- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങും മുമ്പ് പിണറായിയുടെ കടുംവെട്ട്! സർക്കാർ-സഹകരണ സ്ഥാപനങ്ങളിൽ പിഎസ് സി വിജ്ഞാപനം നിലനിൽക്കേ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തകൃതി; സ്ഥിര നിയമനം കിട്ടുന്നവരെല്ലാം സഖാക്കൾ; മത്സ്യഫെഡിൽ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് 90 ജീവനക്കാരെ; മറ്റിടങ്ങളിലും സമാന നീക്കം
കൊച്ചി: മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറങ്ങു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ വൻ കടുംവെട്ട് നടത്താൻ ഒരുങ്ങുകയാണ്. താൽക്കാലിക ജീവനക്കാരെ ചട്ടംമറികടന്ന സ്ഥിരപ്പെടുത്താനുള്ള ഊർജ്ജിത നീക്കമാണ് നടക്കുന്നത്. നിലവിൽ പിഎസ് സി നിയമിക്കാൻ ഒരുങ്ങവേയാണ് വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥരിപ്പടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നത്. കൺസ്യൂമർ ഫെഡ്, ഹാന്റക്സ്, മാർക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ അടക്കം ഈ നീക്കം നടക്കുന്നുണ്ട്.
മത്സ്യഫെഡിൽ നടത്തുന്ന ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. താൽക്കാലിക ജീവനക്കാരെ ചട്ടം മറികടന്നു സ്ഥിരപ്പെടുത്താൻ മത്സ്യഫെഡും ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. കഴിഞ്ഞ മാർച്ച് 31ന് 10 വർഷം പൂർത്തിയാക്കിയ 90 ജീവനക്കാരെ സ്ഥിരപ്പെടുത്താനാണു മത്സ്യഫെഡ് എംഡി സർക്കാരിനോടു ശുപാർശ ചെയ്തത്. ധനകാര്യ സെക്രട്ടറിയുടെ അനുമതിയോടെ ഈ ഫയൽ ഇപ്പോൾ വകുപ്പു മന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം അടുത്ത മന്ത്രിസഭാ യോഗം കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
13 തസ്തികകളിലായാണു 90 പേരുടെ പട്ടിക സ്ഥിരപ്പെടുത്തലിനായി നൽകിയത്. ഇതിൽ നിയമനച്ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട 12 തസ്തികകളിൽ 88 ജീവനക്കാരും അംഗീകാരമില്ലാത്ത തസ്തികയിൽ 2 പേരുമാണുള്ളത്. അംഗീകാരമില്ലാത്ത എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരനിയമനം നൽകാനാണു ശുപാർശ. ഒറ്റയടിക്ക് ഇത്രയും പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ തുനിയുമ്പോൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവരാണ് വെട്ടിലാകുക.
സ്ഥിരപ്പെടുത്തൽ നടത്താൻ ശ്രമിക്കുന്ന പല തസ്തികകളിലെയും ഒഴിവുകളിലേക്കു പിഎസ്സി വിജ്ഞാപനം വന്നിട്ടുണ്ട്. ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നതിലൂടെ പിഎസ്സി നിയമനത്തിനു ശ്രമിക്കുന്ന ഉദ്യോഗാർഥികളുടെ അവസരം കുറയുമെങ്കിലും വിചിത്രമായ ന്യായമാണു മത്സ്യഫെഡ് നിരത്തുന്നത്. സ്ഥിരപ്പെടുത്തൽ ശുപാർശ സർക്കാരിനു സമർപ്പിച്ച 2020 ഒക്ടോബർ 20 വരെ പിഎസ്സി വിജ്ഞാപനം വന്നിരുന്നില്ലെന്നും നവംബർ 16നാണു പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നുമാണു പ്രധാന വാദം.
പിൻവാതിൽ വഴിയെത്തുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ കൂട്ടുപിടിക്കുന്നത് ഉമാദേവി കേസിലെ വിധിയെയാണെങ്കിലും ഇതിലെ പ്രധാന നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണെന്നതാണു വസ്തുത. ഈ കേസിൽ വിധി വന്ന 2006 ഏപ്രിൽ 10ന് മുൻപു 10 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയവരെ മാത്രമേ സ്ഥിരപ്പെടുത്താവൂ എന്ന പ്രധാന നിർദേശ പ്രകാരം തന്നെ സർക്കാർ നീക്കം നിയമവിരുദ്ധമാണ്. മറ്റൊരിടത്തും ഈ വിധിയുടെ ചുവടുപിടിച്ചു സ്ഥിരപ്പെടുത്തൽ നടത്തരുതെന്ന സൂചനയും കണ്ടില്ലെന്നു നടിക്കുന്നു.
