തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം മലയാളം വാർത്താ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. മാതൃഭൂമി ന്യൂസ് അടക്കം ചില വാർത്താ ചാനലുകളുടെ സംപ്രേഷണമാണ് നിലച്ചത്. മാതൃഭൂമി ന്യൂസ് അടക്കമുള്ള ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. മിഡിയാ വൺ ചാനലിന് കേന്ദ്ര സർക്കാർ ലൈസൻസ് നൽകാത്ത ചർച്ചകൾക്കിടെയാണ് മലയാളം വാർത്താ ചാനലുകൾ അപ്രത്യക്ഷമായത്. അതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ഇത് ആശങ്കയുണ്ടാക്കി.

ചൊവ്വാഴ്ച വൈകുന്നേരം ആറര മുതലാണ് സംപ്രേഷണം മുടങ്ങിയത്. തുടർന്ന് ഏഴര മണിക്കൂറോളം തടസപ്പെട്ട സംപ്രേഷണം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പുനഃസ്ഥാപിക്കപ്പെട്ടു. ഈ സമയത്തും യുട്യൂബിൽ മാതൃഭൂമി ന്യൂസ് അടക്കമുള്ള ചാനലുകൾ ലഭ്യമായിരുന്നു. മാതൃഭൂമി ന്യൂസിന് പുറമേ കൈരളി, മീഡിയ വൺ തുടങ്ങിയ ചാനലുകളുടെ സംപ്രേഷണവും തടസ്സപ്പെട്ടു. അപ്ലിങ്കിൽ വന്ന തകരാറുമൂലമാണ് പ്രശ്നം നേരിട്ടതെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്ന് സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാൻ കാരണമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റേയും സംപ്രേഷണം ഇത്തരത്തിൽ തടസ്സപ്പെട്ടെങ്കിലും അൽപ സമയത്തിനകം പൂർവസ്ഥിതിയിലാവുകയായിരുന്നു. 24 ന്യൂസിനും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി. ഈ ചാനലുകളെല്ലാം യുട്യൂബിൽ അപ്പോഴും ലൈവായിരുന്നു. മലയാളമടക്കമുള്ള 42ഓളം ചാനലുകളുടെ സംപ്രേഷണമാണ് തടസപ്പെട്ടത്. കഴിഞ്ഞ ദിവസം കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിന്റെ പിറ്റേ ദിവസം തന്നെയാണ് ഇത്തരത്തിൽ മീഡിയ വണ്ണിന്റെ സംപ്രേഷണം തടസപ്പെടുന്നത്.

ഇതും സംശയങ്ങൾക്ക് ഇട നൽകി. ഹൈക്കോടതിയുടെ ഉത്തരവിന്റെ പിൻബലത്തിലാണ് മീഡിയാ വൺ പ്രവർത്തനം. ഈ കേസിൽ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനിടെ ചാനലുകൾ തടസ്സപ്പെട്ടതു കൊണ്ട് തന്നെ കേന്ദ്ര സർക്കാർ നടപടിയാണോ ഇതിന് പിന്നിലെന്ന സംശയം വ്യാപകമായിരുന്നു. ഇതിനിടെയാണ് സാങ്കേതിക പ്രശ്‌നമെന്ന വിശദീകരണം ചാനലുകൾ തന്നെ പുറത്തിറക്കുന്നത്. ഏതായാലും പല ചാനലുകളും കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിലാണെന്നതാണ് വസ്തുത.

മീഡിയവണിന്റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ ചാനൽ തത്സമയ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ സംപ്രേഷണം വിലക്ക് രണ്ട് ദിവസത്തേക്കാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് മരവിപ്പിച്ചത്. ഈ കാലാവധി ഇന്ന് തീരും. സംപ്രേഷണ വിലക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയ ഹൈക്കോടതി, ഹരജി വീണ്ടും പരിഗണിക്കാനായി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സുരക്ഷാ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും സംപ്രേഷണം തൽകാലം നിർത്തിവെക്കുകയാണെന്നുമായിരുന്നു എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചത്. രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.