തിരുവനന്തപുരം: ലോകത്ത് മനുഷ്യൻ രണ്ടു സേവനങ്ങൾക്കു വിലപേശാറില്ല, മരുന്നിനും വിദ്യാഭ്യാസത്തിനും. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം കൊയ്യാൻ കഴിയുന്ന വിദ്യാഭ്യാസത്തെ, കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി സൗജന്യമായി നൽകുന്ന ഒരു സ്ഥാപനമുണ്ട് തലസ്ഥാന നഗരിയിൽ. 'മാതൃക സൗജന്യപഠനകേന്ദ്രം'. ലോകത്തു കൊടുക്കുന്തോറും ഏറിടുന്ന ഒന്നേയുള്ളൂ, അതു വിദ്യാഭ്യാസമാണെന്നു തലമുറകൾ നൽകിയ പാഠം ഇന്നും നെഞ്ചോടുചേർത്താണ് പി.എസ്. ഗോപകുമാർ എന്ന പൊതുപ്രവർത്തകൻ പ്രധാന അദ്ധ്യാപകനും ഇരുപത്തഞ്ചോളം വരുന്ന അഭ്യസ്തവിദ്യരും ചേർന്നു നയിക്കുന്ന തിരുവനന്തപുരം മുട്ടത്തറയിലെ ഈ വിദ്യാകേന്ദ്രം. മുട്ടത്തറയിലും പരിസരപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പഠനത്തിന് ആവശ്യമായതെല്ലാം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1982-ൽ 'മാതൃക' ജനിക്കുന്നത്. പിന്നീട് നാടറിഞ്ഞു, ഇത് എല്ലാവർക്കും ഒരു മാതൃകയാണെന്ന്.

അഞ്ചാം ക്ലാസ്് മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വിദ്യാർത്ഥികളിൽനിന്ന് ഒരു രൂപ പോലും ഫീസായി ഈടാക്കുന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പ്രഥമാദ്ധ്യാപകനായ പി.എസ്.ഗോപകുമാർ പറയുന്നു. ' വെറുമൊരു ട്യൂഷൻ സെന്റർ എന്നതിലുപരി, വിദ്യാർത്ഥികളെ ശരിക്കും രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. പല സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് എത്തുന്നത്. എല്ലാവരെയും ഒരേ രീതിയിൽ പരിഗണിക്കാനാവില്ല. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുകയാണ് ചെയ്യുക. ഇത് ഞങ്ങൾക്ക് സേവനം തന്നെയാണ്.

ഇവിടെ പഠിപ്പിക്കാനെത്തുന്നവർക്ക് ആർക്കും ശമ്പളമില്ല. സർക്കാർ ജീവനക്കാരും ഉയർന്ന യോഗ്യതയുള്ള യുവതലമുറയുമാണ് 'മാതൃകയിലെ മാതൃക'. ഇവിടെ അദ്ധ്യാപകരായ സർക്കാർ ജീവനക്കാർ സ്ഥാപനത്തിന്റെ നടത്തിപ്പിനായി അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കാറുണ്ട്. അഞ്ചുമുതൽ ഹയർസെക്കൻഡറി വരെ മുന്നൂറിലധം കുട്ടികളാണ് പഠിക്കുന്നത്. രാവിലെ 6.30 മുതൽ 8 മണിവരെയും വൈകി്്ട്ട് 4.45 മുതൽ രാത്രി ഒമ്പതു മണിവരെയുമാണ് ക്ലാസുകൾ. സ്ഥാപനത്തിന്റെ തുടക്കം മുതൽ തന്നെ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കാറില്ല. മാസം അയ്യായിരം രൂപയോളം ചെലവ് വരാറുണ്ട്.

ഒട്ടേറെ പ്രതിസന്ധികൾ കടന്നാണ് മാതൃക ഇന്ന് തലയുയർത്തി നിൽക്കുന്നത്. 33 വർഷങ്ങൾക്കു മുമ്പു സ്ഥാപനം ആരംഭിക്കുമ്പോൾ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലു വരെയുള്ള വിദ്യാർത്ഥികളെ ഒഴിവാക്കി. കുട്ടികളുടെ പഠനത്തിലുപരി, അവരുടെ കലാ, കായിക അഭിരുചികൾക്ക് താങ്ങാകുക എന്ന ലക്ഷ്യം കൂടി മാതൃകയ്ക്കുണ്ട്. ഇത്തവണ മാതൃകയിൽനിന്ന് എസ്.എസ്.എൽ.സിക്ക് 35 വിദ്യാർത്ഥികളും ഹയർസെക്കൻഡറിക്ക് 30 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നുത്. വർഷങ്ങളായി നൂറുമേനി വിജയം കടന്നു വരുന്ന ഈ സരസ്വതിക്ഷേത്രം ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഇവിടെനിന്നു പഠിച്ച് ഉന്നതബിരുദങ്ങൾ നേടിയ ശേഷം മാതൃകയിൽ തന്നെ അദ്ധ്യാപകരായി തിരിച്ചെത്തുമെന്ന സവിശേഷത കൂടി ഈ സ്ഥാപനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇവടെ പഠിച്ച് മികച്ച ജോലി വാങ്ങിയ വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്.

വിദ്യാഭ്യാസം സൗജന്യമായതു കൊണ്ട്് അച്ചടക്കവും ജാഗ്രതയും ഇവിടെ അൽപം കൂടും. വിദ്യാർത്ഥികളുടെ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും മാതൃകയിലെ അദ്ധ്യാപകർ തയ്യാറാകില്ലെന്ന് പി.എസ്. ഗോപകുമാർ  പറയുന്നു. എന്തെങ്കിലും സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് ഒരു വർഷം 50 രൂപ സ്വീകരിക്കാറുണ്ട്. സ്ഥാപനത്തിൽ ചേർന്നുപഠിക്കണം എന്ന ആഗ്രഹവുമായി നിരവിധി വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും എത്താറുണ്ട്. സ്ഥലപരിമിതിയാണ് അവരുടെ ആഗ്രഹങ്ങൾക്കു തിരിച്ചടിയാകുന്നത്. വികസനം മുട്ടത്തറയുടെ പടിക്കു പുറത്തു നിന്ന കാലത്തു പഠിച്ചു ജോലി വാങ്ങുക എന്ന ലക്ഷ്യം ഇവിടെയുള്ളവർക്ക് അന്യമായിരുന്നു. നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കുറച്ചുപേരുടെ സ്വപ്‌നങ്ങളാണ് ഇന്ന് മാതൃക സൗജന്യ പഠനകേന്ദ്രം.