- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് മാവേലിക്കര ടൗൺ ജുമാ മസ്ജിദ് ഇമാം; മാവേലിക്കര സ്വദേശി ശബരിമല മേൽശാന്തിയാകുമ്പോൾ തന്റെയും സമുദായത്തിന്റെയും കടമയെന്ന് അബ്ദുൾ വാഹിദ് മൗലവി അൽ ഖാസിമി
മാവേലിക്കര: മത സൗഹാർദ്ദത്തിന്റെ നാടായ കേരളത്തിൽ നിന്നും മനം നിറക്കുന്ന ഒരു വാർത്ത. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത മാവേലിക്കര കണ്ടിയൂർ കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ മാവേലിക്കര ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൾ വാഹിദ് മൗലവി അൽ ഖാസിമി നേരിൽക്കണ്ട് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇമാം നിയുക്ത മേൽശാന്തിയെ നേരിൽക്കണ്ടത്. മാവേലിക്കരയിൽ നിന്നും നിരവധി പേർ മേൽശാന്തിയായി ശബരിമലയിലേക്ക് പോയിട്ടുണ്ട്. ഈശ്വരാനുഗ്രഹവും ഭാഗ്യവും ഉള്ളവർക്ക് മാത്രമേ അയ്യപ്പനെ പൂജിക്കാൻ അവസരം കിട്ടാറുള്ളൂ. അത്തരത്തിൽ ഭാഗ്യം ചെയ്ത മാവേലിക്കരയുടെ പ്രിയപ്പെട്ട നമ്പൂതിരിയെ ആദരിക്കേണ്ടത് എന്റെയും സമുദായത്തിന്റെയും കടമയാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന മാവേലിക്കരക്ക് അഭിമാനവുമാണ് പരമേശ്വരൻ നമ്പൂതിരി എന്നും അബ്ദുൾ വാഹിദ് മൗലവി അൽ ഖാസിമി മറുനാടനോട് പറഞ്ഞു.
പല നമ്പൂതിരിമാരും വർഷങ്ങളായി ശബരിമലയിലേക്ക് പൂജ ചെയ്യാനായി പോകാൻ ആഗ്രഹവുമായി കാത്തിരിക്കാറുണ്ട്. പക്ഷേ എല്ലാവർക്കും ആ ഭാഗ്യം ലഭിക്കാറുമില്ല. എന്നാൽ മാവേലിക്കരയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ശബരിമലയിൽ മേൽശാന്തിയായി ചുമതലയേൽക്കാൻ ഭാഗ്യം ലഭിച്ചവർ. അതിനാൽ മാവേലിക്കരക്ക് ശബരിമലയുമായി അഭേദ്യമായ ബന്ധവുമുണ്ട്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേൽശാന്തിക്ക് പൊന്നാട അണിയിച്ചാണ് ആദരം അർപ്പിച്ചത്. ഏറെ നേരം കുശലാന്വേഷണം നടത്തിയ ശേഷം ആസംസകളറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. മാവേലിക്കരയിലെ മതസൗഹാർദ്ദ കൂട്ടായ്മയിലെ പ്രധാന അംഗംകൂടിയാണ് ഇമാം. വിവിധ മത മേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന കൂട്ടായ്മ സ്ഥലത്തെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. വലിയ സംഘർഷത്തിലേക്ക് പോകേണ്ട വിഷയങ്ങൾ രമ്യതയിൽ പരിഹരിച്ച് മതസൗഹാർദ്ദം നിലനിർത്തുകയും ചെയ്യുന്നു.
പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
ഭാര്യ: പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനം (അദ്ധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്‌കൂൾ). മക്കൾ: നാരായണൻ നമ്പൂതിരി (ഐഐടി വിദ്യാർത്ഥി കർണാടക), വിഷ്ണു നമ്പൂതിരി (ഡിഗ്രി വിദ്യാർത്ഥി മാവേലിക്കര ബിഷപ് മൂർ കോളേജ്). സഹോദരങ്ങൾ: ശങ്കരൻനമ്പൂതിരി, എൻ.ഗോവിന്ദൻനമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സുവർണനി അന്തർജനം, ഗീത അന്തർജനം.
രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുൾപ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിൽ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികൾ സന്നിധാനത്തെത്തി നറുക്കെടുക്കുന്നതാണ് രീതി. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വർമയാണ് ഇത്തവണ നറുക്കെടുത്തത്. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.