കണ്ണൂർ: ഇനി 'മട്ടന്നൂർ' യുദ്ധം. പാർട്ടി കോട്ടയിലെ എല്ലാ സീറ്റിലും ജയിക്കാനാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നത്. മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കം തുടങ്ങിയതോടെ സിപിഎം തയ്യാറെടുപ്പും തുടങ്ങി. എന്തു വില കൊടുത്തും മട്ടന്നൂരിൽ വിലയ ജയമാണ് സിപിഎം ആഗ്രഹിക്കുന്നത്. പാർട്ടി കോട്ടയാണ് ഇവിടെ. അട്ടിമറി കോൺഗ്രസും പ്രതീക്ഷിക്കുന്നില്ല. എന്നാൽ പരമാവധി സീറ്റിൽ ജയിക്കാനാണ് ശ്രമം.

മട്ടന്നൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടു വരണാധികാരികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് ഉടൻ സർവകക്ഷിയോഗം നടക്കും. ഓഗസ്റ്റിലോ സെപ്റ്റംബറിലോ വോട്ടെടുപ്പ് നടത്താനാണ് കമ്മിഷന്റെ തീരുമാനം. ഒന്നുമുതൽ 18 വരെയുള്ള വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററെയുമാണ് വരണാധികാരിയാക്കുക.

സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മട്ടന്നൂർ ഉൾപ്പെടാറില്ല. ആകെയുള്ള 1200-ൽ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമായിരിക്കും വോട്ടെടുപ്പ് നടക്കുക. ഓരോ ഭരണസമിതിക്കും അഞ്ചുവർഷം കാലാവധി നൽകണമെന്ന നിയമമുള്ളതിനാൽ സംസ്ഥാനത്തെ മറ്റു പൊതുതിരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ വോട്ടെടുപ്പ് നടത്താനാകില്ല.

നഗരസഭ രൂപീകരണവുമായി ബന്ധപ്പെട്ട സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചത്. പഞ്ചായത്തിൽ നിന്നും നഗരസഭയാക്കി ഉയർത്തുകയും തൊട്ടടുത്ത വർഷം തരംതാഴ്‌ത്തുകയും ചെയ്തതോടെയാണ് മട്ടന്നൂരിലെ തെരഞ്ഞെടുപ്പ് ക്രമംതെറ്റിയത്. 1990ലെ നായനാർ മന്ത്രി സഭയായിരുന്നു മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തിയത്. കേന്ദ്രസർക്കാറിന്റെ നഗരവത്കരണ നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ തൊട്ടുടത്ത വർഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ നഗരസഭയെ പഞ്ചായത്താക്കി തരംതാഴ്‌ത്തി. കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി.

യുഡിഎഫ് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ പ്രാദേശിക ലീഗ് കോൺഗ്രസ് നേതാക്കൾ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തുന്നതിനെ എതിർത്തിരുന്നു. നഗരസഭയാക്കി ഉയർത്തുന്നത് നികുതി ഭാരം വർദ്ധിപ്പിക്കുമെന്നല്ലാതെ വികസനത്തിന് കാരണമാകില്ലെന്നായിരുന്നു അന്ന് പ്രാദേശിക യുഡിഎഫ് നേതൃത്വം പ്രചരണം നടത്തിയിരുന്നത്. നഗരസഭയാക്കാനുള്ള വരുമാനവും ഭൗതിക സാഹചര്യങ്ങളും ഇല്ലെന്നും അവർ പറഞ്ഞു. ഈ പ്രചരണത്തിന്റെ ഫലമായി യുഡിഎഫ് സർക്കാർ നഗരസഭയാക്കി ഉയർത്തിയ മുൻസർക്കാറിന്റെ നടപടിയെ റദ്ദ് ചെയ്തു.

ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എൽഡിഎഫ് കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തു. പിന്നീട് ആറ് വർഷത്തോളം നിയമപോരാട്ടം തുടർന്നു. അത്രയും കാലം മട്ടന്നൂർ നഗരസഭയിൽ ഭരണസ്തംഭനവുമുണ്ടായി.പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാറിന്റെ ആദ്യ മന്ത്രിസഭയോഗത്തിൽ തന്നെ മട്ടന്നൂരിനെ വീണ്ടും നഗരസഭയാക്കി ഉയർത്തി. അതിന്റെ ഭാഗമായി മട്ടന്നൂരിൽ മാത്രമായി 1997ൽ തെരഞ്ഞെടുപ്പ് നടത്തി. ഈ സമയത്ത് കേരളത്തിൽ മറ്റൊരിടത്തും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

അന്നുനടന്ന തെരഞ്ഞെടുപ്പിന്റെ ക്രമമനുസരിച്ചാണ് മട്ടന്നൂരിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.1997 ൽ നഗരസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. സിപിഐഎമ്മിലെ കെടി ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫ് വിജയം ആവർത്തിച്ചു. സീന എസ്, കെ ഭാസ്‌കരൻ, അനിത വേണു തുടങ്ങിയവർ അദ്ധ്യക്ഷപതവിയിലെത്തുകയും ചെയ്തു.