യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനെ തുടർന്ന് ഇന്ത്യയെ പ്രധാന വ്യാപാര പങ്കാളിയാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണല്ലോ. ഇത് യാഥാർത്ഥ്യമാക്കാൻ ബ്രിട്ടൻ ഇന്ത്യക്കാർക്കുള്ള വിസ നിയന്ത്രണം പിൻവലിച്ചേ പറ്റൂ എന്ന വിപ്ലവകരമായ അഭിപ്രായവുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തെത്തി. തന്റെ ഡൽഹി സന്ദർശന വേളയിലാണ് ബ്രിട്ടീഷ്‌നയത്തെ വിമർശിിക്കാൻ യാതൊരു മടിയുമില്ലാതെ തന്റെ അഭിപ്രായം ഖാൻ തുറന്നടിച്ചിരിക്കുന്നത്. ബ്രിട്ടൻ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത വിസ ചട്ടങ്ങൾ വൻ പാകപ്പിഴയാണെന്നാണ് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള തന്റെ ആദ്യത്തെ ഔദ്യോഗിക യാത്രയുടെ ഭാഗമായി മുംബൈ, ഡൽഹി,അമൃത്സർ എന്നിവിടങ്ങളിലാണ് ഖാൻ സന്ദർശനം ടത്തുന്നത്. ലണ്ടനും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് ഈ സന്ദർശനം. വിസ നയത്തിൽ മാറ്റം വരുത്താത്ത ബ്രിട്ടീഷ് ഗവൺമെന്റിന്റെ വിസ നയത്തിന്റെ കടുത്ത വിമർശകനാണ് താനെന്നാണ് ഖാൻ പറയുന്നത്. ഇന്ത്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഒരു കൈ കൊണ്ട് ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവൺമെന്റ് മറ് കൈകൊണ്ട് ഇന്ത്യക്കാർക്ക് മേൽ കടുത്ത വിസ ചട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയുമാണെന്ന് മാധ്യമപ്രവർത്തകരുമായുള്ള ഇടപെടലിനിടെ ഖാൻ വ്യക്തമാക്കുന്നു.

വർധിച്ച് വരുന്ന കുടിയേറ്റത്തെ നിയന്ത്രിക്കുന്നതിനായി ഇന്ത്യ അടക്കമുള്ള നോൺ യൂറോപ്യൻ രാജ്യക്കാർക്കുള്ള വിസ നയം കർക്കശമാക്കിയിരുന്നു. ഇത് സംബന്ധിച്ച നയം നവംബറിൽ നടപ്പിലായപ്പോൾ ബ്രിട്ടനിലേക്ക് കുടിയേറാനിരുന്ന നിരവധി ഇന്ത്യക്കാരെ പ്രത്യേകിച്ച് ഐടി പ്രഫഷനലുകളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഇതിനാൽ ഈ ബുദ്ധിമുട്ടാർന്ന കുടിയേറ്റ നയത്തിൽ മാറ്റം വരുത്താൻ തന്നാലാവുന്ന വിധത്തിൽ ബ്രിട്ടീഷ് ഗവൺമെന്റി്‌ന് മേൽ സമ്മർദം ചെലുത്തുമെന്നാണ് ഖാൻ ഉറപ്പേകിയിരിക്കുന്നത്. ഇതിലൂടെ കഴിവുറ്റ ഇന്ത്യക്കാർ ലണ്ടനിലേക്ക് വരുന്നത് തനിക്കുറപ്പിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ അവർ കാനഡ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് പോയേക്കുമെന്നും ഖാൻ പറയുന്നു.

ബ്രെക്‌സിറ്റിന് ശേഷവും ലണ്ടൻ കഴിവുറ്റവർക്കായി വാതിൽ തുറന്നിടുമെന്നും ലണ്ടൻ മേയർ ഉറപ്പേകുന്നു. വിസനിയമങ്ങൾ കർക്കശമാക്കിയതിലുള്ള ഉത്കണ്ഠ കഴിഞ്ഞ മാസം ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. തലസ്ഥാനമായ ലണ്ടന്റെ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്ന രീതിയിൽ ബ്രിട്ടന്റെ കുടിയേറ്റ നയത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നുവെന്നാണ് ഖാൻ ആവശ്യപ്പെടുന്നത്. കഴിവുറ്റവരെ ആകർഷിക്കുന്നതിൽ ലോകത്തിൽ ഇന്നും ലണ്ടന് ഒന്നാം സ്ഥാനമാണുള്ളതെന്നും ഇവിടുത്തെ 40 ശതമാനം പേരും യുകെക്ക് വെളിയിൽ നിന്നെത്തിയവരാണെന്നും ഖാൻ വെളിപ്പെടുത്തുന്നു.

ഇതിനാൽ ലണ്ടന്റെ ആവശ്യത്തോട് പൊരുത്തപ്പെടുന്ന വിധത്തിൽ കുടിയേറ്റ നയം മാറ്റിയെടുക്കാൻ സാധിക്കുമെന്ന കാര്യത്തിൽ താൻ ശുഭാപ്തി വിശ്വാസിയാണെന്നും ഖാൻ പറയുന്നു. ഇന്ത്യയുമായി പ്രത്യേകിച്ചും മുംബൈുമായി ശക്തമായ സാംസ്‌കാരി ബന്ധങ്ങൾ യുകെ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയും ലണ്ടൻ മേയർ എടുത്ത് കാട്ടിയിരുന്നു. ഹോളിവുഡിൽ നിന്നും യുകെയ്ക്ക് പലതും കണ്ടുപഠിക്കാനുണ്ടെന്നും ഖാൻ നിർദേശിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗത വൈരം ഇല്ലാതാക്കുന്നതിനുള്ള ക്രിയാത്മക പദ്ധതി താൻ തയ്യാറാക്കി വരുന്നുവെന്ന സൂചനയും ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.