- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാഞ്ഞുവരുന്ന ട്രെയിൻ; പാളത്തിലേക്ക് വീഴുന്ന ആറുവയസുകാരൻ; നിലവിളിക്കുന്ന കാഴ്ച ശക്തിയില്ലാത്ത അമ്മ; ഓടി വന്ന് കുഞ്ഞിനെ കോരിയെടുത്ത് രക്ഷിക്കുന്ന യുവാവ്; നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒന്നുമറിയാത്ത പോലെ കടന്നുപോകുന്ന ട്രെയിൻ; വീഡിയോ വൈറലായതോടെ മയൂർ ഷെൽക്കയാണ് ഹീറോ
മുംബൈ: വാംഗണി റെയിൽവേസ്റ്റേഷനിൽ ആ കാഴ്ച കാണാൻ അധികം പേരുണ്ടായിരുന്നില്ല. പച്ചക്കൊടി വീശുന്ന റെയിൽവെ ജീവനക്കാരനും അപൂർവം ചില യാത്രക്കാരും. ഇന്ന് ഇന്ത്യ മുഴുവൻ ആ കാഴ്ച കണ്ട് അദ്ഭുതം കൂറുകയാണ്. പലർക്കും അദ്ഭുതം ആ സംഭവത്തിലല്ല, സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഇങ്ങനെയൊരു സാഹസത്തിന് മുതിർന്ന ചെറുപ്പക്കാരന്റെ മനസ് ഓർത്തിട്ടാണ്. ഏപ്രിൽ 17 നാണ് സംഭവം.
മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേസ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ. കാഴ്ചശക്തിയില്ലാത്ത അമ്മയോടൊപ്പം റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. പെട്ടെന്ന് കുട്ടി കാൽതെറ്റി റെയിൽവേ പാളത്തിലേക്ക് വീണു. അപ്പോഴാണ് എതിർ ദിശയിൽ നിന്ന് ഒരു ട്രെയിൻ പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിസഹായയായി നിലവിളിക്കുമ്പോൾ ഒരാൾ റെയിൽ ട്രാക്കിലൂടെ ഓടിവരുന്നത് കാണാം. കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റി വിടുന്നതും അയാൾ പ്ലാറ്റ്‌ഫോമിലേക്ക് വലിഞ്ഞുകയറുന്നതും സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ അതുവഴി കടന്നുപോകുന്നതും കാണാം. അപ്പോൾ പച്ചക്കൊടി ആഞ്ഞുവീശുന്നതും.
റെയിൽവെ പോയിന്റ്‌സ്മാനായ മയൂർ ഷെൽക്കയാണ് നമ്മുടെ ഹീറോ. തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ മയൂരിന് നിലയ്ക്കാത്ത ഫോൺകോളുകളാണ്. അഭിനന്ദനസന്ദേശങ്ങളും. ആദ്യം എത്തിയത് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ തന്നെ. 'സ്വന്തം ജീവൻ പോലും മറന്ന് കുട്ടിയെ രക്ഷിക്കാൻ അസാമാന്യ ധീരത കാട്ടിയ മയൂർ ഷെൽക്ക നമ്മുടെ അഭിമാനമാണ്. ഒരുസമ്മാനത്തിനും വിലമതിക്കാനാവാത്ത ധീരപ്രവൃത്തി. എന്നിരുന്നാലും തന്റെ ഉത്തരവാദിത്വം സമയോചിതമായി നിറവേറ്റിയതിനും മനുഷ്യസമൂഹത്തെ പ്രചോദിപ്പിച്ചതിനും തീർച്ചയായും സമ്മാനം നൽകും', ഗോയൽ കുറിച്ചു.
