കോഴിക്കോട്: സ്ഥല പരിമിതിമൂലം കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമ പഞ്ചായത്തിലേക്ക് വരേണ്ടിയിരുന്ന പല വികസന പദ്ധതികളും മറ്റിടങ്ങളിലേക്ക് തെന്നിമാറിപ്പോകുമ്പോഴും മാവൂർ പഞ്ചായത്തിന്റെ കണ്ണായ സ്ഥലത്ത് വെറുതെ കാടുമൂടിക്കിടക്കുന്നത് 400 ഏക്കറിലധികം വരുന്ന ഭൂമി. കുന്ദമംഗലം മണ്ഡലത്തിനനുവദിച്ച സർക്കാർ കോളേജ്, കെ എസ് ഇ ബി സെക്ഷൻ ഓഫീസ് തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങൾ് സ്ഥലമില്ലാത്തിനാൽ മാവൂർ പഞ്ചായത്തിൽ നിന്നും അടുത്ത പ്രദേശങ്ങളിലാണിപ്പോഴുള്ളത്.

അതേ സമയം കഴിഞ്ഞ 17 വർഷമായി മാവൂർ ബസ്റ്റാന്റിനോട് ചേർന്ന് ചാലിയാറിന്റെ തീരത്ത് ഒരു നിർമ്മാണവും നടത്താതെ വെറുതെയിട്ടിരിക്കുന്നതാകട്ടെ 400 ഏക്കറിലധികം സർക്കാർ ഭൂമിയും. അര നൂറ്റാണ്ടിനടുത്ത കാലത്ത് ഒരും പ്രദേശത്തിന്റെയാകെ ആശ്രയവും വരുമാനകേന്ദ്രവുമായിരുന്ന മാവൂർ ഗോളിയോർ റയോൺസ് എന്ന ഗ്രാസിം ഫാക്ടറിയുടെ ഭൂമിയാണ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയുമെല്ലാം താവളമായി മാറിയിരിക്കുന്നത്.

20.48 ചതുരശ്ര കിലോമീറ്ററാണ് മാവൂർ ഗ്രാമപഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം അതിൽ 400 ഏക്കറിലധികം ഭൂമിയാണ് ഒരാവശ്യത്തിനും ഉപയോഗിക്കാനാവാതെ ബിർള ഗ്രൂപ്പ് കയ്യടക്കി വെച്ചിരിക്കുന്നത്. മാവൂർ എന്ന കൊച്ചു ഗ്രാമത്തെ മലബാറിന്റെ തന്നെ വാണിജ്യ തലസ്ഥാനമായി ഉയർത്തിക്കൊണ്ടുവന്ന സ്ഥാപനമായിരുന്നു മാവൂർ ഗ്രാസി ഫാക്ടറിയെന്ന ഗോളിയോർ റയോൺസ്്. 1960 ലാണ് മലബാറിലെ വ്യവസായിക പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ വ്യവസായ ആവശ്യത്തിനായി കോഴിക്കോട് ജില്ലയിലെ മാവൂരിലെ ചാലിയാറിന്റെ തീരത്തെ ഈ സ്വപ്ന ഭൂമി സർ്ക്കാർ ബിർളക്ക് കൈമാറുന്നത്.

ഫാക്ടറി തുടങ്ങാനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഒരുക്കി നൽകി. ഫാക്ടറിക്കൊപ്പം സ്‌കൂളും ആളുപത്രിയും പൊലീസ് സ്റ്റേഷനുമടക്കം വന്നതോടെ മാവൂരിന്റെ മുഖഛായ തന്നെ മറി. മാവൂരിന്റെയും പരിസര പ്രദേശങ്ങളുടെ ആശയും ആശങ്കയും ആ കമ്പനി തന്നയായിരുന്നു. മറ്റേത് സ്ഥാപനത്തിലെ ജീവനക്കാരേക്കാളേറെയും, എന്തിന് അക്കലത്തെ സർക്കാർ സ്‌കൂൾ അദ്ധ്യാപകരേക്കാളേറെയും ശമ്പളവും ആനുകൂല്യവും ലഭിച്ചിരുന്ന ജീവനക്കാരായിരുന്ന ഗ്രാസിമിലേത്. മലബാറിലെ വിവിധ മേഖലകളിൽ നിന്ന് പ്രധാനമായും നിലമ്പൂരിൽ നിന്ന് മുളകൊണ്ട വന്ന് പേപ്പർ നിർമ്മിക്കാനാവശ്യമായ പൾപ്പായിരുന്നു കമ്പനിയിൽ ഉത്പാതിപ്പിച്ചിരുന്നത്.

കമ്പനി തുടങ്ങി വർഷങ്ങൾക്കകം തന്നെ അവിടുന്നുള്ള മലിന ജലം പുഴയിലേക്കൊഴക്കിയതിന്റെ ഭാഗമായി ചാലിയാറിന്റെ നിറത്തിലും സ്വഭാവത്തിലും മാറ്റം വന്ന് തുടങ്ങി. ഇത് തന്നെയാണ് ആത്യന്തികാമായി കമ്പനിയുടെ തകർച്ചയിലേക്കും ഒടുക്കം അടച്ചുപൂട്ടലിലേക്കും വഴിവെച്ചതും. വിവിധ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ഭാഗമായി 1978 സംസ്ഥാന സർക്കാർ ഈ ഫാക്ടറി ഏറ്റെടുത്തെങ്കിലും കോടതി വിധിയിലൂടെ ബിർളക്ക് തന്നെ തിരികെ ലഭിക്കുകയും ചെയ്തു. പിന്നീട് 1985ൽ കമ്പനി മൂന്ന് വർഷത്തേക്ക് താത്കാലികമായ അട്ച്ചുപൂട്ടുകയും ഇത് തൊഴിലാളികളുടെയും മാവൂർ എന്ന പ്രദേശത്തിന്റെയും സാമ്പത്തിക നിലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്തും. തത്ഫലം തൊഴിലാളികളടക്കം 11 പേരാണ് ആത്മഹത്യ ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തിൽ സർ്ക്കാർ അനുവദിച്ച കൂടുതൽ ഇളവുകളുടെ സഹായത്താൽ കമ്പനി വീണ്ടും പ്രവർത്തനം ആരംഭിച്ചെങ്കിലും ലാഭക്കണക്കുകളുടെ പ്രശ്നങ്ങൾ പറഞ്ഞ നേരത്തെയുണ്ടായിരുന്ന മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിൽ കമ്പനി വിമുഖത കാട്ടി. ചാലിയാറിലേക്ക് യഥേഷ്ടം മലിനജലം ഒഴുക്കിയതിനെ തുടർന്ന് ചാലിയാറിന്റെ നിറം മാറി, മാനൂകൾ ചത്തുപൊങ്ങാൻ തുടങ്ങി. കമ്പനി പുറത്ത് വിടുന്ന പുക ശ്വസിച്ച് നിരവധി പേർ കാൻസർ രോഗികളായി, വിവിധ സർവ്വെകലുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഏറ്റവും കൂടുകൽ കാൻസർ രോഗികളെ സ്ൃഷ്ടിച്ച മലിനീകരണ പ്രശ്നമായി ഗ്രാസിമിലേത് മാറി. ഫാക്ടറിയുടെ നേരെ എതിർവശത്ത് പുഴക്ക് അക്കരെയുള്ള വാഴക്കാട് പഞ്ചായത്തിൽ ഫാക്ടറിയിലെ പുക ശ്വസിച്ച് കാൻസർ വന്ന് മരണപ്പെട്ടവരുടെ പേരുകൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ വരെ നിലവിൽ വന്നു.

അന്നത്തെ വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ എ റഹ്മാന്റെ നേതൃത്വത്തിലായരുന്ന രജിസ്റ്റർ തയ്യാറാക്കിയിരുന്നത്. നിർഭാഗ്യവശാൽ രജിസ്റ്ററിലെ അനേകം പേരിലൊരാളായി കെ എ റഹ്മാന്റെ പേരും ഇടം പിടിച്ചു. റഹ്മാന്റെ നേത്ൃത്വത്തിലുള്ള ചാലിയാർ സംരക്ഷണ സമിതിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമെല്ലാം സംയുക്തമായി നടത്തി സമരങ്ങളുടെ ഫലമായി 2001 ൽ കമ്പനി എന്നെന്നേക്കുമായി അടച്ചു പൂട്ടി. 2005ൽ കമ്പനിയിലെ ഉപകരണങ്ങൾ പൊളിച്ചെടുത്തുകൊണ്ട് പോവുകയും ചെയ്തു.

കമ്പനി പൂട്ടിയത് മുതൽ പിന്നീടങ്ങോട്ട് നടന്ന തെരഞ്ഞടുപ്പുകളിലെല്ലാം മാവൂരിലുള്ളവർക്ക് ലഭിച്ചിരുന്ന വാഗ്ദാനമായിരുന്നു ഗോളിയോർ റയോൺസ് ഫാക്ടറിയുണ്ടായിരുന്ന സ്ഥലത്ത് പരിസ്ഥിതി സൗഹാർദ്ദമായ വ്യവസായമാരംഭിക്കുമെന്ന്. ഗ്രാസിമിലെ തൊഴിലാളിയും അവിടുന്ന്തൊഴിലാളി സംഘടനയുടെ അമരത്തെത്തുകയും ചെയ്ത എളമരം കരീം വ്യവസായ മന്ത്രിയായ സമയത്ത് അവരെല്ലാം അത് ഏറെ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ അതെല്ലാം വെറും പാഴ്സ്വപ്നങ്ങളായി തന്നെ നിന്നു. അവിടുന്നങ്ങോട്ട് വിവിധ സർവ്വെകളും റിപ്പോർട്ടുകളുമെല്ലാം സംമർപ്പിച്ചെങ്കിലും ഗ്രാസിം ഫാക്ടറിയുണ്ടായിരുന്ന സ്ഥലം ഇന്നും കാട് പിടിച്ച്തന്നെ കിടക്കുന്നു.

കെട്ടിടങ്ങളിലെ വാതിലും ജനലുകളുമെല്ലാം സാമൂഹ്യവിരുദ്ധർ പൊളിച്ച് കൊണ്ട് പോയി. ലക്ഷക്കണക്കിന് വിലയുടെ മരങ്ങൾ ചാലിയാർ വഴി മോഷ്ടിച്ച്കൊണ്ടും പോയി. പഞ്ചായത്തിന്റെ ആകെയുള്ള ഭൂവിസ്തൃതിയുടെ നല്ലൊരു ഭാഗവും ഇങ്ങനെ ഉപകാരപ്പെടാതെ പോകുന്നതിനാൽ പുതിയ സംരഭങ്ങൾക്കൊന്നും നാട്ടിലെ വേറെ സ്ഥലവുമില്ലാതായി. ഒന്നുകിൽ മുമ്പ് പറഞ്ഞപോലെ വല്ല പരിസ്ഥിതി സൗഹാർദ്ദ വ്യവസായവും സർക്കാറും ഇപ്പോഴും ഭൂമി കൈവശം വെച്ചിരിക്കുന്ന ബിർള കമ്പനിയും നടത്തുക. അല്ലെങ്കിൽ പഞ്ചായത്തിൽ വരുന്ന വിവിധ സർക്കാർ വികസന പദ്ധതികൾക്ക് ഈ ഭൂമി വിട്ടുനൽകുക എന്നതാണ് മാവൂരിലെ ജനങ്ങളുടെ ആവശ്യം.