- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ജോൺ ഹോപ്കിൻസ് ഏഷ്യൻ കാമ്പസ് മൂന്നാറിൽ തുടങ്ങാനിരുന്നപ്പോൾ ഓടിച്ചത് സിപിഎമ്മുകാർ; സിങ്കപ്പൂർ ഇവരെ റാഞ്ചിയത് പ്രത്യേക വിമാനം അയച്ച്; ഇന്ന് ഇത് ലോകോത്തര ആശുപത്രി; ഇപ്പോൾ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിൽ; എന്തുകൊണ്ടാണ് പിണറായി അടക്കമുള്ളവർ മയോ ക്ലിനിക്കിൽ ചികിത്സ തേടുന്നത്?
ആധുനികകാലത്ത് മാർക്സ് പറഞ്ഞതിൽവെച്ച് ഏറ്റവും അധികം ആവർത്തിക്കപ്പെട്ട വാക്കുകൾ 'ചരിത്രം ചിലപ്പോൾ പ്രഹസനമായും ആവർത്തിക്കും' എന്നതായിരിക്കും. ഇന്ത്യയിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് തുരുത്തായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോകുമ്പോൾ ആദ്യം ഓർമ്മവരുന്നതും ഈ വാചകം തന്നെയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയും, ആധുനിക ചികിത്സാ സൗകര്യങ്ങളെയുമൊക്കെ സാമ്രാജ്വത്വ, കുത്തക, ചൂഷണ പദ്ധതിയാണെന്ന് പ്രസംഗിച്ച് നടന്നവരിൽ, പിണറായിയും പാർട്ടിയും ഉണ്ടായിരുന്നു. ലോകത്തിലെ നമ്പർ വൺ ആശുപത്രികളിൽ ഒന്നായ ജോൺ ഹോപ്കിൻസ് കേരളത്തിലേക്ക് വന്നപ്പോഴുള്ള അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
90കളുടെ അവസാനം എ.കെ ആന്റണി ഭരിക്കുമ്പോഴാണ്, അമേരിക്കയിലെ ആദ്യത്തെ റിസെർച്ച് ഇൻസ്ടിട്യൂട്ടും (1876), ഇപ്പോൾലോകത്തിലെ നമ്പർ വൺ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട് ആയ ജോൺ ഹോപ്കിൻസ് അവരുടെ എഷ്യൻ ക്യാമ്പസ് കേരളത്തിൽ മൂന്നാറിൽ തുടങ്ങാൻ ധാരണയാകുന്നത്. അന്ന് ആദ്യപടി ആയി 700 കോടിയുടെ പ്രൊജക്റ്റ് തയ്യാറാകുന്നു. 72 ഹെക്ടർ സ്ഥലം. അനുവദിക്കപ്പെടുന്നു. അതോടെ കമ്യൂണിസ്റ്റുകൾ ഇളകുന്നു. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അവർ സമരപ്രഖ്യപനം നടത്തുന്നു. മുതലാളിത്ത ചാരപ്രവർത്തനം, അഗോള മെഡിക്കൽ മാഫിയ, ഗിനി പന്നി /മരുന്നു പരീക്ഷണം, അമേരിക്കൻ മരുന്നു കുത്തക... അങ്ങനെ പോകുന്ന ആരോപണം.
ഏറ്റവും വിചിത്രം ഒരു ഡോക്ടർ കൂടിയായ ആസൂത്രണ് ബോർഡ് മെമ്പർ ആയിരുന്ന ഡോ ബി ഇക്‌ബാലും ശാസ്ത്രസാഹിത്യ പരിഷത്തുമൊക്കെ ഈ കുപ്രചാരണത്തിന് കൂട്ടുനിന്നും എന്നതാണ്. ഫലമോ ജോൺ ഹോപ്കിൻസ് പദ്ധതി ഉപേക്ഷിച്ചു സ്ഥലം വിട്ടു. അവർ നേരെ സിങ്കപ്പൂരിലേക്ക്പോയി. ലോകത്തിൽ തന്നെ ആദ്യമായി ഒരു രാജ്യം വിമാനമയച്ചു സംരംഭകരെ കൊണ്ടുപോയ സംഭവം അന്നാണ് നടന്നത്. അന്ന് സിങ്കപ്പൂർ പ്രത്യേക വിമാനമയച്ചാണ് ജോൺ ഹോപ്കിൻസ് പ്രതിനിധികളെ ഇവിടെ നിന്നും അങ്ങോട്ട് കൊണ്ടുപോയത്.( ഇപ്പോൾ തെലങ്കാന കിറ്റസ്സ് സാബുവിനെ വിമാനമയച്ച് സ്വീകരിച്ചത് ചരിത്രത്തിലെ മറ്റൊരു സമാനത)
ഇന്ന് ക്യാൻസർ ചികിൽസയിലെ അവസാന വാക്കാണ് ജോൺ ഹോപ്കിൻസിന്റെ ഏഷ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സിങ്കപ്പൂർ. എന്താണ് ആ സ്ഥാപനം എന്ന് ഇന്റർ നെറ്റിൽ ഒന്ന് സേർച്ച് ചെയ്താൽ നാം ഞെട്ടും. ഏറ്റവും വലിയ തമാശ സമരം വിജയിച്ച ഉടനെ തന്നെ സുശീല ഗോപാലനെ പാർട്ടി ചികിത്സക്കയച്ചത് അമേരിക്കയിലെ ജോൺ ഹോപ്കിൻസിൽ തന്നെ ആയിരുന്നു എന്നതാണ്. ഇന്ന് ജോൺ ഹോപ്കിൻസ് മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ കേരള മുഖ്യമന്ത്രിക്ക് ഒരു രാജാവിനെപ്പോലെ അവിടെ സൗജന്യ ചികിത്സ സ്വീകരിക്കാമായിരുന്നു.
നമ്പർ വണ്ണെങ്കിൽ എന്തിന് വിദേശ ചികിത്സ?
നോക്കണം, നാഴികക്ക് നാൽപ്പതുവട്ടം അമേരിക്കൻ സാമ്രാജ്വത്തെ കുറ്റം പറയുന്ന പിണറായി തനിക്ക് അസുഖം വന്നപ്പോൾ ചൈനയിലേക്കൊ ക്യൂബയിലേക്കോ ഒന്നുമല്ല, നേരെ അമേരിക്കയിലേക്കാണ് പോയത്. അതിൽ തെറ്റൊന്നുമില്ല. കേരളാ മുഖ്യമന്ത്രിക്ക് എറ്റവും മികച്ച ചികിത്സ കിട്ടുന്നത് നല്ലതുതന്നെയാണ്.പക്ഷേ മുഖ്യമന്ത്രിക്ക് മാത്രം മതിയോ അത്. ഏതൊരു പൗരനും കിട്ടാവുന്ന രീതിയിൽ അത് മാറണം. ജോൺ ഹോപ്കിൻ പോലെത്തെ സ്ഥാപനങ്ങൾ കേരളത്തിലേക്ക് വരുമ്പോൾ അതിനെ ഓടിക്കുന്നത് എന്തിനാണ്. നുണകൾ പറഞ്ഞ് ഭീതി വ്യാപാരം നടന്നതുന്നത് എന്തിനാണ്?
നാം പറയുന്നപോലെ ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ ആണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും, അസുഖബാധിതരാവുന്ന മറ്റ് മന്ത്രിമാരും ഉന്നതരും ആരും തന്നെ കേരളത്തിൽ ചികിത്സിക്കാത്തത്. അതിന്റെ ഉത്തരം ലളിതമാണ്. കേരളത്തിലെ ആശുപത്രികളിൽ ഒന്നും തന്നെ അന്താരാഷ്ട്ര വൈദഗ്ധ്യത്തിലുള്ളതാണെന്ന് പറയാൻ കഴിയില്ല. ഒരു പാട് കാര്യങ്ങൾ അറിയാം, പക്ഷേ ഒന്നിലും വിദഗ്ദ്ധർ അല്ല എന്നതാണ് നമ്മുടെ അവസ്ഥ. പ്രശസ്ത എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' കേരളം ആരോഗ്യമേഖലയിൽ നമ്പർ വൺ ആണെന്ന് പറയുന്നത് പലപ്പോളും ഭൗതിക സാഹചര്യങ്ങൾ അനുസരിച്ച് കൂടിയാണ്. ഉദാഹരണമായി കേരളത്തിൽ എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുണ്ട്. എളുപ്പിത്തിൽ ഡോക്ടർമാരുടെ ആക്സസബിലിറ്റിയുണ്ട്. അതുകൊണ്ടുതന്നെ ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറവാണ്. ശരാശരി ആയുസ്സും, കൂടുതലാണ്. ഈ ഒരുഘടകങ്ങളൊക്കെ വെച്ചുകൊണ്ടാണ് ആരോഗ്യപരിപാലനത്തിന്റെ ചില മേഖലകളിൽ കേരളം നമ്പർ വൺ ആണെന്ന് പറയുന്നത്. പക്ഷേ കേരളത്തിൽ ലോക നിലവാരത്തിൽ കിടപിടിക്കാൻ കഴിയുന്ന എത്ര സ്പെഷ്യലിസ്റ്റ് ആശുപത്രികൾ ഉണ്ടെന്ന് ചോദിച്ചാൽ ഉത്തരമുണ്ടാവില്ല''.
ഇക്കാര്യം നമ്മെ ഭരിക്കുന്നവർക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അവർ തങ്ങൾക്ക് അസുഖം വരുമ്പോഴേക്കും ജോൺ ഹോപ്കിൻ ഹോസ്പിറ്റലിലേക്കോ മയോക്ലിനിക്കിലേക്കൊ ഓടുന്നത്. ഇന്ത്യയിലെ പല പ്രമുഖരും ചികിത്സ തേടിയ വിദഗ്ധ കേന്ദ്രങ്ങളിൽ ഒന്നാണ് മയോ ക്ലിനിക്ക്. മുമ്പ് മുൻ സ്പീക്കർ ജി കാർത്തികേയനും മുൻ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും എല്ലാം മയോ ക്ലിനിക്കിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവിടുത്തെ പ്രത്യേകതകൾ അറിയുമ്പോഴാണ്, കേരളത്തിലെ ആരോഗ്യരംഗം എത്രമാത്രം പിറകിലാണെന്ന് നാം അറിയുക. അവിടെ ചികിത്സ തേടുന്ന കേരളാ മുഖ്യമന്ത്രി പഠിക്കേണ്ടത്, എന്തുകൊണ്ടാണ് നമുക്ക് കേരളത്തിൽ ഇതുപോലെ ഒരു സ്ഥാപനം കെട്ടിപ്പടുക്കാൻ കഴിയാത്തത് എന്നുകൂടിയാണ്.
