കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിലേക്ക് ഈ മാസം 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മാതൃഭൂമിയിലെ ജേർണലിസ്റ്റുകൾക്ക് അപ്രഖ്യാപിത വിലക്ക്. യൂണിയന്റെ ചരിത്രത്തിൻ ആദ്യമായാണ് ഇത്തരമൊരു സംഭവം. സംസ്ഥാനജില്ലാ നേതൃത്വങ്ങളിലേക്ക് മാതൃഭൂമിയിൽ നിന്ന് ആരും മത്സരിക്കുന്നില്ല.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എംപി വീരേന്ദ്രകുമാർ നേരിട്ട് മാതൃഭൂമി ജേണലിസ്റ്റ് യൂണിയന് നേതാക്കൾക്കാണ് ഇങ്ങനെ നിർദ്ദേശം നൽകിയെന്നാണ് സൂചന. ഏറെക്കാലമായി മാതൃഭൂമി മാനേജ്‌മെന്റും പത്രപ്രവർത്തക യൂണിയനും തമ്മിൽ അകൽച്ചയിലാണ്. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ മാതൃഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട സി നാരായണൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ മാതൃഭൂമിക്കാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാനും വിലക്ക് വരുമെന്ന സൂചനയുണ്ട്. നിലവിൽ ജനറൽ സെക്രട്ടറിയായ എൻ പത്മനാഭന് എതിരെയാണ് നാരായണൻ മത്സരിക്കുന്നത്. മാദ്ധ്യമം കോഴിക്കോട് യൂണിറ്റിലെ പി.എ.അബ്ദുൾ ഗഫൂറാണ് നാരായണന്റെ പാനലിൽ പ്രസിഡന്റായി മൽസരിക്കുന്നത്. പത്മനാഭന്റെ പാനലിൽ മനോരമയിൽ നിന്നുള്ള ബോബിയും.

നാരായണന് എതിരെ വോട്ട് ചെയ്യണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെടുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാലും മാതൃഭൂമിയിലെ പത്രപ്രവർത്തകർ നാരായണന് വോട്ടുചെയ്യുമെന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരോട് വോട്ട ചെയ്യുന്നത് ബഹിഷ്‌കരിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹമെത്തുന്നത്. നേരത്തെ തന്നെ കെയുഡബ്ല്യൂജെയുമായുള്ള സഹകരണം മാതൃഭൂമി അവസാനിപ്പിച്ചിരുന്നു. പത്രപ്രവർത്തക യൂണിയന്റെ വാർത്തകളും നൽകുന്നില്ലായിരുന്നു. നാരായണനെ മാതൃഭൂമിയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട സമര പരിപാടികളിൽ കെയുഡബ്ല്യൂജെ സജീവമായതോടെയാണ് ഇത്. കെയുഡബ്ല്യൂജെയിൽ വിവാദം ശക്തമായപ്പോൾ മാത്രമായിരുന്നു നേതൃത്വത്തിന്റെ ഇടപെടലെന്ന മറുവാദവും സജീവമായി. ഇതിന്റെ പ്രതിഫലനമാണ് ജനറൽ സെക്രട്ടറിയായ പത്മനാഭനെതിരെ നാരായണന്റെ സ്ഥാനാർത്ഥിത്വം. ഇതോടുകൂടി തെരഞ്ഞെടുപ്പും ചൂടുപിടിക്കുകയാണ്.

കെയുഡബ്ല്യൂജെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ വിവിധ ജില്ലകളിൽ നാമനിർദ്ദേശ പത്രിക നല്കിയ മാതൃഭൂമിക്കാരാണ് വെട്ടിലായത്. അവരെല്ലാം പത്രിക പിൻവലിക്കുമെന്നാണ് സൂചന. മാതൃഭൂമിയിൽ നിന്ന് ആരും മൽസരിച്ചില്ലെങ്കിൽ ഒരാളും വോട്ടു ചെയ്യാൻ പോകില്ലെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. ആരും വോട്ടു ചെയ്യരുതെന്ന നിദേശവും പിന്നാലെ വന്നേക്കാം. അതിനിടെ വിലക്ക് മാറ്റാൻ നേതൃത്വത്തിൽ മാതൃഭൂമിയിലെ ഒരു വിഭാഗം സമ്മർദ്ദവും ചെലുത്തുന്നുണ്ട്. പുതിയ വേജ്‌ബോർഡ് നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ പത്രസ്ഥാപനങ്ങളുടെ മുന്നില് നടത്തിയ ധർണയില് പങ്കെടുത്തവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നാണ് യൂണിയൻ മാനേജ്‌മെന്റ് തർക്കം രൂക്ഷമായത്. 

സ്ഥലം മാറ്റത്തിനെതിരെ അന്നത്തെ യൂണിയന് നേതൃത്വം ഹൈക്കോടതിയിൽ കേസ് കൊടുക്കുകയും കേസ് ഫയലിൽ സ്വീകരിച്ച് വീരേന്ദ്രകുമാർ ഹാജരാകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ യൂണിയനിൽ പിന്നീട് വന്ന നേതൃത്വം അനുരഞ്ജനം പ്രതീക്ഷിച്ച് കേസ് പിൻവലിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാൽ ഒത്തുതീർപ്പ് ഉണ്ടായില്ലെന്നു മാത്രമല്ല, കേസ് പിൻവലിച്ചതിനെ തുടർന്ന് കൂടുതൽ സ്ഥലംമാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. വേജ് ബോർഡ് സമരകാലത്ത് മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ സെക്രട്ടറിയായിരുന്ന സി. നാരായണനെ സസ്‌പെന്റെ ചെയ്തു പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

നാരായണനെ പിരിച്ചുവിടുന്നതിനെ പ്രതിരോധിക്കാന് യൂണിയന് കഴിഞ്ഞില്ലെന്ന് ആരോപിച്ച് ജനറൽ സെക്രട്ടറി പത്മനാഭനെതിരെ വിമർശനം ഉയർന്നു. ഇതേ ചൊല്ലി മെയിലുകളിലൂടെ തർക്കവും ഉണ്ടായി. ചിലർ സംസ്ഥാന സമിതിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് പ്ത്മനാഭനെതിരെ മത്സരിക്കാൻ നാരായണനെ തന്നെ ഇറക്കുന്നത്.