തലശേരി: പാർട്ടി ഗ്രാമത്തിലെ പാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ സി.പി. എംഅനുകൂല സൈബർ സംഘമായ മാവിലായി സഖാക്കൾ. മന്ത്രി മുഹമ്മദ് റിയാസ് മാസങ്ങൾക്ക് മുൻപ് കൊട്ടിഘോഷിച്ച് നിർമ്മാണോദ്ഘാടനം നിർവഹിച്ച പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ വിമർശനമുന്നയിക്കുന്നത്.

ഒരു ചെറിയ തോടിന്റെ (കണ്ണിത്തോട്) കുറുകെ പാലം നിർമ്മിക്കാൻ അഞ്ചു മാസമെടുത്തിട്ടും കഴിഞ്ഞില്ലെന്ന അതിരൂക്ഷമായ വിമർശനമാണ്മാവിലായി സഖാക്കളെന്ന പേരിലറിയപ്പെടുന്നവരുടെ ഡി.വൈ. എഫ്. ഐ പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതിനിടെ മൂന്നാംപാലത്തെ പുതിയ പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുമാസമായി താൽക്കാലിക അപ്രോച്ച് റോഡുണ്ടാക്കി ഇവിടെ പഴയപാലം നിർമ്മാണം തുടങ്ങിയതെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രക്കാർക്കും നാട്ടുകാർക്കും വിനയായി മാറിയത്. അപകടാവസ്്ഥയിലായ പഴയപാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിർമ്മാണം തുടങ്ങിയത്. മന്ത്രി മുഹമ്മദ് റിയാസ് ഇവിടെ സന്ദർശിച്ചതിനു ശേഷമാണ് ഭരണാനുമതി നൽകിയത്.

നിത്യേനെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലായതിനാൽ പ്രവൃത്തി അതിവേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി കരാറുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. ജൂൺ മാസം കാലവർഷം തുടങ്ങുന്നതിന് മുൻപായിപുതിയ പാലം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലുംകരാറുകാരുടെ മെല്ലെപ്പോക്ക് താളം തെറ്റിക്കുകയായിരുന്നു.

ഇപ്പോഴും ഇവിടെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും അഞ്ചും ആറും തൊഴിലാളികൾ മാത്രമാണുള്ളത്. അപ്രോച്ചു റോഡിലൂടെയാണ് കൂത്തുപറമ്പ് തലശേരി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഈ റോഡിലൂടെ ഒരുഭാഗത്ത് നിന്നും വാഹനങ്ങൾ കടത്തിവിടുമ്പോൾ മറുഭാഗത്ത് വാഹനങ്ങളുടെ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. ആംബുലൻസടക്കം ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുമാത്രമല്ല പാലം നിർമ്മാണം അനന്തമായി നീളുന്നത് കാരണം ഇവിടെയുള്ള വ്യാപാരികൾക്കും ദുരിതമാവുകയാണ്.

പെരളശേരി ഭാഗത്തു നിന്നുംഅപ്രോച്ചു റോഡിലൂടെ ഇപ്പുറമെത്തണമെങ്കിൽ കാൽനടയാത്രികർ ഏറെ സാഹസപ്പെടണം. പാലം ഉയർത്തി നിർമ്മിക്കുന്നതിനാൽ പത്തോളം വ്യാപാരസ്ഥാപനങ്ങൾ റോഡിന് അടിയിലായിട്ടുണ്ട്. കാലവർഷത്തിൽ നിറഞ്ഞൊഴുകുകയും മഴതുടർച്ചായി പെയ്താൽ കരകവിയുകയും ചെയ്യുന്ന തോടാണിത്. ഇക്കുറി മഴശക്തിപ്രാപിച്ചാൽ വെള്ളപ്പൊക്ക ഭീഷണിയും മൂന്നാംപാലത്തെവ്യാപാരികൾ നേരിടുന്നുണ്ട്.