4500 ഡോക്ടർമാരുമായി ഒരു വിദഗ്ധ കേന്ദ്രം
തുടങ്ങി 150 വർഷം കഴിഞ്ഞിട്ടും ഇന്ന് തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന സ്ഥാപനമാണ് മയോക്ലിനിക്ക്. അമേരിക്കയിൽ മിനസോട്ട സംസ്ഥാനത്തിൽ റോച്ചസ്റ്റർ എന്ന നഗരത്തിൽ മയോക്ലിനിക്കിന്റെ പ്രധാന ആസ്ഥാനം. ഇതിനുപുറമേ മൂന്ന് പ്രധാന കാമ്പസുകളിലായി 4,500ലധികം ഡോക്ടർമാരും, ശാസ്ത്രജ്ഞരും 58,400 അഡ്‌മിനിസ്ട്രേറ്റീവ്, അനുബന്ധ ആരോഗ്യ സ്റ്റാഫുകളും ജോലി ചെയ്യുന്നുണ്ട്. ഇവിടെ മലയാളികളും ഡോക്ടമാർവരെ ആയി ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലെ തന്നെ മിനസോട്ട, ജാക്സൺവില്ലെ, ഫ്ലോറിഡ; കൂടാതെ ഫീനിക്സ്/സ്‌കോട്ട്സ്ഡെയ്ൽ, അരിസോണ എന്നിവടങ്ങളിൽ ഈ ആശുപത്രിയും ഗവേഷണ കേന്ദ്രവും പരന്ന് കിടക്കുന്നു. ലോകത്തിന്റെ വിവിധ പ്രധാന ആശുപത്രികൾ ഒക്കെയുമായി ഇവർ ബന്ധപ്പെടുന്നുണ്ട്. വിവരങ്ങൾ കൈമാറുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളിൽ ഓഫ് കാമ്പസുകളും സബ്സിഡറി കാമ്പസുകളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ജോൺ ഹോപ്കിൻസ് പോലെ തന്നെ ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു സ്ഥാപനമാണിത്.
പക്ഷേ എന്താണ് മയോക്ലിനിക്കിനെയും നമ്മുടെ ആശുപത്രികളെയും തമ്മിൽ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഗവേഷണം എന്നതാണ്. അതായത് നമ്മുടെ മിക്ക ആശുപത്രികളിലും ചികിത്സമാത്രമേ നടക്കുന്നുള്ളൂ. ഗവേഷണം ഇല്ല. അതിനുള്ള സംവിധാനമോ, ആശയമോ നമുക്കില്ല. എന്നാൽ മയോ ക്ലിനിക്ക് ഗവേഷണത്തിനായി പ്രതിവർഷം 660 മില്യൺ ഡോളറാണ് ചെലവഴിക്കുന്നത്. കൂടാതെ 3,000ലധികം മുഴുവൻ സമയ ശസ്ത്രഞ്ജന്മാരുമുണ്ട്. അമേരിക്കൻ ഗവൺമെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയുമൊക്കെ ധനസഹായവും അവർക്ക് ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ട്.
ഇങ്ങനെ ഗവേഷണം നടക്കുന്നതുകൊണ്ടുള്ള ഗുണം എന്താണെന്ന് നോക്കം. ലോകത്തിലെ ഏറ്റവും ലേറ്റസ്റ്റായ മരുന്നും, പ്രോട്ടോക്കോളും ഇവിടെയാണ് ഉണ്ടാവുക. ഉദാഹരണമായി പ്രോസ്റ്റേറ്റ് കാൻസറിന് എറ്റവും ഫലപ്രദമായ കീമോ ഡെവലപ്പ് ചെയ്തത് ഇവിടെയാണ്. (മുടികൊഴിച്ചിലും മറ്റ് പാർശ്വഫലങ്ങൾ കുറവുള്ള കീമോ ജോൺ ഹോപ്കിൻസായിരുന്നു വികസിപ്പിച്ചത്.) അതുകൊണ്ടുതന്നെ ഇവിടുത്തെ രോഗികൾക്ക് ഏറ്റവും അപ്ഡേറ്റഡായ ചികിത്സ കിട്ടും. ഇത് മരുന്ന് മറ്റൊരു രാജ്യത്ത് എത്താൽ ചിലപ്പോൾ വർഷങ്ങൾ എടുക്കും. അതുപോലെ രോഗ നിർണ്ണയ രീതികളും വളരെ പെട്ടെന്ന് പുരോഗമിക്കയാണ്. മയോക്ലിനിക്കിലെ പരിശോധനയിൽനിന്ന് ഒരു രോഗത്തിനും പിടി തരാതിരിക്കാനാവില്ല. അശ്രദ്ധമായ ഡയഗ്നോസിസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഒരു ശാപമാണെല്ലോ. അതായത് പിണറായി അടക്കമുള്ളവർ മയോക്ലിനിക്കിൽ പോയതിന്റെ അടിസ്ഥാന കാരണം ഇതാണ്. രോഗം അതിസൂക്ഷ്മായ തലത്തിൽ നിർണ്ണയിക്കാൻ കഴിയുകയും, ലോകത്തിന് അതിന് കിട്ടുന്ന ഏറ്റവും പുതിയ ചികിത്സ ലഭ്യമാവുകും ചെയ്യും.
മയോക്ലിനിക്ക് ഒരു ബൂർഷ്വാ സ്ഥാപനമല്ല
കമ്യൂണിസ്റ്റുകാർ അവരുടെ പ്രിയപ്പെട്ട തെറിവാക്കായ ബൂർഷ്വാ എന്ന പദത്തിലൂടെ എന്താണോ ഉദ്ദേശിക്കുന്നത് അതൊന്നുമല്ല സത്യത്തിൽ ഈ സ്ഥാപനം. ഒരു വിഭാഗം കരുതുന്നതുപോലെ സമ്പന്നർക്ക് മാത്രം ചികിത്സ കിട്ടുന്ന സ്ഥലവുമല്ല. ഇത് ഒരു നോൺ പ്രോഫിറ്റമ്പിൾ സ്ഥാപനമാണിത്. സംയോജിത ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത അമേരിക്കൻ അക്കാദമിക് മെഡിക്കൽ സെന്ററാണ് മയോക്ലിനിക്ക് എന്നതാണ് ഈ സഥാപണത്തിന് അവർ നൽകുന്ന ആമുഖം. ലാഭക്കൊതിയല്ല എന്നേയുള്ളൂ. കിട്ടുന്ന കോടികളുടെ ലാഭം അതുപോലെ വിദ്യാഭ്യാസ പരിപാടികൾക്കും ബോധവത്ക്കരണത്തിനും ഗവേഷണത്തിനുമാണ് ഇവർ ഉപയോഗിക്കുന്നത്.
സ്വകാര്യമേഖയിൽ ആണെങ്കിലും, നമ്മുടെ നാട്ടിലെ ട്രസ്റ്റുകൾ പോലെയുള്ള ഒരു സംരംഭമാണ്. ചെയർമാൻ ,എം.ഡി. സിഇഒ എന്നിവരെ മയോക്ലിനിക്ക് ഗവേണിങ്ങ് ബോർഡ് ഓഫ് ട്രസ്റ്റീസ് ആണ് തെരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആവരുടെ വെബ്സൈറ്റിൽ സുതാര്യമാണ്. ആർക്കും അത് പരിശോധിക്കാവുന്നതാണ്. അല്ലാതെ കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നതുപോലെ ഒരു കുത്തക മുതലാളിയുടെ സ്ഥാപനമല്ല. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ഒരു കൂട്ടായ്മയാണ്.
രാജ്യത്തിന്റെ അഭിമാനമായ ഈ സ്ഥാപനത്തിനായി, കോടികളുടെ ഗവേഷണഫണ്ട് പ്രതിവർഷം കൊടുക്കുമ്പോഴും യു.എസ് സർക്കാർ, ഈ ആശുപത്രിയിൽ തങ്ങളുടെ പ്രതിനിധികളെ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ല. ഇതാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന മാറ്റം. അവിടെ എല്ലാം വിദഗ്ദ്ധർക്ക് വിട്ടുകൊടുത്ത് അനുബന്ധ സഹായം മാത്രം ചെയ്ത് സർക്കാർ മാറി നിൽക്കയാണ്. പക്ഷേ നമ്മുടെ നാട്ടിൽ ഒരു സഹകരണ ആശുപത്രിയിൽപോലും നിങ്ങൾക്ക് ഈ ജനാധിപത്യം ബോധം പ്രകടിപ്പിക്കാൻ കഴിയുമോ. കേരളത്തിൽ ആയിരുന്നെങ്കിൽ നേതാക്കന്മാരുടെ ഭാര്യമാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ തിരുകിക്കയറ്റി ഈ സ്ഥാപനത്തെ കുളമാക്കിയേനെ!
ഇനി സമ്പന്നർക്കും ഭരണത്തലവന്മാരും മാത്രം ആശ്രയിക്കാവുന്ന ഒരു സ്ഥാപനമാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അതും തെറ്റാണ്. 2018ലെ കണക്കുകൾ പ്രകാരം ലോകത്തിലെ വിവിധ ഭാഗങ്ങളിയായി 12ലക്ഷം പേരാണ് മയോക്ലിനിക്കിൽ നിന്ന് നേരിട്ട് ചികിത്സ തേടിയത്. ഇതിൽ 70 ശതമാനവും ഇടത്തരക്കാരാണെന്ന് അവുടെ പഠന ഡാറ്റ പറയുന്നു. അമേരിക്കയിലും യൂറോപ്പിലും ആരോഗ്യ ഇൻഷൂറൻസുകൾ സർവ സാധാരണമാണ്. അവിടെ ചികിത്സ നിശ്ചയിക്കുന്നതുപോലും ഏത് ഇൻഷൂറൻസാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഒരു ഇടത്തരം ഇൻഷൂറൻസ് പാക്കേജ് ഉള്ളയാൾക്ക് മയോക്ലനിക്കിൽ ചികിത്സതേടാം. അമേരിക്കയിലെയും യൂറോപ്പിലെയും ജീവിത ശൈലി നിലവാരം വെച്ചുനോക്കുമ്പോൾ മയോക്ലിനിക്കിലെ ചികിത്സ ചെലവുള്ളതല്ല എന്നാണ് ഇതുസംബന്ധിച്ച് ബി.ബി.സിയിൽ വന്ന ലേഖനം പറയുന്നത്.
ഇനി അർഹരായവർക്ക് ചികിത്സയ്ക്കുവേണ്ടുന്ന സാമ്പത്തികസഹായങ്ങൾ നൽകാനും ഇവിടെ ശ്രമിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ഉണ്ട്. കേരളത്തിലും ഇന്ത്യയിലും നിരവധി സ്വകാര്യ വ്യക്തികൾ ഇന്ന് മയോക്ലിനിക്കിൽ ചികിത്സ എടുത്തിട്ടുണ്ട്. യാത്രാ-താമസ ചെലവും മറ്റും കഴിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ ഒരു സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ ചെലവാകുന്ന അത്ര തന്നേ ഇവിടെയും ചെലവാകാറുള്ളൂ എന്നാണ് ഡോ സുരേഷ് പിള്ളയെപോലുള്ള അനുഭവസ്ഥർ ഫേസ്‌ബുക്കിൽ കുറിച്ചത്. അതിലും പ്രശ്നം രൂപയും ഡോളറും തമ്മിലുള്ള വ്യത്യാസം കൂടിയാണ്.
