കോഴിക്കോട്: ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ ലേഔട്ട് പരിഷ്‌ക്കരണം മാതൃഭൂമി പത്രം ഭാഗികമായി പിൻവലിച്ചു.മാധ്യമത്തിനെയും തേജസിനെയും അനുകരിക്കുന്ന രീതിയിലേക്ക് മാതൃഭൂമിയുടെ രൂപംമാറ്റിയെന്ന വായനക്കാരുടെ വിമർശനത്തെ തുടർന്നാണ് നടപടി.വായക്കാരുടെ താൽപ്പര്യം കണക്കിലെടുത്ത് ഏതാനും മാറ്റങ്ങൾ രൂപകൽപ്പനയിൽ വരുത്തിയിട്ടുണ്ടെന്ന് ഒന്നാംപേജിൽ കൊടുത്ത മാതൃഭൂമി, ഇതുസംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ തങ്ങളെ അറിയിക്കണമെന്നും വായനക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

19ാം തീയതി ചൊവ്വാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി പത്രമാണ് പുതിയ മാറ്റം ഭാഗികമായി ഉപേക്ഷിക്കയാണെന്നവിവരം പത്രാധിപരുടെ അറിയിപ്പായി കൊടുത്തിരിക്കുന്നത്.മാതൃഭൂമിയുടെ വിഖ്യാതമായ പഴയ മാസ്റ്റ്‌ഹെഡ്ഡും ഇതോടൊപ്പം തിരിച്ചുവന്നിട്ടുണ്ട്.കൂടുതൽ മാറ്റങ്ങളെകുറിച്ച് പഠിക്കാൻ മുതർന്ന പത്രപ്രവർത്തകൾ അടങ്ങുന്ന കമ്മറ്റിയെ നിയോഗിക്കാനും മാതൃഭൂമി എഡിറ്റോറിയൽ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പത്രത്തിന്റെ ലേഔട്ട് മാറ്റിയത് വായനക്കാരിൽനിന്ന് കടുത്ത വിമർശത്തിന് ഇടയാക്കിയ സംഭവം 'മറുനാടൻ മലയാളി' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.മാതൃഭൂമിയുടെ വായനാസുഖം തീർത്തും കളഞ്ഞുകൊണ്ടുള്ള പുതിയ രൂപകൽപ്പന പ്രകാരം ഒറ്റനോട്ടത്തിൽ ഇത് മാധ്യമമാണോ,തേജസ് ആണോ എന്നൊക്കെയാണ് തോന്നിപ്പോവുക.ഈ രണ്ടുപത്രങ്ങളിലെയും ലേ ഔട്ട് പരിഷ്‌ക്കരിച്ച പ്രമുഖ ഡിസൈനർ സൈനുൽആബിദും കൂട്ടരും തന്നെയാണ് മാതൃഭൂമിയുടെ പുതിയ മുഖത്തിനും പിന്നിലുണ്ടായിരുന്നത്.

മുഖംമാറ്റത്തിൽ കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ രംഗത്തത്തെിയിരുന്നു.ദിനേനയുള്ള തെറിവിളി കാരണം പത്രഓഫീസിൽ ഫോൺ എടുക്കാൻ ജീവനക്കാർ പേടിക്കുന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. ഒരാഴ്ചക്കുള്ളിൽതന്നെ സർക്കുലേഷനിലും കാര്യമായ ഇടിവ് വന്നു. ഈ രീതിയിൽ മുന്നോട്ടുപോവാനാവില്‌ളെന്നും ലേഔട്ട്മാറ്റം പിൻവലിക്കണമെന്നും സർക്കുലേഷൻ വിഭാഗം ഔദ്യോഗികമായി അറിയച്ചതോടെയാണ് പരിഷ്‌ക്കരണം ഭാഗികമായി പിൻവലിച്ചത്.

പുതിയ മാറ്റത്തിൽ മാതൃഭൂമിയിലെ മുതിർന്ന പത്രപ്രവർത്തകരും അസ്വസ്ഥരായിരുന്നു.അടുത്തകാലത്തായി ഒരു തീരുമാനവും മാതൃഭൂമി ജീവനക്കാരുടെ അറിവോടെ എടുത്തിട്ടില്‌ളെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമിയുടെ ഡിസൈൻ പരിഷ്‌ക്കരിക്കണമായിരുന്നെങ്കിൽ കഴിവുള്ള എത്രയോ ആർട്ടിസ്‌ററുകൾ പത്രത്തിൽ ഉണ്ടെന്നിരിക്കെ, പുറമെയുള്ളവർക്ക് കരാർ കൊടുക്കയാണ് കമ്പനി ചെയ്തത്.ജീവനക്കാർക്ക് അഭിപ്രായം പറയാനുള്ള അവസരംപോലും കൊടുത്തില്ല.

ഇപ്പോൾ ഇത്രയേറെ പ്രതിഷേധം ഉണ്ടായതോടെയാണ്, എന്തുചെയ്യണമെന്ന് മുതിർന്ന ജേർണലിസ്റ്റുകളോട് അഭിപ്രായം ചോദിച്ചത്.പുതിയ പരിഷ്‌ക്കരണം പിൻവലിക്കണമെന്നുതന്നെയാണ് ജേർണലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. നേരത്തെ പ്രവാചക നിന്ദാ വിവാദത്തിൽപെട്ട മാതൃഭൂമിക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്.അത് ഒരുവിധത്തിൽ പരിഹരിച്ച് വരുന്നതിനിടെയാണ് സിനിമാ വിവാദം ഉണ്ടായത്.ദിലീപ് വിഷയത്തിൽ മാതൃഭൂമി പത്രവും ചാനലും അമിതമായി എഴുതിയെന്ന് പറഞ്ഞ് മാതൃഭൂമിക്ക് ഇപ്പോൾ സിനിമാ പരസ്യം കിട്ടുന്നില്ല.പ്രതിമാസം 20ലക്ഷംരൂപയുടെയെങ്കിലും വരുമാന നഷ്ടം ഇതുമൂലം മാതൃഭൂമിക്ക് ഉണ്ടായിട്ടുണ്ട്.

ഈ വരുമാന നഷ്ടം തുടരുന്നതിനിടെയാണ് ലേഔട്ട് വിവാദം ഉണ്ടായിരിക്കുന്നത്.ലക്ഷങ്ങൾ പൊടിച്ച് നടത്തിയ പരിഷ്‌ക്കരണം പാഴായിപ്പോയത് മാനേജ്‌മെന്റ് പിടിപ്പുകേടുതന്നെയാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.