കണ്ണൂർ: കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മട്ടന്നൂർ നഗരസഭ. മുഴുവൻ ബൂത്തുകളിലും വെബ് ക്യാമറ സ്ഥാപിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ആകെയുള്ള 35 വാർഡുകളിൽ 31 ഉം പ്രശ്ന സാധ്യതാ വാർഡുകൾ. പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മട്ടന്നൂരിൽ ഇത്തരം ഒരുക്കങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. മുഴുവൻ ബൂത്തുകളിലും വീഡിയോ ക്യാമറ ഉപയോഗിച്ച് തത്സമയം വോട്ടിങ് സംവിധാനം പകർത്താനും ഒരുക്കൾ പൂർത്തിയായി.

ഇത്രയേറെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന ആദ്യ നഗരസഭ തെരഞ്ഞെടുപ്പ് എന്ന ഖ്യാതിയും മട്ടന്നൂരിന് സ്വന്തം. 165 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. 28 പേരെ റിസർവ്വ് ആയും നിർത്തിയിട്ടുണ്ട്. എന്നാൽ വനിതകളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും പരമാവധി ഒഴിവാക്കിയിട്ടുണ്ട്. പത്തിൽ താഴെ സ്ത്രീകളെ മാത്രമെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളൂ.

മട്ടന്നൂർ നഗരസഭയിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ സാഹചര്യമെന്തെന്ന ചോദ്യമാണ് പൊതുവെ ഉയർന്നു വരുന്നത്. സംസ്ഥാനത്ത് തദ്ദേശ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം മട്ടന്നൂർ നഗരസഭാ പരിധിയിലെ ജനങ്ങൾ കാഴ്ചക്കാരാണ്. അതിന്റെ ചരിത്രം ഇങ്ങിനെ. ഒരു സർക്കാർ തീരുമാനം വരുത്തി വച്ച വിനയെ തുടർന്നാണ് മട്ടന്നൂരിൽ മാത്രമായി തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.

1990 ൽ മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തി. 91 ൽ യു.ഡി.എഫ്. അധികാരത്തിൽ വന്നപ്പോൾ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്തായി തരം താഴ്‌ത്തി. കാർഷിക പ്രദേശമത്തെ നഗരസഭ ആക്കിയാൽ ജനങ്ങൾക്ക് നികുതി ഭാരം ഉണ്ടാകുമെന്ന വാദത്തെ തുടർന്നായിരുന്നു അത്. എന്നാൽ വീണ്ടും പഞ്ചായത്താക്കിയ നടപടിയെ കോടതി വഴി സ്റ്റേ ചെയ്തു. ആറ് വർഷം മട്ടന്നൂർ നഗരസഭയോ പഞ്ചായത്തോ അല്ലാത്ത അവസ്ഥയിലായി. തദ്ദേശ തിരഞ്ഞെടുപ്പുകൾ വന്നപ്പോഴും മട്ടന്നൂർ മരവിച്ചു നിന്നു.

1997 ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ മട്ടന്നൂരിനെ മുൻകാല പ്രാബല്യത്തോടെ നഗരസഭയായി പ്രഖ്യാപിച്ചു. തുടർന്ന് ഓഗസ്റ്റ് മാസം ആദ്യ തെരഞ്ഞെടുപ്പും നടന്നു. അതനുസരിച്ച് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ പൊതു തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാൻ മട്ടന്നൂരിനായില്ല. അതിനായി ഇനി ഭരണഘടനാ ഭേദഗതി പാസാക്കുന്നതുവരെ മട്ടന്നൂരിൽ പ്രത്യേകമായി തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഓരോ തവണത്തെ ജനവിധിക്കും അഞ്ച് വർഷം പ്രാബല്യമുണ്ടാകുന്നതുകൊണ്ടു തന്നെ മട്ടന്നൂരിൽ പ്രത്യേകമായിതന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

ആദ്യ തിരഞ്ഞെടുപ്പിൽ 28 വാർഡുകളിൽ എൽ.ഡി.എഫ് 22, യു.ഡി.എഫ് ആറ് എന്നിങ്ങനെ ആയിരുന്നു കക്ഷിനില. 2012 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 20 സീറ്റും യു.ഡി.എഫിന് 13 സീറ്റും ലഭിച്ചു. ഇത്തവണ 35 വാർഡുകളാണുള്ളത്.

മട്ടന്നൂർ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് സിപഎമ്മിലെ ഇ.പി ജയരാജനാണ്. അതുകൊണ്ടു തന്നെ ഭരണം നിലനിർത്തേണ്ടത് സിപിഎമ്മിന്റെ അനിവാര്യതയാണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരട്ടിയിലേറെ സീറ്റ് വർദ്ധിപ്പിച്ചത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. ബിജെപി.യും മട്ടന്നൂരിൽ ശക്തമായി രംഗത്തുണ്ട്. പ്രശ്നബാധിത പ്രദേശമായ മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ഇപ്പോൾ സജീവ ചർച്ചാ വിഷയമായിരിക്കയാണ്.