ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് കുട്ടിയുടെ അമ്മയെ വിളിക്കുന്നത്. മകൾ ഇന്നെവിടെപ്പോയതാണെന്ന ചോദ്യത്തിന് പരീക്ഷക്ക് പോയതാണെന്ന് അമ്മയുടെ സ്വാഭാവിക മറുപടി. എന്നാൽ മകൾ പരീക്ഷക്ക് പോയതല്ല ഫോർട്ട് കൊച്ചിയിൽ ബീച്ചിന്റെ ഒരു മൂലയിൽ ഒരു യുവാവുമായി കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു എന്ന് പൊലീസുകാരൻ പറഞ്ഞു.

ഞങ്ങൾ പിടിച്ചു. പിടിച്ച് ചോദ്യം ചെയ്തു. വെൽഡിങ് പണിക്ക് പോകുന്ന കണ്ടാലറയ്ക്കുന്ന ഒരുത്തന്റെ കൂടെയായിരുന്നു. രക്ഷിതാക്കൾ പെൺകുട്ടികൾ പോകുന്നത് എവിടേക്കെന്ന് കൃത്യമായി അന്വേഷിച്ചുകൊണ്ടിരിക്കണം. പതിനാറു വയസുള്ള പെമ്പിള്ളേര് ഈ ഫോർട്ടുകൊച്ചിയിലൊക്കെ വന്നിട്ട് കഞ്ചാവടിച്ച് ഇരിക്കുന്നവരുടെ ഇടയിലാണ് വന്നിരിക്കുന്നത്. എനിക്കൊരു മകളുള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ ഇനിഷ്യേറ്റീവെടുത്ത് വിളിക്കുന്നത്.

അവനെ പിടിച്ചുനിർത്തി അവളെ പറഞ്ഞുവിട്ടു. അവനെ ഒരു മണിക്കൂർ കഴിഞ്ഞിട്ടാണ് വിട്ടത് എന്നുകൂടി പറയുമ്പോൾ അമ്മ എന്തൊരു കഷ്ടമാണെന്നു പറഞ്ഞ് കരയുന്നു. വിഷമിക്കേണ്ടകാര്യമില്ലെങ്കിലും നിങ്ങൾ ശ്രദ്ധിക്കണം. ഞങ്ങൾ പൊലീസുകാർ ഇതൊക്കെ ചെയ്യുമ്പൊ, എന്നും കുറ്റം കേൾക്കാൻ വിധിയുള്ളവരാണ്. പക്ഷെ ഞങ്ങൾക്കുമുണ്ട് കുടുംബം. ഞങ്ങൾക്കുമുണ്ട് കുട്ടികൾ. അതുകൊണ്ട് കുട്ടികൾ ഇങ്ങനെ വഴിതെറ്റി പോകുന്നത് കാണുമ്പൊ ഞങ്ങൾക്ക് സങ്കടമാണ്. ഞങ്ങൾ ഇടപെടുമ്പോൾ പൊലീസ് എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നതെന്ന് ചോദിക്കും. ഞങ്ങൾ നോക്കുമ്പൊ അവനും അവളും കൂടി കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പൊലീസുകാരൻ അമ്മയോട് പറയുന്നുണ്ട്.

സാറിനെ ഞങ്ങളൊരിക്കലും കുറ്റം പറയില്ല. നല്ല അടികൊടുക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്ന വീട്ടമ്മയോട് തല്ലാനുള്ള റൈറ്റൊന്നും ഞങ്ങൾക്കില്ല മാഡം എന്നായിരുന്നു പൊലീസുകാരന്റെ മറുപടി. എന്റെ മകൾ പ്ലസ് വണിന് പിടിക്കുകയാണ്. ഇന്നൊരുപാട് കുട്ടികളെ ഇതുപോലെ ഞങ്ങൾ പിടിച്ചു. സ്‌കൂൾ യൂണിഫോമിൽ ഫോർട്ട്കൊച്ചിയിൽ കരിങ്കല്ലിന്റെ ഇടയിലും മറ്റുമായി ഇരിക്കുകയാണ്. ഇതിൽ കുട്ടികളെ മാത്രം കുറ്റംപറയാൻ പറ്റില്ല.

അവരുടെ പ്രായത്തിനനുസരിച്ച് അവർ പലതുംകാണിക്കും. പക്ഷെ നമ്മളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികൾ ക്ലാസിൽ പോകുന്നുണ്ടോ എത്തുന്നുണ്ടോ എന്നതെല്ലാം അന്വേഷിക്കേണ്ടത് രക്ഷിതാവിന്റെ ചുമതലയാണ്. അവളോട് കാര്യങ്ങൾ ചോദിക്കണം, കൃത്യമായി നിരീക്ഷണം. നിങ്ങളുടെ ഫോണിൽ നിന്നാണ് അവൾ അവനുമായി ബന്ധപ്പെട്ടിരിക്കുന്നത്. രാവിലെ മിസ് കോൾ കൊടുക്കുന്നു അവൻ തിരിച്ചു വിളിക്കുന്നു അവർ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നു. അതാണ് സംഭവിച്ചത്.

ഇനി വരുന്നത് വെക്കേഷനാണ്. കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കും മാതാപിതാക്കൾ ജോലിക്ക് പോകും. വീട്ടിലേക്ക് വരെ ആൺകുട്ടികളെ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. കൂട്ടുകാരിയുടെ വീട്ടിലോ ബന്ധുക്കളുടെയോ ഒക്കെ വീടുകളിൽ പോകണമെന്ന് പറഞ്ഞ് പോകുന്നത് പലപ്പോഴും ഇവമ്മാരെ കാണാനായിരിക്കും. സൂക്ഷിക്കണം.

നിങ്ങൾ ചെയ്യേണ്ടത് വളരെ കർക്കശമായി കുട്ടികളെ ശ്രദ്ധിക്കണം. ഞാനൊരച്ഛനാണ്, എനിക്കൊരു മകളുള്ളതുകൊണ്ട് എനിക്ക് നല്ല വിഷമമുണ്ട്. ഇങ്ങനത്തെ കാര്യങ്ങളിൽ പെട്ടാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് മക്കളെ പറഞ്ഞ് മനസിലാക്കണം.