സെൻട്രൽ റെയിൽവെയുടെ മുംബൈ ഡിവിഷൻ ഡിആർഎമ്മും, ജീവനക്കാരും ഷെൽക്കയെ അഭിനന്ദിക്കുന്ന ചടങ്ങിന്റെ ക്ലിപ്പും റെയിൽവെ പുറത്തുവിട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീഡിയോ കണ്ട ശേഷം കുറിച്ചത് ഇങ്ങനെ: 'മയൂർ ഷെൽക്കയുടെ നിസ്വാർത്ഥതയെയും മാതൃകാപരമായ ഹീറോയിസത്തെയും ഞാൻ സല്യൂട്ട് ചെയ്യുന്നു. മയൂർ നിങ്ങളുടെ ധീരത എല്ലാവർക്കും പ്രചോദനമാണ്'
അതേസമയം, സംഭവത്തെ കുറിച്ച് മയൂർ എൻഎൻഐയോട് പറഞ്ഞത് ഇങ്ങനെ: 'ആറുവയസുകാരനൊപ്പം അമ്മയുണ്ടായിരുന്നു. എന്നാൽ, കാഴ്ചശക്തിയില്ലാത്തതുകൊണ്ട് ആ സമയത്ത് അവർക്ക് കുട്ടിയെ രക്ഷിക്കാൻ ആവുമായിരുന്നില്ല. കുട്ടിയുടെ അടുത്തേക്ക് ഞാൻ ഓടി. ഒരുനിമിഷം ഞാനും അപകടത്തിൽ പെട്ടേക്കാമെന്ന് ചിന്തിച്ചു. എന്നാൽ, കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു എന്റെ മനസ്സിൽ. കുഞ്ഞിന്റെ അമ്മ സംഭവത്തിന് ശേഷം വികാരനിർഭരയായി വളരെയേറെ തവണ നന്ദി പറഞ്ഞു. റെയിൽവെ മന്ത്രി പിയൂഷ് ഗോയലും എന്നെ വിളിച്ചിരുന്നു'
മയൂർ ഷെൽക്കെയ്ക്ക് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് 50,000 രൂപയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. അതേസമയം, ആൺകുട്ടിയുടെ അമ്മ സംഗീത ശിർസത്ത് ഇപ്പോഴും മയൂരിന്റെ പ്രവർത്തിയെ കുറിച്ച് വാചാലയാണ്. 'അവന് നന്ദി പറഞ്ഞാൽ മതിയാവില്ല. എന്റെ മകന്റെ ജീവൻ രക്ഷിക്കാൻ വലിയ സാഹസമാണ് മയൂർ കാട്ടിയത്.'
അതേസമയം, ആറ് മാസം മുമ്പ് റെയിൽവെയിൽ ജോലിക്ക് കയറിയ മയൂർ ഷെൽക്ക സംഭവത്തെ നിസ്സാരമായാണ് കാണുന്നത്. ഞാൻ ഡ്യൂട്ടിയിലായിരുന്നു. അപ്പോഴാണ് കുട്ടി വീഴുന്നത് കണ്ടത്. ഒരുസെക്കന്റ് ഞാനൊന്നുമടിച്ചു. പക്ഷേ പിന്നീട് ട്രെയിൻ വരുന്നതിന് അവനെ രക്ഷിക്കണമെന്ന നിശ്ചയത്തോടെ മുന്നോട്ടുകുതിച്ചു, മയൂർ പറഞ്ഞുനിർത്തി.
Shri Mayur Shelkhe the ‘real life hero' appreciated by staff & DRM of Mumbai Division of Central Railway. ???????? pic.twitter.com/8fCSR6S4Vy
- Ministry of Railways (@RailMinIndia) April 19, 2021
Very proud of Mayur Shelke, Railwayman from the Vangani Railway Station in Mumbai who has done an exceptionally courageous act, risked his own life & saved a child's life. pic.twitter.com/0lsHkt4v7M
- Piyush Goyal (@PiyushGoyal) April 19, 2021
I salute Mayur Shelke's selflessness and exemplary heroism. This railway pointsman risked his own life to save the life of a child who fell on the tracks at Vangani station in Maharashtra. Mayur, your bravery inspires us all. pic.twitter.com/lX08pBY9I5
- Gautam Adani (@gautam_adani) April 19, 2021
മറുനാടന് മലയാളി ബ്യൂറോ