'ദ ഗ്രേറ്റ് കം ബാക്ക്'! മലയാള സിനിമക്ക് പുതിയ ഭാവുകത്വം തന്ന യുവസംവിധായകരിൽ ഒരാളായ ആഷിക്ക് അബുവിന്റെ അതിഗംഭീരമായ മടങ്ങിവരവ്. മായാനദിയെന്ന പുതിയ ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ഗ്യാങ്ങ്സ്റ്റർ എന്ന മമ്മൂട്ടി നായകനായ അറുവഷളൻ സിനിമയും, റാണി പത്മിനിയെന്ന 'സോദ്ദ്യേശ്യ കുടുംബ ചിത്രവുമാണ'് അവസാനമായി വന്ന ആഷിക്കിന്റെ രണ്ട് ചിത്രങ്ങൾ.പിന്നീട് നല്ല കുറേ സിനിമകളുടെ നിർമ്മാതാവായല്ലാതെ, സംവിധായകനായി ഇദ്ദേഹത്തെ കണ്ടിട്ടില്ല. '22ഫീമെയിൽ കോട്ടയം'പോലെ മലയാളിയെ ഞെട്ടിച്ച ചിത്രമെടുത്ത സംവിധായകന്റെ മടങ്ങിവരവ് തന്നെയാണ് ആ നിലക്ക് ഇത് .

പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമകൾ ഏറെയുണ്ട് മായാനദിയിൽ. ഐ.എഫ്.എഫ്.കെയിൽനിന്നും മറ്റും ഒരു വിദേശ സിനിമയാണോ കണ്ടുകൊണ്ടരിക്കുന്നതെന്ന് ഒരുവേള ശങ്കിച്ചുപോയി. ഇവിടെ ജീവിതം ഒരു നദിയാണ്. ഇതിൽ പ്രണയമുണ്ട്, അതിജീവനമുണ്ട്, ഭരണകൂടത്തിന്റെ നിർദയമായ നീതിരാഹിത്യമുണ്ട്.ഇടക്ക് ഈ നദി കലങ്ങിമറിഞ്ഞ് രൗദ്രമാവും.ഇടക്ക് സ്‌നേഹക്കാറ്റിൽ കുളിരുതരും. അങ്ങനെ മായാനദിപോലെ കുറെ ജീവിതങ്ങൾ.

തീർത്തും റിയലിസ്റ്റിക്കായി കഥപറഞ്ഞുകൊണ്ട് പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്കുള്ള ആഷിക്ക് അബുവിന്റെ യാത്ര, പരമ്പരാഗതമായ വഴികൾ ഉപേക്ഷിച്ചുകൊണ്ടാണ്.പക്ഷേ ഒരു മിനുട്ടുപോലും ലാഗടിപ്പിക്കുന്നില്ല. മൂന്ന് കഥാസന്ദർഭങ്ങൾ ഒരുപോലെ പുരോഗമിച്ച് ഒടുവിൽ വലിയൊരു ഞെട്ടലിൽ അവസാനിക്കുമ്പോൾ അറിയാതെ കൈയടിച്ചുപോവും.

അതാണ് സിനിമയുടെ ശക്തി. അമൽനീരദിന്റെ കഥയും ശ്യാം പുഷ്‌ക്കരൻ ടീമിന്റെ കരുത്തുറ്റ രചനയും അഭിനന്ദനം അർഹിക്കുന്നു. തുളഞ്ഞുകയറുന്ന എന്നാൽ ഹ്രസ്വമായ ഡയലോഗുകൾ ചിത്രത്തിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു. പക്ഷേ കടുത്ത കപട സദാചാരവാദിയായ ശരാശരി മലയാളിക്ക് എളുപ്പത്തിൽ ദഹിക്കുന്നതല്ല ഈ പടം. നവമാധ്യമങ്ങളിൽ മതമൗലിക വാദികളും, താരഫാൻസുകാരും ഈ പടത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നത് നോക്കുക.ഈ എതിർപ്പ്തന്നെയാണ് മായാനദിയുടെ ശക്തിയും.

തിളച്ചുമറിയുന്ന ജീവിത നദീതീരത്ത്

ചിത്രം തുടങ്ങുന്നതുതന്നെ പൂർണ ഇരുട്ടിലാണ്. തമിഴിലുള്ള ഡയലോഗുകൾ മാത്രമേ കേൾക്കാനാവൂ.നായകൻ മാത്യൂസ് എന്ന മാത്തൻ( ടൊവീനോ തോമസ്) എപ്പോഴും ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നതിനെ കളിയാക്കുന്ന സുഹൃത്തിനോട് അയാൾ പറയുന്നത്, വർത്തമാനത്തിലും ഭൂതകാലത്തും ജീവിതത്തിൽ നല്ലതൊന്നും സംഭവിച്ചിട്ടില്ലാത്ത താൻ ഭാവിയെക്കുറിച്ചെങ്കിലും അൽപ്പം പ്രതീക്ഷ പുലർത്തിക്കോട്ടെ എന്നാണ്.

കഥാപാത്രങ്ങളെ ഒരിക്കലും നേരിട്ട് പരിചയപ്പെടുത്താതെ കഥ പുരോഗമിക്കുമ്പോഴുള്ള കൊച്ചുകൊച്ചു സംഭാഷണങ്ങളിലൂടെ അവരെ അനാവരണം ചെയ്യുകയെന്നതാണ് ഇവിടെ ആഷിക്ക് ചെയ്തിരിക്കുന്ന രീതി. ഈ പടത്തിന്റെ ഘടനവെച്ച് അത് വൃത്തിയായിട്ടുമുണ്ട്.
ഒരു എഞ്ചിനിയറിങ് ഡ്രോപ്പ് ഔട്ടായ മാത്തൻ ഇന്ന് മധുരയിലെ ഒരു ഹവാല ഏജന്റാണ്.താൻ പഠിച്ച കോളജിലെ തന്നെ അഡ്‌മിഷൻ ബ്രോക്കറുമാണ് അയാൾ.( ഇവിടെയും ഡീറ്റെയിൽസിലേക്ക് കടക്കുന്നില്‌ളെങ്കിലും ചിന്തിക്കുന്നവർക്ക്,സ്വാശ്രയ വിദ്യാഭ്യാസ വ്യവസായവും വിദ്യാഭ്യാസ കച്ചവടവത്ക്കണവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചിത്രം നൽകുന്നു)

അങ്ങനെ കറുത്ത പണത്തിന്റെ വഴിയെ സഞ്ചരിക്കുമ്പോഴും മാത്തന്റെ മനസ്സിൽ നിറയെ പ്രണയമാണ്.കോളേജിൽ തന്റെ ജൂനിയറായി പഠിച്ച, ചില കാരണങ്ങളാൽ പിന്നീട് തന്നോട് തെറ്റിയ അപർണയാണ് ( ഐശ്വര്യ ലക്ഷ്മി) അയാൾക്ക് എല്ലാം. അങ്ങനെ ഒരു ഹവാല വിതരണവുമായി കൊടൈക്കനാലിലേക്കുള്ള ഒരു യാത്രയിൽ മാത്തന്റെ ജീവിതം ആകെ മാറിമറയുന്നു.പൊലീസ് വെടിവെപ്പിൽ കൂട്ടത്തിൽ എല്ലാവരും മരിക്കുമ്പോഴും അയാൾ രക്ഷപ്പെടുന്നു. പക്ഷേ വണ്ടിയെടുത്തുള്ള അയാളുടെ വേഗപ്പാച്ചിലിൽ അബദ്ധത്തിൽ ഒരു പൊലീസുകാരനും കൊല്ലപ്പെടുന്നു.പക്ഷേ ഒന്നും നോക്കാതെ മാത്തൻ നേരെ കൊച്ചിയിലേക്ക് വെച്ചുപിടിക്കയാണ്.തന്നെപ്പോലെ എൻജിനീയറിങ്ങ് ഡ്രോപ്പ് ഔട്ടായ, മോഡലിങ്ങിലും ആങ്കറിങ്ങുമായി ജീവിക്കുന്ന, സിനിമാ സ്വപ്നവുമായ കഴിയുന്ന അപർണയെ കാണാനായി.

