തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമപുതുക്കി ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്റെ സ്മരണപുതുക്കി കാൽകഴുകൽ ശുശ്രൂഷയും നടന്നു.

മാർപാപ്പയുടെ പാതപിന്തുടർന്ന് എറണാകുളം തൃക്കാക്കര ബ്ലെസ്ഡ് സാക്രമെന്റ് ദേവാലയത്തിൽ സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷയാണ് നടന്നത്. അതേസമയം, സീറോ മലബാർ, മലങ്കര സഭകൾ സ്ത്രീകളുടെ കാൽകഴുകൽ തിടുക്കത്തിൽ നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ സ്ത്രീകളുടെ കാൽകഴുകൽ നിർബന്ധമല്ലെന്നു വത്തിക്കാൻ വിശദീകരിച്ച പശ്ചാത്തലത്തിലാണിത്.  ഇതിനിടെയാണ് എറണാകുളം തൃക്കാക്കര ബ്ലെസ്ഡ് സാക്രമെന്റ് ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷക്കായ് പന്ത്രണ്ടു സ്ത്രീകളെ തെരഞ്ഞെടുത്തത്.

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ വലിയ ഇടയന്റെ എളിമയുടെ ഓർമ പുതുക്കിയാണ് പെസഹ ആചരണം. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ പുലർച്ചെ മൂന്നിന് ആരംഭിച്ച പ്രാർത്ഥനകൾക്ക് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നേതൃത്വം നൽകി. വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ സ്മരണകൂടിയായ പെസഹാ ആചരണത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും അപ്പം മുറിക്കൽ ശ്രൂശ്രൂഷയുമുണ്ടായിരുന്നു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ എറണാകുളം മുളന്തുരുത്തി മെത്രാപ്പൊലീത്തൻപള്ളി, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷമാണ് പെസഹ ദിന ശുശ്രൂഷകൾ.

അന്ത്യ അത്താഴസമയത്ത് യേശു അപ്പമെടുത്തുവാഴ്‌ത്തി നുറുക്കി, 'ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം, എന്റെ ഓർമ്മയ്ക്കായി ഇത് ഭക്ഷിപ്പിൻ' എന്ന് പറഞ്ഞു. ഈ തിരുവചനം അനുസ്മരിച്ച് ദേവാലയങ്ങളിൽ വിശ്വാസികൾ വിശുദ്ധകുർബ്ബാന സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായിട്ടാണ് വിവിധ ദേവാലയങ്ങളിൽ പെസഹ ശുശ്രൂഷകൾ. എളിമയുടെ പ്രതീകമായി യേശു ശിഷ്യരുടെ കാൽ കഴുകിയതിന്റെ സ്മരണയിൽ വിവിധ പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു.

യാക്കോബായസഭയുടെ പള്ളികളിൽ ബുധനാഴ്ച വൈകീട്ടായിരുന്നു പെസഹ ശുശ്രൂഷകൾ. ഓർത്തഡോക്‌സ് സഭയിലെ പള്ളികളിൽ വ്യാഴാഴ്ച പുലർച്ചെ 2.30 നാണ് ചടങ്ങുകൾ ആരംഭിച്ചത്.

കോട്ടയം നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ പള്ളിയിൽ ഉച്ചക്ക് രണ്ടിന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഗീവർഗീസ് മാർ കൂറീലോസ് മെത്രാെപ്പാലീത്താ പ്രധാനകാർമ്മികത്വം വഹിക്കും.

മാർത്തോമ്മാസഭ കോട്ടയംകൊച്ചി ഭദ്രാസനാധിപൻ മാത്യൂസ് മാർ മക്കാറിയോസ് മെത്രാെപ്പാലീത്താ കോട്ടയം ജറുസലേം പള്ളിയിൽ രാവിലെ ഏഴരയ്ക്ക് നടക്കുന്ന ശുശ്രൂഷകളിൽ പ്രധാന കാർമ്മികനായി.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ട് പ്രധാന കാർമ്മികത്വം വഹിച്ചു. കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നീന്തു നേർച്ചയ്ക്ക് പെസഹ വ്യാഴാഴ്ച തുടക്കമായി.

  • നാളെ ദുഃഖ വെള്ളി (25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