ന്യൂഡൽഹി: ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്രധാന ബാറ്റ്സ്മാനുമായ ഗ്ലെൻ മാക്സ് വെൽ ഇന്ത്യക്കാരിയായ കാമുകി വിനി രാമനെ വിവാഹം ചെയ്തു.

മിസ് ആൻഡ് മിസിസ് മാക്‌സ്വെൽ എന്ന ക്യാപ്ഷനോടെ വിനി രാമൻ ഇൻസ്റ്റഗ്രാമിൽ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. 18.03.22 എന്ന തിയതിയാണ് ഒപ്പം നൽകിയിരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2017ലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആദ്യം പുറത്തു വരുന്നത്. 2019ലെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അവാർഡ്‌സിൽ മാക്‌സ് വെല്ലിനൊപ്പം വിനിയും എത്തിയിരുന്നു.

കഴിഞ്ഞ ഒരു ദശകമായി ഐപിഎല്ലിൽ തകർപ്പൻ ബാറ്റിംഗിലൂടെ മനം കവർന്ന 33 കാരനായ ഗ്ലെൻ മാക്സ് വെല്ലിന്റെ വിവാഹം സംബന്ധിച്ച ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതിനാടകീയമായാണ് വിനി രാമൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹം നടന്നതായി സ്ഥിരീകരിച്ചത്. ഇരുവരും ചുംബിക്കുന്ന ചിത്രം നൽകിയായായിരുന്നു വിനി രാമൻ വിവാഹവാർത്ത പുറത്തുവിട്ടത്.

 
 
 
View this post on Instagram

A post shared by VINI (@vini.raman)

പിന്നീട് ഗ്ലെൻ മാക്സ് വെല്ലും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ വിവാഹ വാർത്ത പുറത്തുവിട്ടു. ഇരുകൂട്ടരുടെയും വിവാഹമോതിരം കാട്ടിക്കൊണ്ടായിരുന്നു ഈ വാർത്ത മാക്സ് വെൽ സ്ഥിരീകരിച്ചത്. 'സ്നേഹം പരിപൂർണ്ണത തേടിയുള്ള അന്വേഷണമാണ്. നിന്നിലൂടെ ഞാൻ പരിപൂർണ്ണനായെന്ന് അനുഭവപ്പെട്ടു'- ഗ്ലെൻ മാക്സ് വെൽ ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ നാല് വർഷമായി ഇരുവരും അടുത്തിരുന്നു. 2020 ഫെബ്രുവരിയിലാണ് വിവാഹസമ്മതം നടത്തിയത്. അതിന് ഒരു ഭാരതീയ വേഷത്തിലാണ് ഗ്ലെൻ മാക്സ് വെൽ പ്രത്യക്ഷപ്പെട്ടത്. മാർച്ച് 27ന് ഇരുവരും തമിഴ്‌ശൈലിയിൽ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചുള്ള വിവാഹ കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിന് മുൻപേ തന്നെ ഇരുവരും വിവാഹിതരായെന്ന വാർത്ത പുറത്തുവരികയായിരുന്നു.

ഓസ്‌ട്രേലിയയിലെ മെൽബണിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി രാമൻ. ഓസ്‌ട്രേലിയൻ നഗരത്തിൽ ജീവിക്കുന്ന തമിഴ് കുടുംബമാണ് വിനിയുടേത്. ഈയിടെ ശ്രീലങ്കയിൽ ട്വന്റി 20 പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗ്ലെൻ മാക്സ് വെൽ കളിച്ചിരുന്നു. 5-0ന് ഓസ്‌ട്രേലിയ ജയിച്ച ഈ പരമ്പരയിൽ 138 റൺസോടെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ഗ്ലെൻ ആയിരുന്നു.

ഇക്കുറി ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ വിരാട് കോഹ് ലി, മൊഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഗ്ലെൻ മാക്സ് വെല്ലിനെയും നിലനിർത്തിയിരുന്നു. 11 കോടിയാണ് പ്രതിഫലം. വിരാട് കോഹ്ലിക്ക് 15 കോടിയും.