ചിലപ്പോൾ തല്ലിയും ചിലപ്പോൾ വെറുത്തും മറ്റുചിലപ്പോൾ കാമിച്ചും അപർണ മാത്തനെ സ്വീകരിക്കുന്നത്.മാത്തന്റെയും അപർണ്ണയുടെയും വിചിത്രമായ പ്രണയത്തിന്റെ കൊച്ചി ഒരു ഭാഗത്ത്.സമാന്തരമായി തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം. ഒപ്പം സിനിമക്കുള്ളിലെ സിനിമപോലെ അപർണയുടെയും കൂട്ടുകാരിയായ ഒരു നടിയുടെയും ജീവിതം. ഈ മൂന്നുകഥാലോകത്തെയും മനോഹരമായി സമ്മേളിപ്പിക്കുന്നിടത്താണ് ആഷിക്ക് അബുവിന്റെ മിടുക്ക് കിടക്കുന്നത്.ഒരു സംവിധായകൻ എന്ന നിലയിൽ ആഷിക്കിന്റെ വളർച്ച തന്നെയാണ് ഇവിടെ കാണുന്നത്.

പൂച്ചയുടെ ജന്മം എന്നാണ് അപർണ മാത്തനെ വിശേഷിപ്പിക്കുന്നത്.ശരിക്കും ഒരു സർവൈവർ. ചിട്ടിപൊളിഞ്ഞ് പാപ്പരായതിന്റെ വിഷമത്തിൽ അപ്പൻ കുടുംബത്തോടെ വിഷംകലക്കി കുടിപ്പിച്ചപ്പോൾ ബാക്കിയായത് കുട്ടിയായ മാത്തന്മാത്രം. അങ്ങനെ വളർന്ന് വന്നതാണ് അയാൾ. പക്ഷേ, എങ്ങനെ വീണാലും നാലുകാലിൽ നിൽക്കുന്ന മാത്തന്റെ അവസാന രംഗങ്ങളൊക്കെ ഭീതിയോടെ മാത്രമേ നമുക്ക് കണ്ടുനിൽക്കാൻ കഴിയൂ.

ലൈംഗികത സ്ത്രീ സ്വയം നിർണ്ണയിക്കുമ്പോൾ

മാധവിക്കുട്ടിയുടെ 'എന്റെ കഥ' പുറത്തിറങ്ങിയപ്പോൾ,എംപി നാരായണപ്പിള്ള ഇങ്ങനെ എഴുതി.'ലൈംഗിക ദാരിദ്രംകൊണ്ട് വീർപ്പുമുട്ടുന്ന മലയാളി സമൂഹത്തിനുനേരെ തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണ് ഇതെന്ന്'.അത് കടമെടുത്ത് പറയട്ടെ, സദാചാരപൊലീസിങ്ങടക്കമുള്ള കടുത്ത ആൾക്കൂട്ടാധിപത്യക്രമം നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ, കിടപ്പറ സ്വപ്നങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഈ പടം.ചിത്രത്തിലെ നായിക നായകനും തമ്മിൽ ചുണ്ടുകൾചേർത്ത് ചുംബിക്കുന്നതാണ് പലരും വിമർശിക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും സൗഹൃദത്തിന്റെപേരിൽ ഒന്ന് കെട്ടിപ്പിടച്ചാൽപോലും സ്‌കൂളിൽനിന്ന് പുറത്താക്കപ്പെടുന്ന, സദാചാരക്കൂരു പൊട്ടിയൊലിക്കുന്ന സമകാലീന കേരളീയ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് ഓർക്കണം.മായാനദിയിലെ നായിക അപർണ ലൈംഗികത പാപമായി കാണുന്ന കുലസ്ത്രീയല്ല. തനിക്ക് നല്ല മൂഡുള്ളപ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടാനായി അവൾ കാമുകനെ വിളിച്ചുവരുത്തുന്നു. തീർന്നില്ല, മലയാളി സദാചാരപൊലീസിന് ഞെട്ടാനുള്ള വകുപ്പുകൾ ആഷിക്ക് ഇനിയും ഒരുക്കിവെച്ചിട്ടുണ്ട്.ഒരു വേഴ്ചക്കുശേഷം അവൾ തന്റെ പുരുഷനോട് 'വൺസ്‌മോർ' എന്ന് ആവശ്യപ്പെടുമ്പോൾ അയാൾതന്നെ അമ്പരക്കുന്നുണ്ട്.