ചുഴലിക്കാറ്റിൽ ഉണ്ടായ ചികിത്സാലയം
അമേരിക്കക്കാർ ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് ഡോ.ഡബ്ല്യു.ഡബ്ല്യു. മയോയുടേത്. പ്രസിഡന്റ് എബ്രഹാം ലിങ്കനാണ് ഡോ. മയോയുടെ കഴിവുകൾ മനസ്സിലാക്കി 1863ൽ യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിക്കുന്നതിനായി റോച്ചസ്റ്റർ യൂണിറ്റിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അവിടെയുള്ള സേവനം കഴിഞ്ഞപ്പോഴേക്കും റോച്ചസ്റ്റർ ഡോ. മയോക്കും കുടുംബത്തിനും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. 1883ൽ റോച്ചസ്റ്ററിനെ തകർത്തെറിഞ്ഞുകൊണ്ട് ഒരു ചുഴലിക്കൊടുങ്കാറ്റ് വീശി. സ്‌കൂൾ അദ്ധ്യാപകരായിരുന്ന സെയ്ന്റ് ഫ്രാൻസിസ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ ഒരു താത്കാലിക ചികിത്സാകേന്ദ്രം ഡോ. മയോ സജ്ജമാക്കി. നാടുമുഴുവൻ അവരുടെ കൂടെനിന്നു. അതിനുശേഷം റോച്ചസ്റ്ററിൽ ഒരു ആശുപത്രി തുടങ്ങാൻ കന്യാസ്ത്രീകൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1889ൽ കന്യാസ്ത്രീകളുമായി സഹകരിച്ച് ഡോ. മയോ ആശുപത്രി സജ്ജമാക്കി.
ഡോ. മയോയുടെ മക്കളായ ഡോ. വില്ലും ഡോ. ചാർളിയും അദ്ദേഹത്തിന്റെ കൂടെച്ചേർന്നു. ടീം വർക്കിന്റെ സാധ്യതകൾ മനസ്സിലാക്കി ഡോ. മയോ മറ്റ് ദേശങ്ങളിൽനിന്നുള്ള വിദഗ്ധരായ ഡോക്ടർമാരെ തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. എൻജിനിയറും ഡോക്ടറുമായിരുന്ന ഡോ. പ്ലാമറിന്റെ വരവോടെ ടെക്നോളജി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ആശുപത്രിയുടെ ഖ്യാതി വർധിച്ചു. വിജ്ഞാനവർധനയ്ക്കായി ഡോ. മയോയും മക്കളും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയും അവ തങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുകയും ചെയ്തു. മയോക്ലിനിക് എന്ന വിളിപ്പേരിൽ ആ ചെറിയ ഗ്രാമത്തിൽ സേവനത്തിലധിഷ്ഠിതമായ മൂല്യങ്ങളിലൂടെ ആ ചികിത്സാലയം വളർന്നു. ഇന്ന് ലോകംമുഴുവനും മനുഷ്യർ തങ്ങളെ തളർത്തുന്ന അസുഖങ്ങൾക്ക് ചികിത്സതേടി ഇവിടെയെത്തുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സ്ഥാപനം വളർന്നപ്പോഴാണ് ഒരു ട്രസ്റ്റ് മോഡൽ ഗവേണൻസ് അതിന് ഉണ്ടായത്. മാറിമാറി വന്ന യു.എസ് സർക്കാറുകളുടെ അടിയുറച്ച പിന്തുണയും ഈ സ്ഥാപനത്തിന് കിട്ടി. അമേരിക്കയുടെ അഭിമാനം എന്നാണ് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ അടക്കമുള്ളവർ മയോ ക്ലിനിക്കിനെ വിശേഷിപ്പിക്കുന്നത്.
്മയോക്ലിനിക്കിന്റെ ലോഗോ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് പരിചകളാണ്. നടുക്കുള്ളത് രോഗീശുശ്രൂഷയെയും വശങ്ങളിലുള്ളത് വിദ്യാഭ്യാസം, ഗവേഷണം എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു. മയോ ക്ലിനിക്കിലെ ജീവനക്കാർക്ക് ഒരു നിശ്ചിത ശമ്പളം നൽകുന്നു, അത് രോഗിയുടെ എണ്ണവുമായും, ടെസ്റ്റുകളുമായും യാതൊരു ബന്ധവുമില്ല.ഈ സമ്പ്രദായം സാമ്പത്തിക പ്രചോദനം കുറയ്ക്കുകയും , ഡോക്ടർമാർക്ക് രോഗികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള പ്രോത്സാഹമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒന്ന് നോക്കി ധൃതിയിൽ മുരുന്ന് എഴുതുന്ന നമ്മുടെ നാട്ടിലെ രീതിയല്ല ഇവിടെ. ഒരുരോഗിയെ ഒരു മണിക്കൂർവരെ ഡോക്ടർ പരിശോധിക്കും. വ്യക്തിവിവരങ്ങൾ അടക്കം എല്ലാം ചോദിച്ചറിയും. വളരെ പെട്ടെന്ന് സുഹൃത്തുക്കളാവും.
ഊഷ്മളമായ ഡോക്ടർ- രോഗി ബന്ധം
ജെയിൻ ജോസഫ് എന്ന മലയാളി മയോക്ലനിക്കിനെക്കുറിച്ച് എഴുതിയ അനുഭവക്കുറിപ്പ് നോക്കുക. '' പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ ക്ലിനിക്കല്ല ഇത്. മറിച്ച് റോച്ചസ്റ്റർ നഗരത്തിന്റെ ഹൃദയഭാഗത്തായി പടർന്നുകിടക്കുന്ന ആശുപത്രി സമുച്ചയം. അതോടൊപ്പം മെഡിക്കൽ സ്‌കൂൾ, ഗവേഷണകേന്ദ്രങ്ങൾ, ലബോറട്ടറികൾ, ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങളോടെ പരസ്പരബന്ധിതമായ ഒരു സൗഖ്യാലയം!
ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ട കാര്യങ്ങൾ ചെയ്ത് മടങ്ങാൻ സാധിക്കുന്ന വിധത്തിൽ മയോക്ലിനിക് സ്റ്റാഫ് അവർക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നു. ആവശ്യമെങ്കിൽ പരിഭാഷകരെയും ബൈസ്റ്റാൻഡർ സേവനങ്ങളും ലഭ്യമാക്കുന്നു. അർഹരായവർക്ക് ചികിത്സയ്ക്കുവേണ്ടുന്ന സാമ്പത്തികസഹായങ്ങൾ നൽകാനും ശ്രമിക്കുന്നു.
കോവിഡ് ടെസ്റ്റ് ചെയ്തതിനുശേഷമാണ് മറ്റു ടെസ്റ്റുകൾ തുടങ്ങുന്നത്. മയോക്ലിനിക് ആപ്പിൽ നോക്കി: ആദ്യത്തേത് ബ്ലഡ് ടെസ്റ്റാണ്. രോഗിയുടെ സന്ദർശനം ഏറ്റവും സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മയോക്ലിനിക് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മയോക്ലിനിക് നമ്പർ വഴി ലോഗിൻചെയ്തു കഴിഞ്ഞാൽ തങ്ങളുടെ സന്ദർശനത്തെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും രോഗിക്ക് ലഭിക്കും. ഓരോ ടെസ്റ്റും എന്താണെന്നും അതിനുവേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്നും എവിടെയാണെത്തേണ്ടതെന്നുമെല്ലാം. ടെസ്റ്റുകൾ കഴിയുന്നതിനനുസരിച്ച് റിസൽറ്റുകളും ഡോക്ടർമാരുടെ വിശദമായ റിപ്പോർട്ടുകളും നിർദ്ദേശങ്ങളുമുൾപ്പെടെ വ്യക്തമായി വിവരിച്ചിട്ടുണ്ടാവും.
എന്റെ ബ്ലഡ് ടെസ്റ്റ് അടുത്തുള്ള കെട്ടിടത്തിലാണ്. ലാബിനുമുമ്പിൽ തിരക്കുണ്ടെങ്കിലും വളരെ വേഗമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ധാരാളം ഇരിപ്പിടങ്ങൾ. നഴ്സ് വാതിലിനടുത്തുവന്ന് പേരുവിളിച്ച് എന്നെ അകത്തേക്ക് നയിച്ചു. ആദ്യത്തെ 'ഹലോ'തൊട്ട് സ്‌നേഹത്തോടെയുള്ള സംസാരവും പെരുമാറ്റവും. അനുകമ്പ എന്നത് മയോക്ലിനിക്കിലെ ഓരോ ജീവനക്കാരുടെയും രക്തത്തിലലിഞ്ഞുചേർന്നിരിക്കുന്ന ഒന്നാണ്. അങ്ങനെയാണ് അവരെ പരിശീലിപ്പിച്ചിരിക്കുന്നത്. മയോക്ലിനിക്കിന്റെ വാതിൽകടന്ന് അകത്തുകടന്നിട്ടുള്ള ഓരോരുത്തരും സമ്മതിക്കുന്ന ഒരു കാര്യമാണത്; ഡോക്ടർമാർതൊട്ട് കോഫീഷോപ്പിലെ ജോലിക്കാർവരെ ഉറപ്പുവരുത്തുന്ന സൗഹൃദപരമായ പെരുമാറ്റം. അതുതന്നെയാണ് മയോക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നതും.
എവിടെയും ഒരു ആശുപത്രിയാണ് എന്ന പ്രതീതിയേയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കെട്ടിടങ്ങളുടെ മതിലുകളിൽ മനോഹരമായ ചിത്രങ്ങളും ലോകത്തിന്റെ വിവിധസ്ഥലങ്ങളിൽനിന്ന് ശേഖരിച്ച കൗതുകവസ്തുക്കളും. ഓരോന്നും കുറച്ചുസമയം ചെലവഴിച്ച് ആസ്വദിക്കേണ്ടവ. അതുകൂടാതെ മയോ കുടുംബത്തെക്കുറിച്ചുള്ള ഒരു മ്യൂസിയവും ഇവിടെയുണ്ട്. സെയ്ന്റ് ഫ്രാൻസിസ് കന്യാസ്ത്രീകളുടെ നിസ്സ്വാർഥമായ ആതുരസേവനമൂല്യങ്ങളിൽ അധിഷ്ഠിതമാണ് ഇവിടത്തെ നഴ്സിങ് കെയർ.
ഞാൻ ഒന്ന് വിശ്രമിക്കാനായി ഒരു സ്ഥലം അന്വേഷിച്ചു. പലയിടങ്ങളിലും ഫോൺ ചാർജ് ചെയ്യാനും വിശ്രമിക്കാനുമുള്ള ഇരിപ്പിടങ്ങളും ശബ്ദശല്യങ്ങൾ ഇല്ലാതെ ഉറങ്ങാൻ പറ്റുന്ന മുറികളുമൊക്കെയുണ്ട്. അതുകൂടാതെ രോഗിയുടെ കൂടെവരുന്നവർക്ക് സ്വന്തം ജോലി ചെയ്യാൻ സാധിക്കുന്ന ക്യുബിക്കിളുകളും കോഫീഷോപ്പുകളും മറ്റു കടകളുമൊക്കെയുണ്ട്. അസുഖം ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒപ്പംനിന്ന് അവർക്കുവേണ്ട സഹായങ്ങൾ ചെയ്ത് അവരെ മാനസികമായി ബലപ്പെടുത്തി മുന്നോട്ടുപോവുക എന്നത് കുടുംബാംഗങ്ങളെ സംബന്ധിച്ചും അതിഊർജം വേണ്ടുന്ന ഒന്നാണ്.
അടുത്ത അപ്പോയിന്റ്മെന്റ് ഗസ്സ്ട്രോ എൻട്രോളജിസ്റ്റുമായാണ്; അമേരിക്കയിലെ മുൻനിരയിലെ ഡോക്ടർമാരിലൊരാൾ. കാണാൻ എത്തുന്നതിനുമുമ്പ് രോഗികളുടെ വിശദവിവരങ്ങളും ടെസ്റ്റ് റിസൾറ്റുകളുമെല്ലാം പഠിച്ചിട്ടാണ് ഓരോ ഡോക്ടറും എത്തുന്നത്. രോഗവിവരങ്ങൾ നഴ്സ് തൊട്ട് ഓരോരുത്തരോടും ആവർത്തിക്കേണ്ട യാതനകൾ ഇല്ല എന്നുസാരം.സൗമ്യനായ ഡോക്ടർ. വളരെ വിശദമായി മുന്നോട്ടുള്ള പദ്ധതികൾ വിവരിച്ചു. ഇവിടെ ഡോക്ടറിന് വെള്ളക്കോട്ടില്ല. സ്യൂട്ടാണ് വേഷം. എന്റെ ചോദ്യങ്ങൾ എല്ലാം തീർന്നിട്ടും ഡോക്ടർ പിന്നെയും സംസാരിക്കാൻ തയ്യാറായിരുന്നു. മുക്കാൽ മണിക്കൂറാണ് ഒരു രോഗിക്കായുള്ള സമയം. അത് പലപ്പോഴും ഒരു മണിക്കൂറിലേക്ക് കടക്കും. പ്രത്യേകിച്ചും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിൽ. ഓരോ രോഗിയും കടന്നുവന്നിട്ടുള്ള ശാരീരികവും മാനസികവുമായ യാത്രയെക്കുറിച്ച് പൂർണ അവബോധത്തോടെയും ആർദ്രതയോടെയുമാണ് ഇടപെടൽ. മയോക്ലിനിക്കിലെ വ്യവസ്ഥിതി അവർക്ക് സഹായകമാണ്. ''- ഇങ്ങനെയാണ് ജെയിൻ തന്റെ അനുഭവം പങ്കുവെച്ചത്.
അർബുദത്തിന് മാത്രമല്ല സ്പെഷ്യലൈസേഷൻ
പിന്നെ മറ്റൊരു കാര്യം മയോക്ലിനിക്ക് ഒരു റഫറൽ വിദഗ്ധ ചികിത്സാ ആശുപത്രിയാണെന്നതാണ്. നമ്മൾ സാധാരണ ചെയ്യാറുള്ളപോലെ തലവേദന, പനി എന്നൊന്നും പറഞ്ഞ് നേരിട്ട് ഓടിവന്നാൽ ഇവിടെ പ്രവേശനം ലഭിക്കില്ല. അത്തരത്തിലുള്ളവർക്ക് ഓൺലൈനിലും തങ്ങളുടെ ഫേസ്‌ബുക്ക് യ്യൂട്യൂബ് ചാനലിലുടെയുമൊക്കെയായി മയോക്ലിനിക്ക് അധികൃതർ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഫോൺവഴിയും അവർ ആരോഗ്യ നിർദ്ദേശങ്ങൾ നൽകൂം. മയോക്ലിനിക്ക് നടത്തുന്ന നിരവധി ബോധവത്ക്കരണ പരിപാടികളും സെമിനാറുകളുമൊക്കെ ലക്ഷ്യമിടുന്നതും നോൺ റഫറൽ രോഗികൾക്ക് സേവനം നൽകുക എന്നത് കൂടിയാണ്. മറ്റൊരു ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സവേണ്ടതെന്ന് റഫറൽ കിട്ടിയവരെയാണ് അവർ ഇവിടെ പ്രവേശിപ്പിച്ച് പരിശോധിക്കുക.
ഇനി വിദേശരാജ്യങ്ങളിൽ കർശനമായി പാലിക്കപ്പെടുന്ന ഒരു നിയമം, ഈ ആശുപത്രിയിലും ഉണ്ട്. ആർക്കും ഒരു പ്രവിലേജും പരിഗണനയുമില്ല. ഫസ്റ്റ് കം ഫസ്റ്റ് സേർവ് എന്നത് മാത്രമാണ് പരിഗണന. മുൻ അമേരിക്കൻ പ്രസിഡന്റ് സീനിയർ ബുഷ് വർഷങ്ങൾക്ക് മുമ്പ് മയോക്ലിനിക്കിലെ ഒരു കസേരയിൽ പത്രം വായിച്ച് കാത്തിരിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. കേരളാ മുഖ്യമന്ത്രിയാണെന്ന് വെച്ച് ഒരു പരിഗണനയും പിണറായിക്കും അവിടെ കിട്ടില്ല. നമ്മുടെ നാട്ടിലാണെങ്കിൽ ഒരു വി.ഐ.പി വന്നാൽ ആശുപത്രി സൂപ്രണ്ട് തൊട്ട് അയാളുടെ പിറകിൽ ആയിരിക്കുമല്ലോ.
മയോക്ലിനിക്കിനെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ അത് കാൻസറിന് മാത്രം സ്ഷ്യെലിസ്റ്റായ ആശുപത്രിയാണെന്നതാണ്. ഇന്ത്യയിൽനിന്ന് ആര് ചികിത്സിച്ചാലും അത് അർബുദ ചികിത്സക്ക് വന്നതാണെന്ന പ്രചാരണം പതിവാണെന്ന് ഇവിടെ മെയിൽ
നേഴ്സായി സേവനം അനുഷ്ഠിച്ച മലയാളി ജിജോ അലക്സ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ മയോക്ലിനിക്ക് കാൻസർ ചികിത്സയിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്. ന്യൂറോളി, ഡയബറ്റിക്സ്, എൻഡോക്രൈനോളജി, ഗ്യാസ്ട്രോ എൻഡോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയവയിലാണ് ഈ സ്ഥാപനം നമ്പർ വൺ. മസ്തിഷ്‌ക്കപരമായ രോഗങ്ങൾക്കും, ഡയബറ്റിക്സിനുമാണ് ഇവിടെ ഇപ്പോൾ രോഗികൾ എറ്റവും കൂടുതൽ എത്തുന്നത് എന്ന് ഹോസ്പിറ്റിൽ ഡാറ്റ പറയുന്നു. അതുകൊണ്ടുതന്നെ ഒരാൾ മയോക്ലിനിക്കിൽ പോയി എന്നുകേട്ടാൽ ഉടൻതന്നെ അർബുദമാണെന്ന് സഹതപിക്കേണ്ട കാര്യമില്ല.
