തിരുവനന്തപുരം: മാതൃഭൂമി ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂർ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്. കൈരളി ടിവിയിൽ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് പരാതിക്കാരി. അറസ്റ്റ് ചെയ്ത അമലിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. അതിന് ശേഷം കോടതിയിൽ എത്തിച്ച് റിമാൻഡും ചെയ്തു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് യുവതി പരാതി നൽകിയത്. ഈ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടിയതോടെ അമലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും ചിലർ ശ്രമിച്ചു. എന്നാൽ അതിന് യുവതി തയ്യാറായില്ല. ഇതോടെയാണ് അറസ്റ്റ് അനിവാര്യമായത്. പീഡനക്കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ കടന്നാക്രമണം നടത്തിയ ചാനലാണ് മാതൃഭൂമി. അതുകൊണ്ട് തന്നെ ഈ അറസ്റ്റിനെ ചാനലും പത്രവും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിർണ്ണായകമാണ്.

ഏഷ്യാനെറ്റിലെ മുൻ അവതാരകനാണ് അമൽ വിഷ്ണുദാസ്. ഇവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു. 2015 ഡിസംബറിൽ അമൽ വിഷ്ണുദാസ് രോഗബാധിതനായി കോസ്മോപോളീറ്റൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയിൽ താൻ ആശുപത്രിയിൽ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയിൽ തനിച്ചായിരുന്ന ഇയാൾ താൻ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ബന്ധം ഡിവോഴ്സിലെത്തി നിൽക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാൾ പ്രേമാഭ്യർഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും യുവതി പറയുന്നു. തുടർന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോൺസെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു വെന്ന് യുവതി പരാതിയിൽ പറയുന്നു. ഇയാൾ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികിൽസക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

എന്നാൽ ഇയാൾ ഡിവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു വെന്നും ഇയാളുടെ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഓഫീസിലെ സീറ്റു പോലും തന്റെയടുത്ത് നിന്നും ഓഫീസിലെ മറ്റൊരു നിലയിലേക്ക് മാറ്റിയതായും യുവതി പറയുന്നു. പിന്നീട് നേരിൽ കണ്ട് സംസാരിച്ചപ്പോൾ പല സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും 48 വയസ്സുള്ള ഒരു സ്ത്രീയുമായി ഒരുവർഷത്തിലേറെയായി ലൈംഗിക ബന്ധമുണ്ടെന്നും പറഞ്ഞുവെന്നും യുവതി പരാതിയിൽ പറയുന്നു.

തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറയുന്നു.