ആ വേഴ്ചകൾക്കുശേഷം അയാൾ കരുതുന്നത് തന്റെ കൂടെ ജീവിക്കാൻ അവൾ തയാറാകുമെന്നാണ്.പക്ഷേ അവിടെയും അവൾ ഞെട്ടിക്കുന്നു.
' സെ്കസ് ഈസ് നോട്ട് എ പ്രോമിസ്'എന്നാണ് അവളുടെ പക്ഷം.അതായത് ഞാൻ എന്റെ സുഖത്തിനായി ഇണചേരുന്നു. നിന്റെ ഭാര്യയായി ജീവിക്കാനുള്ള സമ്മതപത്രമല്ല അതെന്ന്.സ്ത്രീ ലൈംഗിതയെയും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇത്ര ശക്തമായി പറയുന്ന ഒരു പടം മലയാളത്തിൽ വേറെയില്ലെന്ന് പറയാം.

അപ്പോൾ ക്ഷുഭിതനായ നായകന്റെ മറുപടി നോക്കുക. 'നീയെന്താ പോസ്റ്റിറ്റിയൂട്ടുകളെപ്പോലെ സംസാരിക്കുന്നത്' എന്നാണ്.ടിപ്പിക്കൽ മലയാളി പുരുഷന്റെ ചിന്തയെന്ന നിലക്ക് കൈയടിച്ചുപോയി ശ്യാം പുഷ്‌ക്കരന്റെ ആ ഡയലോഗിന്.അതായത് ഒരു തവണ ശാരീരിക ബന്ധത്തിലേർപ്പെട്ടാൻ പിന്നെ പെണ്ണ് ആജീവനാന്തം കൂടെ നിന്നോളുമെന്നത് ഇവിടുത്തെ പരമ്പരാഗത ധാരണയാണ്.ബലാൽസംഗം ചെയ്തവൻ വിവാഹം കഴിച്ചാൽ ശിക്ഷയില്ലാവുമെന്ന് കരുതുന്ന മതബോധമുള്ളവർക്ക് കുരുപൊട്ടുന്നതിൽ പിന്നെ അത്ഭുതമുണ്ടോ?

പുരുഷൻ തന്റെ ലൈംഗികതയെ സ്വയം നിർണ്ണയിക്കുന്നതുപോലെ, ഒരു സ്ത്രീ ചെയ്താൽ സദാചാരം ഇടിഞ്ഞുപോവുമെന്ന് കരുതുന്നവർക്കുള്ള നല്ല നമസ്‌ക്കാരമാണ് ഈ പടം.അതുകൊണ്ടുതന്നെ വേണമെങ്കിൽ മലയാളത്തിലെ ആദ്യത്തെ ലൈംഗിക സ്ത്രീപക്ഷ സിനിമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.പുരുഷന്റെ കാഴ്ചപ്പാടിലൂടെയല്ലാതെ സെ്ക്‌സ് ചിത്രീകരിച്ച എത്ര ചിത്രങ്ങൾ മലയാളത്തിലുണ്ടെന്ന് ഒന്ന് ചിന്തിച്ചുനോക്കുക.

പഴഞ്ചൻ കാഴ്ചപ്പാടുകളുടെ പൊളിച്ചെഴുത്തുകൾ ഈ പടത്തിലെ വ്യക്തി ബന്ധങ്ങളിൽ ഉടനീളം കാണാം. വേഴ്ചക്കുശേഷം, രാവിലെ അമ്മയും സഹോദരനും കാറിൽ വീട്ടുമുറ്റത്ത് എത്തുമ്പോൾ നമ്മുടെ നായകൻ മാത്തൻ പരിഭ്രാന്തനാവുകയാണ്.ഞാൻ പിറകിലൂടെ കണ്ടംവഴി ഓടട്ടെ എന്നാണ് അയാളുടെ ചോദ്യം.എന്നാൽ അപർണ ഒട്ടും പരിഭ്രമിക്കുന്നില്ല.വാതിൽ തുറന്ന് അവർ കൂളായി അമ്മയെയും സഹോദരനെയും പരിചയപ്പെടുത്തുകയാണ്.'ഇത് മാത്യൂസ് കോളജിൽ എന്റെ സീനിയറായിരുന്നു' എന്ന് തുടങ്ങി.തന്റെ ലൈംഗികത തെറ്റാണെന്ന ലവലേശം ചിന്ത അവൾക്കില്ല. അതാണ് ആദ്യമേ പറഞ്ഞത് സോ കോൾഡ് ചാരിത്രവാദികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഈ പടമെന്ന്.

