ആലപ്പുഴ: കാറിന്റെ ഡിക്കി തുറന്നിരിക്കുകയാണെന്നറിയിച്ച യുവാവിനെ കുത്തിക്കൊന്ന സായിപ്പ് എന്നു വിളിക്കുന്ന ബിബിൻ(26) നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തഴക്കര ഇറവങ്കര സ്വദേശിയായ ഗോവിന്ദന്റെ മകൻ ശശിയെന്ന മേസ്തിരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും തഴക്കര സ്വദേശിയായ ക്ലാവർ ബാബുവിന്റെ മകൻ ഷാജി (36)യുടെ കാലു വെട്ടിമാറ്റി കൃഷിത്തോട്ടത്തിൽ ഉപേക്ഷിച്ച കേസിലും പ്രവാസിയായ ഷാജഹാന്റെ കഴുത്തിനു കുത്തിയ കേസിലും ഇയാൾ പ്രതിയാണ്്്. ഈ കേസുകളെല്ലാം ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടുമൊരു കൊലപാതകത്തിന് സായിപ്പ് നേതൃത്വം നൽകിയത്.

മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലും കുമിൾ പോലെ വളരുന്ന ഗുണ്ടാസംഘത്തിന്റെ നേതാവാകാനുള്ള ശ്രമത്തിന്റെ ട്രയലായിരുന്നുവത്രേ ഇന്നലത്തെ കൊലപാതകം. കുപ്രസിദ്ധ ഗുണ്ട ലിജു ഉമ്മന്റെ നാടായ മാവേലിക്കരയിലെ മറ്റൊരു ഗുണ്ടാത്തലവനാണ് എബി. ഇയാൾ ഗുണ്ടാപണി അവസാനിപ്പിക്കാനുള്ള സാഹചര്യത്തിലാണ് സംഘത്തിൽപ്പെട്ട സായിപ്പ് എന്നു വിളിക്കുന്ന കുട്ടിഗുണ്ട നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായത്. ഗുണ്ടാത്തലവനെന്ന പേരുറയ്ക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാവേലിക്കരയിലും പരിസരപ്രദേശത്തും ഇപ്പോൾ നിരവധി ക്രിമിനൽ കേസുകൾ ഉത്ഭവിക്കുന്നതത്രേ. ഡെസ്റ്റമിന്റെ കൊലപാതകത്തോടെ സായിപ്പിന് ഗുണ്ടാ നേതാവിന്റെ പട്ടം ഉറപ്പായി.

മാവേലിക്കരയിൽ ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള പരിശീലനത്തിനിടയിലാണ് കൊല്ലം സ്വദേശിയായ ഡെസ്റ്റമിൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. പരിശീലനത്തിന്റെ ഭാഗമായി കുട്ടിഗുണ്ടകൾ കാറിൽ കറങ്ങി നടക്കുമ്പോഴാണ് പമ്പിൽ പെട്രോൾ നിറയ്ക്കാൻ നിൽക്കുന്ന കൊല്ലം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും കാണുന്നത്. ബൈക്കിലിരുന്ന ഡെസ്റ്റമിനും സുഹൃത്തും ക്വട്ടേഷൻ സംഘത്തിന്റെ കാറിന്റെ ഡിക്കി തുറന്നു കിടക്കുന്ന കാര്യം ഓർമ്മപ്പെടുത്തിയതേയുള്ളൂ. പെട്ടെന്ന് കുപിതരായ സംഘം പെട്രോൾ ഒഴിച്ചശേഷം യുവാക്കളെ പിന്തുടർന്ന് കൂടുതൽ ഇരുട്ടുള്ള സ്ഥലത്തെത്തിയപ്പോൾ അവരെ ഓവർടേക്ക് ചെയ്ത് കാർ കുറുകെയിട്ടു തടസപ്പെടുത്തിയശേഷം ഡെസ്റ്റമിനെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹാ നഗറിൽ 151-ാം നമ്പർ വീട്ടിൽ സാംസണിന്റെ മകനാണു ഡെസ്റ്റമിൻ(28). ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപതു കുത്തുകളേറ്റ ഡെസ്റ്റമിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതുനെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണമായത്.

ഡെസ്റ്റമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറുന്നൂറ്റിമംഗലം സ്വദേശിയായ ബിബിൻ(സായിപ്പ്്), മാങ്കാംകുഴി സ്വദേശിയായ റോബിൻ എന്നിവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മാവേലിക്കര സ്‌റ്റേഷൻ അതിർത്തിയിലെ സ്ഥിരം ഗുണ്ടകളാണ്. ഓപ്പറേഷൻ സുരക്ഷയും കാപ്പയും ഒക്കെ പൊലീസിന്റെ കൈയിലുണ്ടായിട്ട് ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെയുള്ള പട്ടണത്തിൽ ഇത്തരം ക്രിമിനലുകളെ തിരിച്ചറിഞ്ഞു നടപടിയെടുക്കാൻ പൊലീസ് അമാന്തം കാണിച്ചിരുന്നുവെന്നതാണു വസ്തുത. ബാൻഡ്‌സെറ്റ് കലാകാരനായ ഡെസ്റ്റമിനും സുഹൃത്തുക്കളും വീട് പുലർത്താൻ ജോലിയുടെ ഭാഗമായി പുലർച്ചെ പള്ളിമുറ്റത്തെത്തിയതാണ്. പൊറ്റമേൽ കടവ് സെന്റ് ജോസഫ് ദേവാലയത്തിലെ റാസയ്്ക്ക് ബാൻഡ് മേളത്തിന്റെ അകമ്പടി കൊടുത്തശേഷം കൊല്ലത്തുള്ള വീട്ടിലേക്കു മടങ്ങുമ്പോഴാണ് ക്വട്ടേഷൻ സംഘം ഈ യുവാവിനെ കുത്തിക്കൊന്നത്.

അതേസമയം, ആഭ്യന്തരമന്ത്രിയുടെ നാടിനു സമീപമുള്ള മാവേലിക്കരയിൽ പൊലീസ് സ്‌റ്റേഷന്റെ സമീപത്തായാണ് ഗുണ്ടകളുടെ സ്വൈര്യവിഹാരം. എന്തു ക്രിമിനൽ കുറ്റമുണ്ടായാലും മിനിറ്റുകൾ കൊണ്ടു കുറ്റവാളിയെ പൊലീസ് തിരിച്ചറിയും. പിന്നെ കേസായി, അറസ്റ്റായി... വീണ്ടും അവർ പുറത്തിറങ്ങി അടുത്ത ക്രിമിനൽ കേസുണ്ടാക്കുകയായി. ഗുണ്ടകളെ ഒതുക്കാൻ പൊലീസ് തയാറാവാത്തതുകൊണ്ടു ജനം ഭയന്നാണു കഴിയുന്നത്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ.