തിരുവനന്തപുരം: സംഘടന പ്രവർത്തനം നടത്തിയതിന് മാദ്ധ്യമപ്രവർത്തകനെ മാതൃഭൂമിയിൽ നിന്നു പിരിച്ചുവിട്ടു. ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോട്ടയ്ക്കൽ മാതൃഭൂമി യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ സി നാരായണനെ പിരിച്ചുവിട്ടത്.

മാതൃഭൂമിക്കുവേണ്ടി പാലക്കാട് ജോലി നോക്കിയിരുന്ന നാരായണനെ നിസാര കാരണത്തിന്റെ പേരിൽ നേരത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. കേരള പത്രപ്രവർത്തക യൂണിയൻ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി നാരായണനെ പുറത്താക്കിയത്.

സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാരായണനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം തീയതി മാതൃഭൂമി കോഴിക്കോട് ഓഫീസിലേക്കു മാർച്ചു സംഘടിപ്പിക്കുമെന്ന് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ മറുനാടൻ മലയാളിയോടു പറഞ്ഞു. സമരത്തിന്റെയും നിയമത്തിന്റെയും മാർഗത്തിലൂടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി പത്രത്തിൽ മജീദിയ വേജ്‌ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ മാദ്ധ്യമപ്രവർത്തകനാണ് സി നാരായണൻ. വേജ്‌ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് കഴിഞ്ഞ മൂന്നുവർഷമായി മാതൃഭൂമി മാനേജ്‌മെന്റ് സ്ഥാപനത്തിലെ പത്രപ്രവർത്തക ജീവനക്കാരെ വേട്ടയാടുകയാണ്. പകപോക്കലിന്റെ ഭാഗമായി നാൽപതോളം പത്രപ്രവർത്തകരെ പലതവണയായി രാജ്യത്തിന്റെ വിദൂരദിക്കുകളിലേക്കും കേരളത്തിലെ കുഗ്രാമങ്ങളിലേക്കും സ്ഥലം മാറ്റി മാനേജ്‌മെന്റ് പീഡിപ്പിക്കുകയും ചെയ്തു. പത്രപ്രവർത്തകരുടെ ജനാധിപത്യ അവകാശങ്ങൾ മാനേജ്‌മെന്റ് ഹനിക്കുകയാണെന്നും പത്രപ്രവർത്തക യൂണിയൻ ചൂണ്ടിക്കാട്ടി.

ഇതിന്റെ ഭാഗമായാണ് നാരായണനെ ഡിസ്മിസ് ചെയ്തത്. മേലധികാരിയോട് അപമര്യാദയായി പെരുമാറി എന്ന കാരണം പറഞ്ഞാണ് ഏകപക്ഷീയമായ അന്വേഷണം നടത്തി പിരിച്ചുവിട്ടത്. ഈ അന്വേഷണത്തിൽ നാരായണൻ കുറ്റക്കാരനാണെന്നു സ്ഥാപിക്കാൻ മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് പിരിച്ചുവിടൽ നടപടിയുണ്ടായത്.

പത്രപ്രവർത്തക യൂണിയനെ അംഗീകരിക്കാൻ കൂട്ടാക്കാത്ത നിലപാടാണ് മാതൃഭൂമി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ സാഹചര്യത്തിൽ പത്രത്തിനെതിരെ ശക്തമായ പ്രതിഷേധവും ചെറുത്തുനിൽപ്പും നടത്താൻ യൂണിയൻ നിർബന്ധിതമായിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി എൻ പത്മനാഭനും പ്രസിഡന്റ് കെ പ്രേംനാഥും അറിയിച്ചു. പ്രക്ഷോഭത്തിലേക്ക് യൂണിയനെ വലിച്ചിഴച്ചത് മാനേജ്‌മെന്റാണ്. നാരായണന്റേതടക്കമുള്ള പ്രശ്‌നങ്ങളിൽ പരിഹാരം കാണുന്നതുവരെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കും. എല്ലാ ട്രേഡ് യൂണിയനുകളുടെയും ബഹുജന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും പത്രപ്രവർത്തകയൂണിയൻ അഭ്യർത്ഥിച്ചു.