കൊച്ചി: വ്ളോഗർ മട്ടാഞ്ചേരി മാർട്ടിനുമായി സമൂഹ മാധ്യമത്തിൽ കഞ്ചാവ് ചർച്ച നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കൗൺസിലിങ് നടത്തണമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പൊലീസ് നിർദ്ദേശം നൽകി. മുൻപ് മറ്റൊരു കേസിലും പിടിയിലായ പെൺകുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് പൊലീസ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ നേരിൽ കാണുകയും കൗൺസിലിങ്ങിനായി കൊണ്ടു പോകുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

തൃശൂർ ജില്ലയിലുള്ള പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങളിലെ കഞ്ചാവ് ചർച്ച ശ്രദ്ധയിൽപെട്ടതോടെ തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യാ ഡോങ്റെ ഐ.പി.എസാണ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കണമെന്ന് നിർദ്ദേശം നൽകിയത്. കൂടാതെ എക്സൈസ് സംഘം പെൺകുട്ടിയെ ഇന്ന് നേരിൽ കാണും. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പെൺകുട്ടിയും മട്ടാഞ്ചേരി മാർട്ടിൻ എന്നറിയപ്പെടുന്ന ഫ്രാൻസിസ് നെവിൻ അഗസ്റ്റിനും ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി കഞ്ചാവ് ചർച്ച നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പെൺകുട്ടി തന്നെ സ്‌ക്രീൻ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നും അതിന് ശേഷമാണ് ദൃശ്യങ്ങൾ പുറത്തായതെന്നുമാണ് പെൺകുട്ടി പറയുന്നത്. വീഡിയോയിലെ സംഭാഷണത്തിൽ നിന്നും പെൺകുട്ടി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിനാൽ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റാനും ആലോചനയുണ്ട്.

സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ വിദ്യാർത്ഥിനിക്കു പൊകയടിക്കാൻ സാധനം കിട്ടുന്ന സ്ഥലങ്ങൾ നിർദ്ദേശിക്കുകയും ഒരുമിച്ചു ലഹരി നുണയാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാർട്ടിനെക്കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ കൊച്ചി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാജിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ വി എസ് പ്രദീപും സംഘവും ചേർന്നുനടത്തിയ അന്വേഷണത്തിലാണു കഞ്ചാവുമായി ഇയാളെ പിടികൂടിയത്.

കുറഞ്ഞ അളവിലുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. എങ്കിലും സമൂഹ മാധ്യമത്തിൽ തെറ്റായ പ്രചരണം നടത്തിയതിനാൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാർട്ടിനു കഞ്ചാവ് ലഭിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവ് വലിക്കുന്ന വിധം വ്യക്തമാക്കുകയും ഒപ്പം ആസ്വദിച്ചു വലിക്കുകയും ചെയ്യുന്ന വീഡിയോ ചാറ്റും പുറത്തുവന്നിട്ടുണ്ട്.

ഈ ചാറ്റിലും ഒരു യുവതിയെ കാണാം. ഇവർ ഏറെ ശ്രദ്ധയോടെ മാർട്ടിന്റെ ചലനങ്ങൾ വീക്ഷിക്കുന്നുണ്ട്. ഒടുവിൽ പല്ലു തേയ്‌ച്ചോ എന്നു യുവതി ചോദിക്കുമ്പോൾ ഇല്ലന്നു മാർട്ടിൻ മറുപടി നൽകുന്നുണ്ട്. ഈ സമയത്ത് ലഹരി തലയ്ക്കു പിടിച്ച രീതിയിലുള്ള ഇയാളുടെ ഭാവപ്രകടനവും വീഡിയോയിൽ കാണാം. ആദ്യം പുറത്തുവന്ന വീഡിയോയിൽ പ്ലസ്ടു വിദ്യാർത്ഥിനിയോടു കഞ്ചാവ് ലഭിക്കാൻ ഫോർട്ട്‌കൊച്ചിയിലേക്കോ കോതമംഗലത്തേക്കോ പോകാൻ വ്‌ളോഗർ നിർദ്ദേശിക്കുന്നുണ്ട്.

പ്ലസ്ടു വിദ്യാർത്ഥിനിയോടു കഞ്ചാവ് വലിക്കുന്നതിന്റെ ഗുണത്തെപറ്റിയും കഞ്ചാവ് ലഭിക്കുന്ന സ്ഥലങ്ങളെ പറ്റിയുമാണു വിശദമായി പറഞ്ഞു കൊടുക്കുന്നത്. വ്‌ളോഗറുടെ ഇൻസ്റ്റാ ഗ്രാം പേജിലെ ലൈവിലാണു സംഭാഷണം നടന്നിരിക്കുന്നത്. സംഭാഷണത്തിൽ നിന്നും പെൺകുട്ടി ഒരു ആർമി ഉദ്യോഗസ്ഥന്റെ മകളാണെന്നു വ്യക്തം. തൃശൂരാണ്.. എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ സംസാരിക്കുന്നത് ആൺകുട്ടിയോടൊ പെൺകുട്ടിയോടോ എന്നറിയാതെയാണു നവീൻ സംസാരിച്ചു തുടങ്ങിയത്. ഒപ്പം രണ്ടുപേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അവർ ഗ്രൂപ്പ് ചാറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നുണ്ട്.

പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്‌ളോഗർക്കും അതിശയം. എന്തൊക്കെയാണു പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിനു പൊകയടിയാണെന്നു വ്‌ളോഗർ. മുഴുവൻ സമയവും പുകയടിയാണെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. തിരിച്ചുള്ള ചോദ്യത്തിനു മറുപടിയും അതുതന്നെ.. പ്ലസ്ടു കഴിഞ്ഞു.. ഇപ്പം ബോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു..വേറെ എന്തു പരിപാടി.. എന്നു പെൺകുട്ടി. വ്‌ളോഗർ ഈ സമയമൊക്കെ പൊകച്ചു കൊണ്ടാണു സംസാരിക്കുന്നത്.

സമൂഹ മാധ്യമത്തിൽ ഇത്തരത്തിലുള്ള വീഡിയോ പങ്കു വയ്ക്കുകയോ പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവനർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസും എക്സൈസും അറിയിച്ചു.