റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്ന് മനോഹർപൂർ മുൻ ബിജെപി എംഎൽഎ ഗുരുചരൺ നായക് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ നായക്കിന്റെ രണ്ട് അംഗരക്ഷകർ കൊല്ലപ്പെടുകയും പൊലീസിന്റെ പക്കലുണ്ടായിരുന്ന മൂന്ന് എ.കെ 47 തോക്കുകൾ കാണാതാവുകയും ചെയ്തു.

ഗോയിൽകെര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീൽറുവ ഗ്രാമത്തിൽ നായക് മുഖ്യാതിഥിയായി പങ്കെടുത്ത ഫുട്ബാൾ മത്സരത്തിന് ശേഷമാണ് നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയിലെ അംഗങ്ങളുടെ ആക്രമണം നടന്നതെന്ന് ചക്രധർപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ദിലീപ് ഖൽഖോ അറിയിച്ചു.

പ്രാദേശിക ഫുട്‌ബോൾ മത്സരം കഴിഞ്ഞതിന് ശേഷമാണ് കാണികളുടെ കൂട്ടത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകൾ നായക്കിനെ ആക്രമിക്കുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നായക് രക്ഷപ്പെട്ടത്. പക്ഷേ അംഗരക്ഷകരായ രണ്ടുപേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തുകയായിരുന്നു.

2012ൽ ജില്ലയിലെ ആനന്ദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ മാവോയിസ്റ്റ് ആക്രമണമുണ്ടായപ്പോഴും നായക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.