ന്യൂയോർക്ക്; ഭരതന്റെ മമ്മൂട്ടി ചിത്രമാണ് അമരം. മകളെ നല്ലവഴിക്കെത്തിക്കാൻ രാപകൽ അധ്വാനിക്കുന്ന അരയനായ അച്ഛന്റെ കഥ പറഞ്ഞ സിനിമ. അച്ഛനായി മമ്മൂട്ടി അരങ്ങു തകർത്തപ്പോൾ പ്രേക്ഷക മനസ്സിൽ നൊമ്പരമായി മകളായി അഭിനയിച്ച മാതുവും നിറഞ്ഞു. പിന്നെ മലയാള സിനിമയിൽ മാതുവിന് കൈനിറയെ ചിത്രങ്ങൾ കിട്ടി. അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക്. എന്നാൽ ആദ്യ വിവാഹം നടിക്ക് അധിക കാലം മുന്നോട്ട് കൊണ്ടു പോകാനായില്ല.

ഇപ്പോൾ മാതു വീണ്ടും വിവാഹിതയായിരിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. മുൻപ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്. നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്‌മെന്റിൽ ഡാൻസ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. വിവാഹത്തിനു മുൻപേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

അമരത്തിലെ മമ്മൂട്ടിയുടെ മകളായ രാധയെന്ന മുത്ത് മലയാളികളുടെ മുത്തായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. 17 വർഷം മുമ്പ് സിനിമയോട് വിടപറഞ്ഞ മാതു ഇന്നും മുത്തായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. 1999 ൽ അമേരിക്കയിൽ സെറ്റിൽഡ് ആയ ഡോ. ജേക്കബിനെയാണ് മാതു വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നെങ്കിലും ആ ബന്ധം അധികനാൾ മുന്നോട്ടു കൊണ്ടു പോവാൻ മാതുവിനായില്ല. അമരം സിനിമയ്ക്ക് ശേഷമാണ് താരം ക്രിസ്തു മതം സ്വീകരിക്കുന്നത്. അതിനു ശേഷം അവർ മീന എന്ന പേരു സ്വീകരിക്കുകയായിരുന്നു. അതിനു ശേഷമായിരുന്നു വിവാഹം. ഇപ്പോഴും മാതു ക്രിസ്തു മത വിശ്വാസിയാണ്.

ചെന്നൈ സ്വദേശികളായ വെങ്കിടിന്റേയും ശാന്തമ്മയുടേയും മകളായി ജനിച്ച മാതു ബാലതാരമായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ഡോക്ടർ ആവാനായിരുന്നു മാതുവിന് ആഗ്രഹം. ചേച്ചി സരളയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സഹോദരൻ മധു യുറേക്ക ഫോബ്സ് ലിമിറ്റഡിൽ ജോലി ചെയ്യുന്നു. കന്നട സിനിമയിലാണ് ആദ്യ കാലങ്ങളിൽ അവർ ബാലതാരമായി തിളങ്ങിയത്.

അമ്മയുടെ കസിൻ ആയ ശൈലജയും അച്ഛൻ വെങ്കിടും ഒക്കെ സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. കന്നഡയിലെ സന്നാധി അപ്പനാണ് മാതുവിന്റെ ആദ്യ സിനിമ. ബാലതാരത്തിനുള്ള കർണാടക സർക്കാരിന്റെ അവാർഡും ഈ സിനിമയിലൂടെ അവരെ തേടിയെത്തി. പിന്നീട് ഗീതയുടേയും രജനീകാന്തിന്റേയും കൂടെ ഭൈരവി എന്ന ചിത്രത്തിലും അഭിനയിച്ചു.

നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിന്റെ സ്വന്തമാവുന്നത്. കൂടുതലും നാടൻ വേഷങ്ങളിലായിരുന്നു അവർ പ്രത്യക്ഷപ്പെട്ടത്. സെറ്റുമുണ്ടും പട്ടുപാവാടയും ധരിച്ചെത്തുന്ന മലയാളത്തനിമയുള്ള വേഷങ്ങളോടാടിരുന്നു മാതുവിനും താത്പര്യം. തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചു.

കുട്ടേട്ടൻ, അമരം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പം സദയം എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ തുടർക്കഥ, സവിധം, ആയുഷ്‌കാലം, ഏകലവ്യൻ, തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ന്യൂയോർക്കിൽ നൃത്താഞ്ജലി ഡാൻസ് അക്കാദമി നടത്തുന്നു.