കൊച്ചി: തിരുവനന്തപുരം മേയർക്ക് വീടെന്ന ആശയം ചെറുതായൊന്ന് മാറ്റി പുതിയ രീതിയിൽ നടപ്പാക്കാൻ നീക്കം. തിരുവനന്തപുരത്ത് മേയേഴ്സ് ഭവൻ നിർമ്മാണം വീണ്ടും തുടങ്ങാനുള്ള ആലോചനയ്ക്ക് പിന്നിൽ വിവാദം ഒഴിവാക്കലാണ്. അതിനൊപ്പം തന്നെ തിരുവനന്തപുരം മേയർക്കായി മേയേഴ്സ് ബംഗ്ലാവും നിർമ്മിക്കും.

ഫലത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് വേണ്ടി മാത്രം നിർമ്മാണം എന്ന വിമർശനം ഒഴിക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിൽ മറ്റൊരു മേയർമാർക്കും സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി വീട് നിർമ്മിച്ചിട്ടില്ല. ഇതാണ് തിരുവനന്തപുരം മേയർക്കായുള്ള വീടു പണിയെ വിവാദത്തിലാക്കിയത്. മിക്ക മേയർമാരും സ്വന്തം വീട്ടിലാണ് താമസം.

കോവിഡുകാലത്ത് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ മേയറുടെ വീട് നിർമ്മാണവും വിവാദത്തിലായി. എന്തു വന്നാലും മേയർ ഭവനം പണിയുമെന്ന് ആര്യാ രാജേന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കരുതലോടെ മതിയെന്ന് സിപിഎം തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് മേയേഴ്‌സ് ഭവൻ എന്ന ആശയം നടപ്പാക്കുന്നത്.

മുൻസിപ്പൽ ചെയർമാന്മാർക്കു വേണ്ടിയുള്ള സൗകര്യങ്ങൾക്ക് പ്രത്യേക കെട്ടിടം തിരുവനന്തപുരത്തുണ്ട്. വഴുതക്കാട്ടാണ് ഇത്. ഈ മാതൃകയിൽ മേയേഴ്‌സ് ഭവൻ പണിയും. പുതിയ മേയർമാർ വന്നശേഷം ചേർന്ന പ്രഥമ മേയേഴ്സ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

കൗൺസിലിന്റെ പുതിയ പ്രസിന്റായി കൊച്ചി മേയർ എം. അനിൽകുമാറിനേയും സെക്രട്ടറിയായി കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും തൃശൂരിലുമാണ് കണ്ണൂരിലുമാണ് മേയർമാരുള്ളത്. ആറു പേർക്ക് വേണ്ടി കോടിക്കണക്കിന് രൂപ പൊടിക്കാനാണ് തീരുമാനം.

പ്രശ്‌നങ്ങൾ നീക്കി മേയേഴ്സ് ഭവൻ നിർമ്മാണം മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് മേയേഴ്സ് കൗൺസിൽ ഇപ്പോൾ. കേരളത്തിലെ മേയർമാർക്കായി തലസ്ഥാനത്ത് മേയേഴ്സ് ഭവൻ നിർമ്മിക്കാൻ ആലോചന തുടങ്ങിയിട്ട് 10 വർഷത്തോളമായി. തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ സ്ഥലം കണ്ടെത്തിയെങ്കിലും പലകാരണങ്ങളാൽ നിർമ്മാണം നീണ്ടുപോവുകയായിരുന്നു.

രണ്ടരക്കോടി രൂപ ചെലവിലായിരുന്നു മേയേഴ്സ് ഭവൻ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. എല്ലാ കോർപ്പറേഷനുകളും പ്ലാൻഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വീതം നീക്കിവെച്ചിരുന്നു. അതിനൊപ്പംതന്നെ തിരുവനന്തപുരം മേയർക്കായി മേയേഴ്സ് ബംഗ്ലാവും നിർമ്മിക്കും. ഈ പണം ആരു നൽകും എങ്ങനെ നൽകും എന്നതും ഉയരുന്ന ചോദ്യമാണ്.

മേയേഴ്‌സ് ഭവൻ നിർമ്മിക്കുമ്പോൾ അതിലെ സൗകര്യങ്ങൾ തിരുവനന്തപുരം മേയർക്ക് സ്ഥിരമായി ഉപയോഗിക്കാം. പിന്നെ എന്തിനാണ് പ്രത്യേകം വീടെന്ന ചോദ്യവും സജീവമാണ്. ഇത് ഖജനാവ് മുടിക്കലാണെന്ന വാദം സജീവമാണ്.

എന്നാൽ പദ്ധതിക്കായി പണം മാറ്റിവെച്ചിട്ടുള്ള സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങാനുള്ള ആലോചനയിലാണ് പുതിയ മേയേഴ്സ് കൗൺസിൽ.