കോതമംഗലം: പാലത്തിന്റെ തൂണ് സ്ഥാപിക്കാൻ പുഴയിൽ താഴ്തിയ കുഴി 17 കാരന് മരണക്കയമായി. കൂട്ടുകാരോടൊത്ത് മാതിരിപ്പിള്ളി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മാതിരിപ്പിള്ളി പള്ളി പടി വെള്ളക്കാമാറ്റം ജൈലാനി - സഫിയ ദമ്പതികളുടെ മകൻ ജസിം മുഹമ്മദ് 17 ആണ് മുങ്ങിമരിച്ചത്.

രാവിലെ കൂട്ടുകാരോടൊപ്പം പന്ത് കളി കഴിഞ്ഞ് ഒൻപതോടെ ജസിമും രണ്ട് കൂട്ടുകാരും കൂടി പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ എത്തുകയായിരുന്നു. കടവിൽ നിന്ന് മാറി താഴെ കുളിക്കാനിറങ്ങിയ ജസിം പുഴ മധ്യത്തിൽ വർഷങ്ങൾക്ക് മുമ്പു പാലം നിർമ്മാണത്തിനായി കുഴിച്ച രണ്ടാൾ താഴ്ചയിലേറെയുള്ള ഗർത്തത്തിൽ അകപ്പെടുകയായിരുന്നു.

സുഹൃത്തുക്കളുടെ കരച്ചിലും ബഹളവും കേട്ട് കടവിലും സമീപത്തുമുണ്ടായിരുന്നവർ എത്തിയെങ്കിലും ആരും പുഴയിൽച്ചാടാൻ തയ്യാറായില്ല. സമീപത്ത് ബാർബർ ഷോപ്പ് നടത്തിവന്നിരുന്ന യുവാവ് വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തി പുഴയിൽ മുങ്ങിതപ്പിയാണ് കയത്തിൽ നിന്നും ജസീമിന്റെ മൃതദ്ദേഹംമുങ്ങിയെടുത്തത്.

ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു എങ്കിലും മരണം സംഭവിച്ചിരുന്നു. പുഴയിൽ കാര്യമായി വെള്ളമില്ലാത്തതിനാൽ അപകടത്തിന് സാധ്യത ഇല്ലന്നുറപ്പിച്ചാണ് നീന്തൽ വശമില്ലാതിരുന്ന ജസിം പുഴയിലെ അപകടം നടന്ന ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഒരു നിമിഷം കൊണ്ട് കൂട്ടത്തിൽ നിന്നും അപ്രത്യക്ഷനായ ജസീമിനെ തിരഞ്ഞ സുഹൃത്തുക്കളായ യുവാക്കൾ അപകടത്തിൽ പെടാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് വിലയിരുത്തൽ.

അഞ്ച് അടിയോളം ചതുരശ്ര വിസ്തീർണവും പത്ത് അടിയിലേറെ താഴ്ചയുള്ളതുമായ കുഴിയുടെ അടിത്തട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ജഡം ണ്ടെത്തിയതെന്നാണ് മൃതദേഹം പുഴയിൽ നിന്നും മുങ്ങിയെടുത്ത യുവാവ് പൊലീസിൽ വെളിപ്പെടുത്തിയത്.

മാതിരപ്പിള്ളി ജുമ മസ്ജിദിൽ കബറടക്കം നടത്തി. മൂവാറ്റുപുഴ തർബ്ബിയത്ത് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ജസിൽ, ജസ്‌ന.