പാലക്കാട്: കിടപ്പറരംഗങ്ങൾ ഒളിഞ്ഞു നോക്കിയതിന് ആദ്യം നാട്ടുകാർ കൈവച്ചു.16 വയസിൽ പൊലീസ് പിടിയിലുമായി. പക്ഷെ പിന്മാറിയില്ല. ഒളിഞ്ഞു നോട്ടം ഹരമായിത്തന്നെ തുടർന്നു.

ഇതിനിടക്ക് തരപ്പെട്ട സാധനങ്ങൾ മോഷ്ടിച്ചും തുടങ്ങി. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ബലഹീനതയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം സ്വദേശി മുഹമ്മദ് കബീർ (മാക്‌സി കബീർ- 42) ജാമ്യത്തിലിറങ്ങി മോഷണപരമ്പര തുടരവേ ഒന്നര വർഷത്തിനു ശേഷം ചെർപുളശേരിയിൽ വീണ്ടും പിടിയിലായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചെർപുളശേരി, പട്ടാമ്പി, ഷൊർണൂർ സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുള്ളതായാണ് ഇപ്പോൾ ലഭ്യമായ വിവരം.

കഴിഞ്ഞ നവംബർ മുതൽ മാക്‌സികബീർ പാലക്കാട് ജില്ലയിൽ മോഷണങ്ങൾ നടത്തി വരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ജനലിലൂടെ കൈയിട്ട് സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതാണ് കബീറിന്റെ രീതി. ആൾ സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും വഴികളുമാണ് മോഷണത്തിനായി ഇയാൾ തെരഞ്ഞെടുക്കാറ്. ബസിലും ഇരുചക്രവാഹനങ്ങളിലും കറങ്ങി സ്ഥലം കൃത്യമായി പഠിച്ച ശേഷമാണ് ഓപ്പറേഷൻ പ്ലാൻ ചെയ്ത് നടപ്പാക്കുക.

മോഷണം നടത്തുമ്പോഴും ഒരു പ്രത്യേകത ഇയാൾക്കുണ്ട്. ധരിച്ച വസ്ത്രങ്ങൾ അടിവസ്ത്രങ്ങളടക്കം ഊരി കൈയിൽ സൂക്ഷിക്കും. പോകുന്ന വഴി ലഭിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ പ്രത്യേകിച്ച് മാക്‌സി കൈക്കലാക്കി അതിനുള്ളിൽ സ്വന്തം വസ്ത്രങ്ങൾ ചുറ്റി ചുരുട്ടി കയർ രൂപത്തിലാക്കും.ഇത് മാത്രം അരയിൽ കെട്ടിയാണ് കബീർ മോഷണം നടത്തുക.

സ്ത്രീകളുടെ വസ്ത്രങ്ങളോടു ഭ്രാന്തമായ അഭിനിവേശമുള്ള കബീറിന് പക്ഷെ സ്ത്രീ സംസർഗത്തിനു വലിയ താൽപര്യമില്ല. രണ്ടുഭാര്യമാരിലായി മൂന്നുവീതം കുട്ടികളുണ്ട് ഈ നാൽപതുകാരന്. 2014 ൽ മോഷണക്കേസുകളിൽ പെട്ട് മലപ്പുറത്ത് പിടിയിലായി റിമാന്റിൽ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പിന്നീടാണ് പ്രവർത്തനരംഗം അയൽ ജില്ലയായ പാലക്കാട്ടേക്ക് മാറ്റിയത്.

മലപ്പുറത്ത് മക്കരപ്പറമ്പ്, കുറുവ, പുഴക്കാട്ടിരി, മങ്കട, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലെ 70 വീടുകളിൽ മോഷണം നടത്തിയതിനായിരുന്നു നേരത്തെ അറസ്റ്റിലായത്. മക്കരപ്പറമ്പ് സ്‌കൂൾപടിയിലായിരുന്നു കുറ്റിപ്പുളിയൻ അബ്ദുൾ കബീർ അന്ന് താമസിച്ചിരുന്നത്. 70 വീടുകളിൽനിന്നായി 100 പവനിലധികം സ്വർണം അബ്ദുൾ കബീർ 2014ൽ മാത്രം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. മലപ്പുറം ക്രൈം സ്‌ക്വാഡിലെ എഎസ്ഐ ഉമ്മർ മേമനയുടെ വീട്ടിൽനിന്നും നാലുപവൻ മോഷ്ടിച്ചതും അബ്ദുൾ കബീർതന്നെയാണെന്ന് തെളിഞ്ഞിരുന്നു.