ന്യൂഡൽഹി: ഇരട്ടകളായ നവജാത ശിശുക്കൾ മരിച്ചുവെന്ന് തെറ്റായി റിപ്പോർട്ട് നൽകി വിവാദത്തിലായ മാക്സ് ആശുപത്രി സംഭവത്തിൽ ഉത്തരവാദികളായ രണ്ട് ഡോക്ടർമാരെ പുറത്താക്കി. സംസ്‌കരിക്കാൻ കൊണ്ടുപോകവേ കുട്ടികളിൽ ഒരാൾ ശ്വാസമെടുക്കന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവാദത്തിന് തുടക്കം. ഈ കുട്ടി പിന്നീട് ജീവിതത്തിലേക്ക് മടങ്ങി. ഡോക്ടർമാരായ എ.പി മേത്ത, വിശാൽ ഗുപ്ത എന്നിവരെയാണ് പുറത്താക്കുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡൽഹി ഷാലിമാർ ബാഗിലുള്ള മാക്‌സ് ആശുപത്രിയിൽ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരേ പ്രസവത്തിൽ ജനിച്ച ആൺകുട്ടിയും പെൺകുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടർമാർ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവർക്ക് കൈമാറുകയും ചെയ്തു. പെൺകുഞ്ഞ് ജനിക്കും മുമ്പേ മരിച്ചിരുന്നെന്നും ആൺകുഞ്ഞ് ജനിച്ച് നിമിഷങ്ങൾക്കം ബേബി നഴ്‌സറിയിൽ വച്ച് മരിച്ചെന്നുമാണ് മാതാപിതാക്കളെ അറിയിച്ചത്. എന്നാൽ, സംസ്‌കാരച്ചടങ്ങിന് തയ്യാറെടുക്കവെ പെട്ടിക്കുള്ളിൽ കുഞ്ഞുങ്ങളിലൊരാൾക്ക് അനക്കം കാണുകയായിരുന്നു. ഉടൻ തന്നെ കശ്മീരി ഗേറ്റ് പ്രദേശത്തുള്ള ആശുപത്രിയിലേക്കെത്തിച്ചതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി.

ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ സർക്കാരും ഇടപെട്ടു. ഇതോടെയാണ് രണ്ട് ഡോക്ടർമാരെ പുറത്താക്കി ആശുപത്രി അധികൃതരും തടിതപ്പിയത്. സംഭവത്തിൽ ഐ.എം.എയിൽ നിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെടുന്ന വിദഗ്ധ സമിതിലെ അന്വേഷണത്തിന് നിയോഗിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുത്തതെന്നും ആശുപത്രി ഞായറാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

പ്രസവമെടുത്ത ഡോക്ടറുടെ അശ്രദ്ധയാണ് സംഭവത്തിനിടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അന്വേഷണം നടത്തുന്നുണ്ട്. ഡൽഹി പൊലീസും സ്വമേധയാ കേസെടുത്ത് ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയും അനാസ്ഥയും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു.