തിരുവനന്തപുരം: ഘടക കക്ഷി മന്ത്രിമാർ ഭരിച്ചാൽ സിഐടിയുക്കാർക്ക് എന്നും മുറുമുറുപ്പുണ്ടാകുക പതിവാണ്. അതേത് വകുപ്പ് ആണെങ്കിലും. എന്നിട്ടും ഒരു വകുപ്പിലെ മുഴുവൻ സിഐടിയു യൂണിയൻ ജീവനക്കാർരും ഒരു ഘടകകക്ഷി മന്ത്രിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ജനതാദൾ സെക്യുലർ എന്ന പാർട്ടിയുടെ മന്ത്രി ആരെന്നറിയാൻ. പാർട്ടിയിൽ നിന്നുള്ള മന്ത്രി മാത്യു ടി തോമസ് ആണ് എന്നറിഞ്ഞപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ലഡ്ഡു വിതരണം ചെയ്താണ് സന്തോഷം പങ്ക് വച്ചത്. ഗതാഗത വകുപ്പ് തന്നെ മാത്യു ടി തോമസിന് ലഭിക്കാമെന്ന് ആഗ്രഹിച്ച് കാത്തിരിക്കുകയാണ് കെഎസ്ആർടിസി ജീവനക്കാർ.

സിഐടിയുക്കാർക്ക് മാത്രമല്ല രണ്ടാമത്തെ വലിയ യൂണിയനായ ഐഎൻടിയുസിയും ആഗ്രഹിക്കുന്നത് മാത്യു ടി തോമസ് മന്ത്രിയാകണം എന്നാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ സുവർണ്ണകാലം എന്നാണ് തൊഴിലാളികൾ മാത്യു ടി തോമസ് ഭരിക്കുന്ന കാലത്തെക്കുറിച്ച് പറയുന്നത്. കുറച്ച് കാലയളവ് മാത്രമേ മാത്യു മന്ത്രിയായിരുന്നുള്ളൂ എങ്കിലും കെഎസ്ആർടിസിക്ക് അക്കാലത്ത് വൻ കുതിപ്പായിരുന്നു. പുത്തൻ വണ്ടികൾ മേടിച്ച് കമ്മിഷൻ അടിച്ചുമാറ്റുകയും, വിലകുറഞ്ഞ് സ്‌പെയർ പാർട്‌സുകൾ മേടിച്ച് ലാഭം ഉണ്ടാക്കുകയും ചെയ്യാൻ ആഗ്രഹം ഇല്ലാത്ത ഏക മന്ത്രി ആയിരുന്നു മാത്യു എന്ന ജീവനക്കാർ പറയുന്നു. അതേസമയം ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിലും മാത്യു ബദ്ധശ്രദ്ധയുള്ള ആളാണ് താനും.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കെഎസ്ആർടിസി ഒരിക്കലും രക്ഷപെടില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. ആര്യാടൻ മുഹമ്മദ് വകുപ്പ് കൈവശം വച്ചപ്പോൾ കമ്മീഷൻ വാങ്ങലും മറ്റും യഥേഷ്ടം നടന്നുപോന്നു. എണ്ണക്കമ്പനികൾ സബ്‌സിഡി നിരക്കിൽ ഡീസൽ നൽകുന്നത് നിർത്തിയപ്പോൾ കടുത്ത പ്രതിസന്ധിയായിരുന്നു കെഎസ്ആർടിസിക്ക്. എന്നും സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന കോർപ്പറേഷനെ നട്ടെല്ലുയർത്തി നിൽക്കാൻ പ്രാപ്തനാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിന് മാത്യുവിനെ പോലുള്ള ഇച്ഛാശക്തിയുള്ള ഒരാൾ വേണമെന്നാണ് ജീവനക്കാർ കരുതുന്നത്.

ഗതാഗത മന്ത്രിയായിരിക്കെ കെ.എസ്.ആർ.ടിസിയെ സാമ്പത്തിക കുരുക്കിൽ നിന്നും കൈപിടിച്ച് കയറ്റാൻ മാത്യു ടി തോമസിന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ദേയമായിരുന്നു. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിൽ കൂടുതൽ അന്തർ- സംസ്ഥാന സർവീസുകൾ ആരംഭിക്കുകയും പുതിയ ബസുകൾ വാങ്ങുകയും ചെയ്തു. ഇത് കൂടാതെ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ ഷോപ്പിംഗ കോംപ്ലക്‌സുകൾ ആരംഭിച്ചതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. യാത്രാ നിരക്ക് കുറച്ച ആദ്യത്തെ ഗതാഗത മന്ത്രിയെന്ന ഖ്യാതിയാണ് മാത്യു ടി തോമസിനെ നേടിയെത്തിയത്.

ഡൽഹി മോഡലിൽ പ്രകൃതിവാതകം കെഎസ്ആർടിസിയുടെ ഇന്ധനമാക്കി ഉപയോഗിക്കുന്ന വിധത്തിലേക്ക് കേരളത്തിലും മാറ്റം അനിവാര്യമാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ്. ഇങ്ങനെയുള്ള പരിഷ്‌ക്കാരങ്ങൾ ചെയ്യണമെങ്കിൽ മാത്യു ടി തോമസിനെ പോലൊരു മന്ത്രി വേണമെന്നാണ് ജീവനക്കാരുടെ ആഗ്രഹം. പോയ സർക്കാറിന്റെ കാലത്ത് ശമ്പളവും പെൻഷനും മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായിരുന്നു. എന്നാൽ, മാത്യു ടിയുടെ കാലത്ത് ഇങ്ങനെ സമരം നടത്തേണ്ടി വന്നില്ല. മാറി മാറി അധികാരത്തിൽ എത്തിയവർ ഭരിച്ച് കുട്ടിച്ചോറാക്കിയ കെഎസ്ആർടിസിക്ക് ഒരു നാഥനെ ലഭിക്കും മാത്യു ടി തോമസ് മന്ത്രിയായാൽ എന്നാണ് എല്ലാവരും കരുതുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കയാണ് കെഎസ്ആർടിസി ജീവനക്കാർ.

കേരള വിദ്യാർത്ഥി ജനതയിലൂടെ പൊതുരംഗത്ത് സജീവമായ മാത്യൂ ടി തോമസ് അടിയന്തരാവസ്ഥയുടെ നാളുകളിലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1987ലും 2006 ലും മിറ 2011ലും കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഇത്തവണ തിരുവല്ല നിയോജക മണ്ഡലത്തിൽ നിന്ന് ജോസഫ് എം. പുതുശേരിയെ 8242 വോട്ടിന് പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും സഭയിൽ എത്തിയത്.

77ൽ വിദ്യാർത്ഥി ജനതയിൽ അംഗമായി. പിന്നീട് വിദ്യാർത്ഥി ജനതയുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഉയർന്നു. യുവജനതാദൾ സംസ്ഥാന പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, കൊച്ചി സർവ്വകലാശാല സിന്റിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുള്ള മാത്യു ടി.തോമസ് തിരുവല്ല കുറ്റപ്പുഴ തുന്പുംപാട്ട് റവ.ടി.തോമസിന്റെയും റിട്ട.അദ്ധ്യാപിക അന്നമ്മ തോമസിന്റെയും മകനാണ്. തിരുവല്ല ബാറിൽ അഭിഭാഷകനായും പ്രവർത്തിച്ചു. ചേന്നങ്കരി വാഴക്കാട്ട് കുടുംബാംഗവും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ അദ്ധ്യാപികയുമായ അച്ചാമ്മയാണ് ഭാര്യ. അച്ചു, അമ്മു എന്നിവർ മക്കളാണ്.