തൃപ്പൂണിത്തുറ : ബ്ലാക് മെയിലിംഗിന്റെ പേരിൽ മയൂഖിയും സുഹൃത്തുക്കളും നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ തന്നെയാണ് ഇത് സമ്മതിച്ചത്. എന്നാൽ പരാതി കിട്ടാത്തതിനാൽ ഈ കേസുകൾ എടുക്കാനാകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തന്ത്രപരമായി പണക്കാരെ ചതിയിൽപ്പെടുത്തുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നത്. ചോറ്റാനിക്കര സ്വദേശി അജയഘോഷിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചമഞ്ഞു സമ്പന്നരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.

നർകോട്ടിക് ബ്യൂറോയുടെ ഡിഐജി വേഷംകെട്ടി തട്ടിപ്പുനടത്തിയിരുന്ന എരൂർ ദർഹം റോഡ് നാരായണീയത്തിൽ നാരായണദാസ് (46), സഹായികളായ എരൂർ പിഷാരികോവിൽ ശ്രീദുർഗയിൽ സായ്ശങ്കർ (23), പാലക്കാട് മണ്ണാർക്കാട് കരിമ്പുഴചള്ളത്ത് ഷമീർ (35), പെരുമ്പാവൂർ ഗുൽമോഹർ വീട്ടിൽ മയൂഖി (22), വൈറ്റില തൈക്കൂടം തോപ്പുപറമ്പിൽ ഡിബിൻ (21) എന്നിവരെയാണു തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര അസി. കമ്മിഷണർ ബിജോ അലക്‌സാണ്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ ബൈജു എം. പൗലോസും സംഘവും പ്രതികളെ കുടുക്കിയത്. കാർ മോഷണ കേസ് പരമ്പരയിലെ പ്രതി കൂടിയാണു നാരായണദാസ്.

അജയഘോഷ് മകളുടെ വിവാഹം പ്രമാണിച്ച് ഒരു പുതിയ ബി.എം.ഡബ്ലിയു കാർ വാങ്ങാൻ തീരുമാനിച്ചു. ഈ സമയത്ത് കാർ കമ്പനിയുടെ പ്രതിനിധിയെന്ന നിലയിൽ മയൂഖി ഇയാളെ ഫോണിൽ വിളിച്ചു. കർഷകമായ സ്‌കീമിൽ കുറഞ്ഞ വിലയ്ക്ക് കാർ നൽകാമെന്നും ബംഗളുരുവിലെ ഷോറൂം സന്ദർശിക്കുന്നതിന് വിമാനടിക്കറ്റ്, താമസ സൗകര്യം എന്നിവ കമ്പനി നല്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് ബംഗളുരുവിൽ എത്തിയ അജയഘോഷ് ഹോട്ടൽ മുറിയിൽ മയൂഖിയുമായി സംസാരിച്ചിരിക്കെ കർണാടക പൊലീസിന്റെ വേഷത്തിൽ വന്ന നാലംഗ സംഘം യുവതിയുടെ ബാഗിൽ നിന്ന് വെളുത്തപൊടി കണ്ടെടുത്തു. ഇത് ബ്രൗൺ ഷുഗർ ആണെന്ന് പറഞ്ഞ സംഘം യുവതി മയക്കുമരുന്ന് റാക്കറ്റിലെ പ്രതിയാണെന്നും അജയഘോഷിനെ പറഞ്ഞു ധരിപ്പിച്ചു. അജയഘോഷ് നിരപരാധിത്വം വെളിപ്പെടുത്തിയെങ്കിലും രണ്ടുപേരെയും സംഘം വിലങ്ങുവച്ചു. എന്നാൽ പിന്നീട് കരുതലോടെ നീങ്ങിയ അജയഘോഷ് പ്രതികളെ പൊലീസ് വലയിൽ എത്തിച്ചു.

കേസിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ടു കോടി രൂപ വേണമെന്നും 25 ലക്ഷം രൂപ മുൻകൂറായി നൽകണമെന്നും നർക്കോട്ടിക് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സംശയം തോന്നിയ അജയഘോഷ് പണം കൊടുക്കാമെന്ന ഉറപ്പിൽ നാട്ടിലെത്തിയ ശേഷം പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടെ, ബംഗലുരുവിൽനിന്നു ക്വാറിയുടമയ്‌ക്കൊപ്പം വിമാനത്തിൽ കൊച്ചിയിലെത്തിയ സായ്ശങ്കർ സംഘത്തിലെ മറ്റുള്ളവരറിയാതെ അഞ്ചുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക നൽകാമെന്നു പറഞ്ഞ് സായ്ശങ്കറിനെ ക്വാറിയുടമ തൃപ്പൂണിത്തുറയിലേക്കു വിളിച്ചുവരുത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാരായണദാസ് ഉൾപ്പെടുന്ന സംഘം മുൻകൂർ തുക വാങ്ങാനായി കാർ മാർഗം ബെംഗളൂരുവിൽനിന്നു കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ടെന്നു സായ്ശങ്കറിൽനിന്നു വിവരം ലഭിച്ചു. ഇതാണ് മറ്റ് പ്രതികളെ കുടുക്കിയത്. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് കുടുക്കിയത്.

പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസ് കാർ പിന്തുടർന്നു. കളമശേരിയിൽ കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് കാർ തടഞ്ഞു മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ആധുനിക വോക്കിടോക്കി, മൂന്ന് വിലങ്ങ്, ഇരുപതോളം മൊബൈൽ ഫോണുകൾ, കർണാടക പൊലീസ് ഉപയോഗിക്കുന്ന തരം പൊലീസ് യൂണിഫോമുകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ, വ്യാജ ഡ്രൈവിങ് ലൈസൻസുകൾ തുടങ്ങിയവ കാറിൽനിന്നു പിടിച്ചെടുത്തു. മയൂഖിയെ ഉപയോഗിച്ച് തൃപ്പൂണിത്തുറയിലെ ഒട്ടേറെ സമ്പന്നരിൽനിന്നു പണം തട്ടിയതായി നാരായണദാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്വാധീനിക്കാൻ കഴിയുന്ന സമ്പന്നരെക്കുറിച്ചുള്ള വിവരങ്ങൾ സംഘത്തിനു കൈമാറിയിരുന്ന ചോറ്റാനിക്കര സ്വദേശി സുധീറും കുടുങ്ങി

കൊച്ചിയിലെ വൻകിട ബിസിനസുകാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സംഘത്തിന്റെ കെണിയിൽ പെട്ട് ലക്ഷണക്കണക്കിന് രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. നാണക്കേട് കാരണം ആരും ഒന്നും പറയുന്നില്ല. പ്രധാനമായും മയൂഖിയെ ഉപയോഗിച്ചായിരുന്നു സായിയും സംഘവും ഇരകളെ കെണിയിൽ വീഴ്‌ത്തിയിരുന്നത്. അടുത്തിടെ നാരായണദാസ് തൃപ്പൂണിത്തുറയിൽ മൂന്നര കോടി രൂപ വിലമതിക്കുന്ന വീട് നിർമ്മിച്ചിരുന്നു. ഇതിനുള്ള പണം സ്വരൂപിച്ചത് ഇത്തരം ബ്ലാക്‌മെയിൽ തട്ടിപ്പിലൂടെയാണെന്നാണ് വിവരം. ഇയാൾ 16 വാഹനമോഷണക്കേസുകളിൽ പ്രതിയാണ്. ആഡംബര വാഹനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു.