ലക്നൗ: യുപിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി. എസ് പിയേയും ബിഎസ് പിയേയും തെറ്റിക്കലായിരുന്നു ലക്ഷ്യം. എന്നാൽ അത് നടക്കില്ലെന്ന് ഉറപ്പായി. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി പോലും സഖ്യമുണ്ടാക്കുമെന്ന നിലപാടിലാണ് ബിഎസ്‌പിയുടെ മായാവതി. ഇതിനിടെ കൂറുമാറി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ബിഎസ്‌പി എംഎൽഎ അനിൽ കുമാർ സിങിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ ബിഎസ്‌പി പിന്തുണക്കുമെന്ന് മായാവതി അറിയിച്ചു. വർഗീയ വാദികളെ അധികാരത്തിൽ നിന്ന് പിഴുതെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലേറുന്നതിന് തങ്ങളുടെ പിന്തുണ എല്ലാഴ്പ്പോഴും ഉണ്ടാകും-മയാവതി ഇങ്ങനെയാണ് പ്രതികരിച്ചത്.

അതിനിടെ തെലുങ്ക് ദേശം പാർട്ടി എൻഡിഎ വിട്ടതിന് പിന്നാലെ ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം)യും മുന്നണി വിട്ടു. ബിജെപി വിശ്വാസ വഞ്ചന കാണിച്ചെന്നാരോപിച്ചാണ് മുന്നണി വിടുന്നതെന്ന് ജി.ജെ.എം അധ്യക്ഷൻ എൽഎം ലാമ പറഞ്ഞു. ഇതും ബിജെപിക്ക് തിരിച്ചടിയാണ്. പാർട്ടിക്ക് ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുമായി ഒരു ബന്ധവും ഉണ്ടാകില്ല. ബിജെപി പശ്ചിമ ബംഗാൾ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രസ്താവനയിൽ തങ്ങൾ നിരാശരാണ്. തെരഞ്ഞെടുപ്പുകളിൽ ഇനി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യത്തിൽ വിള്ളലുണ്ടാകുന്നതും പ്രതിപക്ഷത്തിന് കരുത്താണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം നേടുകയെന്ന മോദിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം.

ഇതോടെ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയെ തോൽപ്പിക്കാനുള്ള അവസരമാണ് കോൺഗ്രസിന് കൈവരുന്നത്. യുപിയിലും ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹിമാചലിലും വമ്പൻ വിജയം നേടിയതാണ് ലോക്‌സഭയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകിയത്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ഉണ്ടായാൽ ബിജെപിക്ക് ഇതിന് കഴിയാതെ പോകും. ഇതിനുള്ള രാഷ്ട്രീയ സാഹചര്യമാണ് മായവതി ഉയർത്തികൊണ്ട് വരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ബിജെപി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം എസ്‌പി.-ബിഎസ്‌പി സഖ്യത്തിൽ വിള്ളലുണ്ടാക്കുകയായിരുന്നുവെന്ന് മായാവതി തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതിനാൽ ഈ ബന്ധത്തിൽ ഒരു വിള്ളലും ബിജെപിക്ക് ഉണ്ടാക്കാനാകില്ല. ബിജെപി നേതാക്കൾക്ക് ഞാൻ ഉറക്കമില്ലാ രാത്രികൾ നൽകി കൊണ്ടേയിരിക്കുമെന്നും അവർ പറഞ്ഞു. രാജ്യസഭയിൽ പരജായപ്പെട്ടാൽ മായാവതി എസ്‌പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ബിജെപിക്ക് തോന്നിയിട്ടുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് എതിർപാർട്ടികളെ പരാജയപ്പെടുത്തുന്നതെന്നും മായാവാതി ആരോപിച്ചു. ഫുൽപുർ, ഗോരഖ്പുർ തിരഞ്ഞെടുപ്പിലെ കൂറ്റൻ പരാജയം മറക്കാൻ ബിജെപിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിലെ അധാർമിക വിജയത്തിനാകില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.

ഇതിനിടെ ബിഎസ്‌പിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന സൂചന നൽകി എസ്‌പി സ്ഥാനാർത്ഥിയുടെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷം അഖിലേഷ് യാദവ് റദ്ദാക്കി. ബി.എസ്‌പി.സ്ഥാർഥി പരാജയപ്പെട്ട പശ്ചാത്തലത്തിലാണിത്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രധാന സഖ്യ കക്ഷിയാണ് ഗൂർഖ ജനമുക്തി മോർച്ച. മൂന്ന് എംഎൽഎമാരാണ് സംസ്ഥാനത്ത് അവർക്കുള്ളത്. ഗൂർഖലാൻഡ് എന്ന പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ ബംഗാളിൽ നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു. ഈ പാർട്ടിയാണ് എൻഡിഎ വിടുന്നത്. ഗൂർഖകളോട് ബിജെപിക്ക് യാതൊരു അനുകമ്പയുമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള സഹായം മാത്രമാണ് അവർക്ക് വേണ്ടത്. ഡാർജലിങ് ലോക്സഭാ സീറ്റിൽ 2009-ലും 2014-ലും ബിജെപിയുടെ ജയം ഞങ്ങൾ നൽകിയ സമ്മാനമാണെന്നാണ് ഗൂർഖ ജനമുക്തി മോർച്ച അവകാശപ്പെടുന്നത്.

കർണ്ണാടകയിൽ കോൺഗ്രസിന് കരുത്ത് കൂടുന്നു

കർണാടകത്തിൽ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ ഇവിടെ കോൺഗ്രസ് കൂടുതൽ കരുത്തരാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് വിമത ജെഡിഎസ് എംഎൽഎമാർ രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ച അഞ്ച് എംഎൽഎമാരെ കൂടാതെ ഇന്ന് രണ്ട് പേർ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകി. ഇവർ കോൺഗ്രസിൽ ചേർന്നേക്കും. മൈസൂരുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരിക്കും ഇവർ അംഗത്വം സ്വീകരിക്കുക.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരുന്നു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീർ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോൺഗ്രസിൽ ചേരുന്നത്. നേരത്തെ തന്നെ ഇവർ നേതൃത്വവുമായി അകൽച്ചയിലായിരുന്നു. 2016-ലും പാർട്ടി നിർദ്ദേശം അവഗണിച്ച് വോട്ട് ചെയ്ത ഈ എംഎൽഎമാരെ അയോഗ്യരാക്കുനുള്ള ജെഡിഎസിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ജെഡിഎസിന്റെ ശക്തി കുറയുമ്പോൾ വോട്ടുകൾ ഭിന്നിക്കുന്നതും ഗണ്യമായി കുറയും. ഇത് ബിജെപിയുടെ സാധ്യതകളേയും ബാധിക്കും.

അടുക്കാൻ മനസില്ലാതെ നായിഡു

തെലുങ്ക്‌ദേശം പാർട്ടി എൻഡിഎ വിട്ട് പോയതുമായി ബന്ധപ്പെട്ട് അമിത് ഷായുടെ തുറന്ന കത്തിന് ചന്ദ്രബാബു നായിഡുവിന്റെ രൂക്ഷ മറുപടി. അമിത് ഷായുടെ കത്ത് പൂർണ്ണമായും കള്ളമാണ് പറയുന്നതെന്ന് നായിഡു ആരോപിക്കുന്നു. നിരവധി ഫണ്ട് ആന്ധ്ര പ്രദേശിനായി കേന്ദ്ര സർക്കാർ നൽകിയെന്നും സർക്കാർ ഇത് ഉപയോഗപ്പെടുത്തിയില്ലെന്നും അമിത് ഷായുടെ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയാണ് നായിഡു നൽകിയത്.

'മികച്ച ജിഡിപിയാണ് ആന്ധ്രയ്ക്കുള്ളത്. കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നു. നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ് അമിത് ഷാ' നായിഡു കുറ്റപ്പെടുത്തി. ഇതോടെ ആന്ധ്രയിൽ നായിഡുവിനി ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമായി. വികസനത്തിന്റെ പേരിൽ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നും ആന്ധ്രയുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ ഏറ്റവും മികച്ച കാര്യങ്ങളാണ് ചെയ്തതെന്നും നേരത്തെ ചന്ദ്രബാബുവിനയച്ച തുറന്ന കത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.

ആന്ധ്രയുടെ വികസന പ്രശ്നങ്ങൾക്ക് പകരം രാഷ്ട്രീയ പരിഗണനകൾക്കാണ് ടിഡിപി മുൻഗണന നൽകിയത്. എൻഡിഎ വിട്ട് പോകാനുള്ള തീരുമാനം ഏകപക്ഷീയവും നിർഭാഗ്യകരവുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.