എന്താണ് പിണറായിയുടെ അസുഖം?
സ്വകാര്യതക്കുള്ള അവകാശമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ ഇവിടെ ചികിത്സക്ക് എത്തുന്നവരുടെ രോഗവിവരം പുറത്തുവിടാറില്ല. രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ പ്രമുഖർ എത്തുമ്പോൾ അസുഖവിവരം ചോർത്തിയെടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കാറുണ്ടെന്നത് വേറെ കാര്യം. പിണറായിയുടെ രോഗം സംബന്ധിച്ച് അഭ്യൂഹങ്ങൾ പലതും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. എന്നാൽ രോഗം എന്താണെന്ന് അദ്ദേഹമോ, പാർട്ടിയോ, മുഖ്യമന്ത്രിയുടെ ഓഫീസോ വ്യക്തമാക്കിയിട്ടും ഇല്ല.
സംസ്ഥാന സർക്കാരിന്റെ ചെലവിൽ ആണ് ചികിത്സ എന്നതുകൊണ്ട് തന്നെ രോഗം എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കേന്ദ്ര മന്ത്രിമാരായ, സുഷമ സ്വരാജിനും, മനോഹർ പരീക്കറിനും, രാജ്നാഥ് സിംഗിനും, അരുൺ ജയ്റ്റ്ലിക്കുമെല്ലാം ഗുരുതരമായ രോഗങ്ങൾ വന്നിരുന്നു. അപ്പോൾ എന്തായിരുന്നു അവരുടെ രോഗമെന്നത് പരസ്യമാക്കാൻ കേന്ദ്ര സർക്കാർ മടി കാണിച്ചതുമില്ല. ഇവരിൽ ചികിത്സ തേടി വിദേശത്ത് പോകേണ്ടി വന്നത്, പരീക്കറിനു മാത്രമാണ്. ബാക്കി ഉള്ളവർ ഡൽഹിയിൽ ആണ് ചികിൽസിച്ചതും ശസ്ത്രക്രിയകൾക്ക് വിധേയരായതും.
ചികിത്സയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാർ ആണെങ്കിലും രോഗം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. പിണറായി വിജയന് താത്പര്യമുണ്ടെങ്കിൽ മാത്രം അദ്ദേഹം രോഗവിവരം വെളിപ്പെടുത്തിയാൽ മതിയെന്നും ഇവർ വാദിക്കുന്നു.
പക്ഷേ കേരളം ഇന്ത്യയിലെ നമ്പർ വൺ ആണ് എന്ന അവകാശവാദം ഉന്നയിക്കുന്നവരിൽ സിപിഎം ആണ് മുന്നിൽ. ആരോഗ്യ മേഖലയിലും നാം ലോകത്തരമാണെന്നാണ് തള്ള്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്ക് വേണ്ടി ജനങ്ങളുടെ പണം ചെലവഴിച്ച് അമേരിക്കയിലേക്ക് പോയത് എന്നതിന്റെ ഉത്തരം വ്യക്തമാണ്. അതുകൊണ്ട് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ പിണറായി വിജയൻ ചെയ്യേണ്ടത് തനിക്ക് കിട്ടിയ ഇതുപോലുള്ള വിദഗ്ധ ചികിത്സ ജനങ്ങൾക്കും കിട്ടാനുള്ള ശ്രമം നടത്തുകയാണ്. അതിന് ആദ്യം വേണ്ടത്, എല്ലാം കുത്തകയും ബൂർഷ്വയുമാണെന്ന അടഞ്ഞ മാർക്സിസ്റ്റ് മനസ്സ് ഉപേക്ഷിക്കയാണ്. മയോക്ലിനിക്കുമായി കേരളത്തിന് ഓൺലൈനായെങ്കിലും സഹകരിക്കാനുള്ള സാധ്യതയുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കട്ടെ. നമ്മുടെ ശ്രീചിത്രയിലൊക്കെയുള്ളത് ഒന്നാന്തരം ഡോക്ടർമാരും ഗവേഷകരും തന്നെയാണ്. ഒപ്പം ജോൺ ഹോപ്കിൻസ് പോലുള്ള സ്ഥാപനങ്ങളെ ഓടിച്ചതുപോലുള്ള അബദ്ധങ്ങൾ ഇനി ആവർത്തിക്കപ്പെടുയും ചെയ്യരുത്്. ഇന്ന് മൂന്നാറിൽ ആ സ്ഥാപനം ഉണ്ടായിരിന്നെങ്കിൽ പിണറായിക്ക് അമേരിക്കൻ യാത്ര തന്നെ ഒഴിവാക്കാമായിരുന്നില്ലോ.
മയോക്ലിനിക്ക് ചികിത്സ പിണറായിയുടെ മാനസാന്തരത്തിനും ഇടയാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കടപ്പാട്:
ഫേസ്‌ബുക്ക് പോസ്റ്റ്- ഡോ. സുരേഷ് പിള്ള
ജെയിൻ ജോസഫ് -മാതൃഭൂമി
മാജിക്ക് ഓഫ് മയോക്ലിനിക്ക് -ലേഖനം- ബി.ബി.സി
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