സ്ത്രീപുരുഷ-ബന്ധത്തിലെ മാറിയ കാഴ്ചപ്പാടുകൾ മാത്രമല്ല വെള്ളിത്തിരയുടെ ലോകത്തുപോലും യുവനടിമാരുടെ പ്രശ്‌നങ്ങളും വളരെ കൃത്യമായി ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.ലിയോണ ലിഷോയുടെ സമീറ എന്ന യുവനടിയുടെ കഥാപാത്രചിത്രീകരണത്തിലൂടെ വ്യക്തമായ ചില തിരച്ചറിവുകൾ സംവിധായകൻ നൽകുന്നുണ്ട്.

ചിത്രത്തിനെതിരെ ഫാസിസ്റ്റുകൾ ഒറ്റക്കെട്ടാവുമ്പോൾ

ഒരിക്കലും രാഷ്ട്രീയം തുറന്നുപറയാതെ ഉരുണ്ടുകളിക്കുന്നവരിൽനിന്ന് വ്യത്യസ്തമായി സ്വന്തം നിലപാട് നവമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ വ്യക്തിയാണ് ആഷിക്ക് അബു.അതുകൊണ്ടുതന്നെ ആഷിക്കിന്റെ ഏത് ചിത്രമിറങ്ങിയാലും ഒരു വിഭാഗത്തിന്റെ എതിർപ്പ് ശക്തമാവാറുണ്ട്.എന്നാൽ ഇത്തവണ നോക്കുക.

സോഷ്യൽമീഡിയയിൽ പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന ഫാസിസ്റ്റുകൾ, അടുത്തകാലത്ത് എന്തെങ്കിലും കാര്യത്തിൽ ഐക്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് മായാവതി സിനിമക്കെതിരെ പോസ്റ്റിടുന്ന കാര്യത്തിൽ മാത്രമായിരിക്കും. നവമാധ്യമങ്ങളിൽ ഈ സിനിമയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതിൽ സംഘികളും സുഡാപ്പികളും മാത്രമല്ല മമ്മൂട്ടി ഫാൻസുമുണ്ട്.ചിത്രം ഉന്നയിക്കുന്ന തുറന്ന ലൈംഗികതയോടും, മനുഷ്യാവകാശ പ്രശ്‌നങ്ങളോടും മതമൗലിക വാദികൾക്കുള്ള സമീപനം മനസ്സിലാക്കാം.(എൻകൗണ്ടർ കൊല കാണിച്ച് ഇന്ത്യയെ അപാമാനിച്ച ആഷിക് പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് ഒരു വിഭാഗത്തിന്റെ പോസ്റ്റ്. മറുഭാഗത്ത് ചുംബന രംഗങ്ങൾ കാണിച്ച് ചിത്രം അരാജകത്വം വളർത്തുന്നെന്നും) പക്ഷേ മമ്മൂട്ടി ഫാൻസ് എങ്ങനെ ഈ പട്ടികയിൽവരുന്നെവെന്ന് ആദ്യം പിടി കിട്ടിയിട്ടില്ലായിരുന്നു. ആഷിക്കിന്റെ ഭാര്യയും നടിയും ഈ ചിത്രത്തിന്റെ സഹ നിർമ്മാതവുമായ നടി റിമകല്ലിങ്കൽ, നടി പാർവതി മമ്മൂട്ടിക്കെതിരെ ഉയർത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഒപ്പം ചേർന്നതാണത്രേ ഫാൻസുകാരെ ചൊടിപ്പിച്ചത്.എല്ലാവിധ അന്ധമായ ആരാധനയും പരിധിവിട്ടാൽ ഒരുതരം ഫാസിസ്റ്റ് സ്വഭാവത്തിലേക്കാണ് നീങ്ങുകയെന്ന് വ്യക്തം.

പ്രിയപ്പെട്ട ആഷിക്ക് അബു,നിങ്ങൾ പൊളിറ്റിക്കലി കറക്ട് ആണെന്നതിന് ഇതിൽ കൂടുതൽ തെളിവുവേണ്ട. ചിത്രമുയർത്തുന്ന ചോദ്യങ്ങൾ ചിലരെ നന്നായി പൊള്ളിക്കുന്നുണ്ടെന്ന് വ്യക്തം.ഇത് പുതിയ ഒരുതരം തന്ത്രമാണ്.കൂട്ടമായി നെഗറ്റീവ് റിവ്യൂകൾ എഴുതി തളർത്തുകയന്നെ തന്ത്രം.അതുകൊണ്ടുതന്നെ നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെയും പരോഗമന-മതേതര മനസ്സുള്ളവരെയും പിന്തുണ ഈ ചിത്രം ആഗ്രഹിക്കുന്നുണ്ട്.

