ന്യൂഡൽഹി: മതികെട്ടാൻ ചോല ദേശീയ ഉദ്യാന പാർക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ദുർബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം. ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല താലൂക്കിലുള്ള പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങൾ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുന്നത്.

17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുർബല പ്രദേശം ആകുക. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കി.

പരിസ്ഥിതി ദുർബല പ്രദേശിനുള്ളിലെ വന, കൃഷി, ഭൂമികളിൽ വീടുകൾ ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്ക് മാറ്റരുത്. ഇക്കോ ടുറിസം പദ്ധതികൾ സോണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ പ്രദേശത്തിനായി പ്രത്യേക സോണൽ മാസ്റ്റർ പ്ലാൻ രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

വിജ്ഞാപനവുമായി ബന്ധപ്പെട്ട ശുപാർശകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ആറംഗ സമിതിക്ക് രൂപം നൽകി. ഇടുക്കി ജില്ലാ കളക്ടർ ആണ് നിരീക്ഷണ സമിതിയുടെ ചെയർമാൻ. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയിലെ അംഗമായിരിക്കും.

മതികെട്ടാൻ ചോലയുടെ കിഴക്ക് ഭാഗത്ത് ഉള്ള തേനിയിൽ ആണ് നിർദ്ദിഷ്ട ന്യുട്രിനോ ഒബ്സർവേറ്ററി സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന പ്രദേശം. ഈ മേഖല പരിസ്ഥിതി ദുർബല പ്രദേശം ആയിരിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ഒബ്സർവേറ്ററിയുടെ നിർമ്മാണം ദേശീയ ഹരിത ട്രിബ്യുണൽ സ്റ്റേ ചെയ്തിരിക്കുകയാണ്.