ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ അവലോകനയോഗം ചേർന്ന് ബി.എസ്‌പി. ലഖ്നൗവിലെ പാർട്ടി ഓഫീസിൽ, അധ്യക്ഷ മായാവതിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

മൂന്നുപദവികളൊഴികെ പാർട്ടിയുടെ മുഴുവൻ യൂണിറ്റുകളും മായാവതി പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നിവയുൾപ്പെടെ മൂന്നു പദവികൾ മാത്രമാണ് നിലനിർത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2007-ൽ സമ്പൂർണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.എസ്‌പിക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായത് ഒരേയൊരു സീറ്റിൽ മാത്രമാണ്. യോഗത്തിൽ ബി.എസ്‌പി. നേതാക്കളും ഭാരവാഹികളും പങ്കെടുത്തു.

എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവ് രാജിവെച്ചതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസംഗഢ് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെയും യോഗം നിശ്ചയിച്ചു. ഗുഡ്ഡു ജമാലിയായിരിക്കും അസംഗഢ് ഉപതിരഞ്ഞെടുപ്പിലെ ബി.എസ്‌പി. സ്ഥാനാർത്ഥി.