ടൊവീനോ മുൻ നിരയിലേക്ക്; തിളങ്ങിയത് ഐശ്വര്യ

2017 ടൊവീനോ തോമസ് എന്ന നടന്റെ കൂടി വർഷമാണ്.മലയാളത്തിലെ മുൻനിര നായകർക്കൊപ്പം ഇരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഈ നടൻ ഒരിക്കൽകൂടി തെളിയിക്കുന്നു. പക്വമായി ചിന്തിക്കാൻ കഴിവില്ലാത്ത പയ്യൻലുക്കുള്ള നായകനായി ടൊവീനോ നന്നായിട്ടുണ്ട്.പക്ഷേ അതിലും കലക്കിയത് നായിക അപർണയായ എശ്വര്യാലക്ഷ്മിയാണ്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യിൽനിന്ന് തീർത്തും വ്യത്യസ്തമായ വേഷമാണ് ഐശ്വയുടെ അപർണ.പെട്ടെന്ന് മൂഡ് സ്വിംഗുകൾ ഉണ്ടാകുന്ന, അതേസമയം തൻേറടിയായ ജീവിതപോരാളി. അച്ഛൻ മരിച്ച തന്റെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള നെട്ടോട്ടവും പ്രണയവും ചലച്ചിത്രമേഖലയിലെ മൽസവരും സമ്മർദ്ദവുമെല്ലാം ഐശ്വര്വ അമ്പരപ്പിക്കുന്ന മേക്കോവറിലാണ് ചെയ്യുന്നത്.

സഹതാരങ്ങൾക്കും കൃത്യമായ സ്‌പേസ് കൊടുക്കുന്ന ചിത്രമാണിത്. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായി എത്തിയ ഹരീഷ് ഉത്തമന്റെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാൻ, ബേസിൽ ജോസഫ് ചിത്രത്തിലുണ്ടെങ്കിലുംലൃ ലിജോക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.രണ്ടുസീനിൽ മാത്രം വന്ന് വിറപ്പിച്ച് പോകുന്നുണ്ട് സൗബിൻ ഷാഹിർ.

മായനദിയെ മനോഹരമാക്കിയതിൽ സംഗീതത്തിനുള്ള പങ്ക് വലുതാണ്. റെക്‌സ് വിജയന്റെ പശ്ചാത്തലസംഗീതം തകർത്തു. ഷഹബാസ് അമന്റെ ശബ്ദമാണ് എടുത്തുപറയേണ്ടത്.കേരളം കാത്തിരിക്കുന്ന പുരുഷ ശബ്ദം!ജയേഷ് മോഹന്റെ ഛായാഗ്രഹണ മിടുക്ക് ചിത്രത്തിൽ ഉടനീളം പ്രകടവമണ്.പ്രത്യേകിച്ച് അവസാന രംഗങ്ങളിൽ.

വാൽക്കഷ്ണം: കപടസദാചാര വാദികൾ ഈ പടത്തെ പോസ്റ്റി നാറ്റിക്കുന്നത് മനസ്സിലാക്കാം. പക്ഷേ ചില ഫെമിനിസ്റ്റുകളോ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ 'ഉദാഹരണം സുജാത'പോലുള്ള ചിത്രങ്ങളാണ് ഇവർക്ക് മൂല്യവത്തായ ചിത്രങ്ങൾ. സ്ത്രീ അങ്ങനെ ആയിരക്കണം പോലും.ഭർത്താവ് മരിച്ചാൽ അവൾ പിന്നെ സ്വന്തം സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് മകൾക്കായി ജീവിക്കണം. അവളുടെ എല്ലാകാര്യവും അറിയാവുന്ന ഒരു സർക്കാർ ജീവനാക്കാരായ ഉദ്യോഗസ്ഥൻ വിവാഹം അന്വേഷിച്ചാൽ പോലും തട്ടിക്കളയണം. എങ്കിലെ നിങ്ങൾ ഒരു കുലസ്ത്രീയാവൂ.പീക്കോക്ക് ഫെമനിസ്റ്റുകൾ എന്ന് സോഷ്യൽ മീഡിയ കളിയാക്കുനനതിലും കുറച്ച്കാര്യങ്ങൾ ഇല്ലാതില്ല.