987, 2006, 2011 വര്ഷങ്ങളിലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 ലെ വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കാലത്ത് ഗതാഗതം, അച്ചടിയും സ്റ്റേഷനറിയും വകുപ്പ് മന്ത്രിയായി മൂന്ന് വര്ഷം സേവനമനുഷ്ഠിച്ചു.

അഴിമതിയോ സ്വജനതാത്പര്യമോ വച്ചു പൊറുപ്പിക്കാത്ത മന്ത്രിയായിരുന്നു മാത്യു ടി. തോമസ്. പാർട്ടി പറഞ്ഞാലും ഭരണകക്ഷി പറഞ്ഞാലും കേൾക്കില്ല. വി എസ് മന്ത്രിസഭയിലും മാത്യു ടി തോമസിനെ ശ്രദ്ധേയനാക്കിയത് ഇത് തന്നെ. പിണറായി സർക്കാരിൽ മന്ത്രിയായപ്പോഴും ഇതിന് മാറ്റം വരുത്തിയില്ല. എല്ലാത്തിനും കാരണം മാർത്തോമാ സഭയിലെ പുരോഹിതനായ സ്വന്തം പിതാവിൽ നിന്ന് പകർന്നു കിട്ടിയ ആത്മീയ കരുത്താണ്. ആത്മീയഗുരുവായി കാണുന്ന മാർ ക്രിസോസ്റ്റം തിരുമേനിയും മാത്യു ടി തോമസിനെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇത്തവണ ജലവിഭവ വകുപ്പിലും നിശബ്ദ വിപ്ലവമാണ് നടപ്പാക്കിയത്. ഇതോടെ സിപിഎം യൂണിയനായ സിഐടിയുവിന്റെ കണ്ണിലെ കരടായി. ഇതെല്ലാം മനസ്സിലാക്കിയാണ് കൃഷ്ണൻ കുട്ടിയും സംഘവും യുദ്ധം നയിച്ചത്. അത് വിജയിക്കുകയും ചെയ്തു.

ജലവിഭവവകുപ്പിലെ എൻജിനീയർ നിയമനത്തിൽ ഇപടെട്ടതായിരുന്നു യൂണിയനുകളുടെ അപ്രീതിക്ക് കാരണം. പി.എസ്.സി. വഴി നിയമനം ലഭിച്ചാലും ഇഷ്ടസ്ഥലങ്ങളിൽ നിയമനം കിട്ടാൻ ചില യൂണിയനുകൾ ഇടപെടുന്നത് മന്ത്രി ഇടപെട്ട് തടഞ്ഞു. എൻജിനീയർമാരെ വലയിലാക്കാൻ അവർക്ക് ഇഷ്ടസ്ഥലത്ത് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യൂണിയൻകാരുടെ വക ഒരു സർക്കുലറും ഇറങ്ങിയിരുന്നു. ഇതറിഞ്ഞതോടെ നിയമനപത്രം ലഭിച്ച 72 എൻജിനീയർമാരിൽനിന്ന് താത്പര്യമുള്ള മൂന്നുസ്ഥലം എഴുതിവാങ്ങി 53 പേർക്കും ആദ്യം പറഞ്ഞ സ്ഥലത്തുതന്നെ നിയമനം നൽകിയായിരുന്നു യൂണിയൻ ഇടപെടലിന് മന്ത്രി തടയിട്ടത്. ഇതോടെ യൂണിയനുകൾ മന്ത്രിക്ക് എതിരായി. ഇഷ്ട നിയമനത്തിന് പിന്നിലെ ചില സാമ്പത്തിക ലക്ഷ്യങ്ങളും നേതാക്കൾക്കുണ്ട്. അതും മന്ത്രിയുടെ ഇടപെടൽ പൊളിച്ചു.

ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പാണ് ജലവിഭവ വകുപ്പ്. ഡാമുകളുടെ അറ്റകുറ്റ പണിയും വെള്ളമെത്തിക്കലിലും എല്ലാം പണം തട്ടാവുന്ന വകുപ്പ്. കുടിവെള്ള പൈപ്പ് അടിക്കടി പൊട്ടിച്ചും ഖജനാവിൽ നിന്ന് പണം തട്ടാനുള്ള അവസരം ഏറെയുണ്ട്. എന്നാൽ മാത്യു ടി തോമസിന്റെ ഭരണകാലത്ത് ഇതൊന്നും നടന്നില്ല. സുതാര്യമായ നടപടിക്രമത്തിലൂടെ വകുപ്പിനെ ആകെ മന്ത്രി നിയന്ത്രിച്ചു. ഈ സുതാര്യതയാകും മാത്യു ടി തോമസ് പടിയിറങ്ങുമ്പോൾ വകുപ്പിന് നഷ്ടമാകുക.

ഴിഞ്ഞവർഷം വരൾച്ച നേരിട്ടപ്പോൾ തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിച്ച് മന്ത്രിതാരമായി. ചാലുകീറിയും ഡ്രഡ്ജറിൽ ഘടിപ്പിച്ച മോട്ടോർ ഉപയോഗിച്ച് കാപ്പുകാടുനിന്ന് അരുവിക്കരയിൽ വെള്ളമെത്തിച്ച ഭഗീരഥ പ്രയത്‌നത്തിലൂടെയായിരുന്നു അന്ന് മന്ത്രി കൈയടി നേടിയത്. പ്രതിപക്ഷം പോലും അത്ഭുതപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജകമണ്ഡലങ്ങളിലായി ഒഴുകിയിരുന്ന വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുക വഴി നദീപുനരുജ്ജീവനം എന്ന ദൗത്യം ജലവിഭവവകുപ്പ് ഏറ്റെടുത്തു. പമ്പയുടെ ഈ കൈവഴിക്ക് കൈവന്ന പുതുജീവൻ ജനങ്ങൾ ആഘോഷിച്ചത് അതിലൂടെ ചുണ്ടൻവള്ളം തുഴഞ്ഞ ജലോത്സവത്തിലൂടെയാണ്. ഇതേ മാതൃകയിൽ കോലറയാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, പൂനൂറാര് തുടങ്ങിയ ആറുകളുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾ വിജയം കണ്ടു.

നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും നിയമലംഘനത്തിനെതിരേ തടവും രണ്ടുലക്ഷം വരെ പിഴയും ഈടാക്കാവുന്ന നിയമം നിർമ്മിച്ചതും മാത്യു ടി. തോമസിന്റെ കാലത്താണ്. അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിനും ഇടപെടൽ നടത്തി. മംഗലം ഡാമിൽ ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തോടടുക്കുകയാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് മാൻഹോൾ ശുചീകരണത്തിന് തുടക്കമെന്ന നിലയിൽ ബൻഡിക്യൂട്ട് എന്ന യന്ത്രമനുഷ്യനെ അവതരിപ്പിച്ചതും അടുത്തിടെയായിരുന്നു. ജലവിഭവകുപ്പിന്റെ മേൽനോട്ടത്തിൽ കുപ്പിവെള്ളമിറക്കാനുള്ള പദ്ധതി അട്ടിമറിക്കാനും നീക്കമുണ്ടായി.

ഇതും മാത്യു ടി തോമസ് അനുവദിച്ചില്ല. ഈ പദ്ധതികൾക്കെല്ലാം ഇനി നാഥനില്ലാത്ത അവസ്ഥയാകും. പഴയ കെടുകാര്യസ്ഥതയിലേക്ക് കാര്യങ്ങളെത്തുമോ എന്നതാണ് ജലവിഭവ വകുപ്പിൽ ഇപ്പോഴുയരുന്ന സംശയം.