നേരത്തെ മത്സ്യഫെഡിൽ സ്പെഷൽ റൂൾ മറികടന്ന്, നിർദിഷ്ട യോഗ്യത ഇല്ലാത്തവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അനധികൃത നിയമനങ്ങൾ പാടില്ലെന്ന ഫിഷറീസ് രജിസ്റ്റ്രാറുടെ ഉത്തരവ് നിലനിൽക്കെയാണു ഈ നടപടിയിലേക്ക് മത്സ്യഫെഡ് കടന്നതും. 1995ൽ തന്നെ സ്പെഷൽ റൂൾ രൂപീകരിച്ചു നിയമനം പിഎസ്സിക്കു വിട്ട സ്ഥാപനമാണു മത്സ്യഫെഡ്. സ്പെഷൽ റൂളിൽ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത തസ്തികയാണു ജൂനിയർ എക്സിക്യൂട്ടീവ്. അക്കൗണ്ടന്റ് മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ പിഎസ്സി മുഖാന്തിരം നേരിട്ടുള്ള നിയമനത്തിന് എംകോം ആണു യോഗ്യത. എന്നാൽ താൽക്കാലിക നിയമനത്തിനുള്ള യോഗ്യത ബികോമും. പുതുതായി തസ്തികകൾ സൃഷ്ടിക്കുകയോ സർക്കാരിന്റെ അനുമതി തേടുകയോ ചെയ്തിട്ടുമില്ല.
അതേസമയം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ എൽ ഡി ക്ലാർക്കിന് സമാനമായ തസ്തികകളിലേക്കുള്ള ഒഴിവുകൾ കാറ്റഗറി നമ്പർ 225/2017 പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നികത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇത് ഗൗനിക്കാതെയാണ് സർക്കാർ കരാർ അടിസ്ഥാനത്തിൽ എടുത്ത ജീനക്കാരെ സ്ഥിരപ്പെടുത്തുന്നത്. അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ എൽ ഡി ക്ലാർക്ക്/ക്ലാർക്ക്/ ജൂനിയർ അസിസ്റ്റന്റ്/മറ്റ് സമാന തസ്തികയുടെ പി എസ് സി പൊതു റാങ്ക് ലിസ്റ്റ് നിലവിൽ വന്നു ഒരു വർഷം ആകാറായിട്ടും ഹാന്റക്സ്, മാർക്കറ്റ് ഫെഡ്, റബർമാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് 22 നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
നിലവിൽ കേരളത്തിൽ ഇരുപതോളം അപെക്സ് സഹകരണ സ്ഥാപനങ്ങളുള്ളതിൽ ഒട്ടു മിക്ക സ്ഥാപനങ്ങളും ഒഴിവുകൾ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. നിലവിലുള്ള ഒഴിവുകളിൽ താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത മത്സ്യഫെഡ്, കയർഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പി എസ് സി വേറെ നോട്ടിഫിക്കേഷൻ ഇറക്കി നിയമനം നടത്താൻ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും. ഇത് പിഎസ് സി ജോലി പ്രതീക്ഷിക്കുന്നവരുടെ നെഞ്ചത്തടിക്കുകയാണ് ശരിക്കും ചെയ്യുന്നത്.
മത്സ്യഫെഡ് റിപ്പോർട്ട് ചെയ്തിട്ടുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിയമനം നടത്താതെ 90 തസ്തികകളിൽ താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം നടക്കുന്നതിൽ കടുത്ത എതിർപ്പാണ് ഉദ്യോഗാർഥികളിൽ നിന്നും ഉയരുന്നത്. മാസങ്ങളോളം കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടും ഞങ്ങൾക്ക് ജോലി കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളിൽ പലരും ഇനിയൊരു പി എസ് സി പരീക്ഷ എഴുതുവാൻ പ്രായ പരിധി കഴിഞ്ഞവരാണ്. ഇവരുടെ തൊഴിൽ സ്വപ്നങ്ങൾക്ക് മേലാണ് പിൻവാതിൽ നിയമനങ്ങൾ വാതിലടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