കണ്ണൂർ: പാർട്ടി ഗ്രാമങ്ങളുടെ സംയോജനമാണ് മട്ടന്നൂർ നിയമസഭാ മണ്ഡലം എന്ന് വിശേഷിപ്പിച്ചാൽ അധികമാവില്ല. കണ്ണൂർ ജില്ലയിൽ സിപിഐ.(എം). ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം സമ്മാനിക്കുന്ന മൂന്ന് മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ. അതുകൊണ്ടു തന്നെ സിപിഐ.(എം). സുഭദ്രം എന്ന് വിശ്വസിക്കുന്ന മണ്ഡലങ്ങളിൽ ഈ മണ്ഡലവുമുണ്ട്. ഈസി വാക്കോവർ നേടി മണ്ഡലം പിടിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ഇടതുമുന്നണി പ്രവർത്തന രംഗത്ത് രണ്ടാം ഘട്ടം പിന്നിട്ടത്. മട്ടന്നൂരിൽ വന്ന പ്രധാന വികസനമാണ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ ഉത്ഘാടനം നടന്നില്ലെങ്കിലും പരീക്ഷണ പറക്കൽ കെങ്കേമമായി നടന്നു.

അതോടെ വിമാനത്താവളത്തെ ചൊല്ലി വിവാദങ്ങളും വളർന്നു. വിവാദങ്ങൾ തൊടുത്തു വിട്ടത് മട്ടന്നൂരിൽ ജനവിധി തേടുന്ന സിപിഐ.(എം). കേന്ദ്ര കമ്മിറ്റി അംഗവും എംഎ‍ൽഎ യുമായ ഇ.പി. ജയരാജനാണ്. വിമാനത്താവളത്തിന്റെ പരീക്ഷണ പറക്കലിന് പ്രതിഷേധവുമായി എംഎ‍ൽഎ. രംഗത്തിറങ്ങിയതും ചരിത്രം. 2011 ൽ രൂപീകൃതമായ മട്ടന്നൂർ മണ്ഡലത്തിൽ ഇ.പി.ജയരാജൻ ജയിച്ചു കയറിയത് 30,512 വോട്ടിനാണ്. അതോടെ യു.ഡി.എഫിന്റെ ബാലികേറാമലയായി മട്ടന്നൂർ മാറി. ഇത്തവണ യു.ഡി.എഫ് ശക്തമായ പോരാട്ടത്തിന് ഇറങ്ങിയപ്പോൾ വിമാനത്താവള വികസനം തന്നെയാണ് എടുത്തു കാട്ടുന്നത്.

ഒപ്പം മണ്ഡലത്തിലെ അവികസിത പ്രശ്‌നങ്ങളും. വിമാനത്താവള വികസനത്തിന് എംഎ‍ൽഎ. ഒന്നും ചെയ്തില്ലെന്നും അതിനെ തകർക്കാനാണ് ശ്രമിച്ചതെന്നും ആരോപിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. പ്രശാന്തിന്റെ രംഗപ്രവേശം. വിമാനത്തിന്റെ പരീക്ഷണ പറക്കലിൽ പ്രതിഷേധ സമരം നടത്തിയ എംഎ‍ൽഎ ക്ക് പാർട്ടിയുടേത് പോലും പിൻതുണ ലഭിച്ചില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. മണ്ഡലത്തിൽ വല്ലപ്പോഴും എത്തുന്ന ഒരു ദേശീയ നേതാവിനെയല്ല സ്ഥിരമായി മണ്ഡലത്തിലെ വികസനത്തെ ത്വരിതപ്പെടുത്തുന്ന ഒരു എംഎ‍ൽഎ.യെ യാണ് വേണ്ടതെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നു.

യു.ഡി.എഫിന്റെ ആരോപണങ്ങളെ മുനയൊടിച്ചുള്ള പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. മട്ടന്നൂരിൽ വിമാനത്താവളമെന്ന ആശയം തന്നെ ഇടതു പക്ഷ മുന്നണിയുടേതാണെന്നും അതിന് തുടക്കമിട്ടതും സ്ഥലം ഏറ്റെടുപ്പ് നടത്തിയതും തങ്ങളാണെന്നും അവർ തുറന്ന് കാട്ടുന്നു.
വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് എൽ.ഡി.എഫ് ആണെന്നും മതിയായ സൗകര്യമില്ലാത്ത റൺവെ കൊണ്ട് വിമാനത്താവള വികസനം എടുത്തു കാട്ടുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു.

മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സിപിഐ.(എം). ഭരിക്കുന്നു എന്ന പ്രത്യേകത കൂടി മട്ടന്നൂരിനുണ്ട്. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂര്, പടിയൂർകല്യാട്, തില്ലങ്കേരി, കോളയാട്, കീഴല്ലൂര്, കൂടാളി ഇവയെല്ലാം പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളാണ്. മട്ടന്നൂർ നഗരസഭയും പാർട്ടി ഭരണത്തിലാണ്.

യു.ഡി.എഫ് സർക്കാർ പൂർത്തീകരിച്ച വിമാനത്താവള വികസനമല്ലാതെ മറ്റെന്ത് വികസനമാണ് ഈ പഞ്ചായത്തുകളിൽ നടപ്പാക്കിയിട്ടുള്ളതെന്ന് ചോദിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. പ്രശാന്ത് മത്സരം കൊഴിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ വികസന മുരടിപ്പും മണ്ഡലത്തിലെ വികസന കുതിപ്പും വിഷയമാക്കിയാണ് ഇ.പി. ജയരാജൻ വോട്ട് തേടുന്നത്. സി,.പി.ഐ.(എം). കോട്ടയിൽ ചാവേറുകളെ നിർത്തുന്ന പതിവുമാറ്റി യുവാക്കളെ നിർത്തിയത് മണ്ഡലം പിടിച്ചെടുക്കാൻ തന്നെയാണെന്ന് യു.ഡി.എഫ്്് പറയുന്നു. ഇരു സ്ഥാനാർത്ഥികളും രണ്ടാം വട്ടം പ്രചാരണം പൂർത്തിയാക്കിയതോടെ പോരാട്ട വീര്യവും വർദ്ധിച്ചിരിക്കയാണ്.

കഴിഞ്ഞ തവണ മത്സരിച്ച യുവ മോർച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു എളക്കുഴി തന്നെയാണ് രണ്ടാം വട്ടവും എൻ.ഡി.എ.ക്കു വേണ്ടി മത്സരിക്കുന്നത്. 8,777 എന്ന സംഖ്യ ഇരട്ടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജുവിന്റെ പോരാട്ടം. എസ്.ഡി.പി.ഐ. ക്കു വേണ്ടി റഫീക്ക് കീച്ചേരിയും മത്സരരംഗത്ത് സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.