തലശേരി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുൻതൂക്കം മയ്യഴി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിലനിർത്താൻ യു.ഡി.എഫ്. മയ്യഴി നഗരസഭ വീണ്ടും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് ഉണരുമ്പോൾ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത്.

ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് പത്ത് വർഷത്തിനുശേഷം സുപ്രീംകോടതി വിധിയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. നഗരസഭാധ്യക്ഷയെയും കൗൺസിലർമാരെയും തെരഞ്ഞെടുക്കാൻ ഒക്ടോബർ 21നാണ് മയ്യഴി പോളിങ് ബൂത്തിലേക്ക് നീങ്ങുക. യു.ഡി.എഫ് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് എങ്കിലും കോൺഗ്രസിലെ ഗ്രുപ്പുപോര് തിരിച്ചടിയാകുമെന്നാണ് പാർട്ടിയെ ആശങ്കയിലാഴ്‌ത്തുന്നത്.

എന്നാൽ പതിവുപോലെ ചിട്ടയായ സംഘടനാ സംവിധാനമാണ് മാഹിയിൽ സിപിഎമ്മിനും എൽ.ഡി.എഫിനുമുള്ളത്. മാഹി മുനിസിപ്പൽ ഏരിയയിൽ ഒന്നൊഴികെ മുഴുവൻ ബ്രാഞ്ച് സമ്മേളനവും പൂർത്തിയാക്കിയാണ് സിപി എം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. എൽഡിഎഫും തെരഞ്ഞെടുപ്പിന് സജ്ജമാണ്. നേരിയ വോട്ടിന് കൈവിട്ട മാഹി തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇടതുപക്ഷം ഗോദയിലിറങ്ങുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലൊരു മിന്നും വിജയമാണ് സിപിഎം കണക്കുകൂട്ടുന്നത്. 2006ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ 15ൽ ഏഴുവാർഡ് വീതമാണ് സിപിഐ എമ്മും കോൺഗ്രസും നേടിയത്. ഒരു വാർഡ് മുസ്ലിംലീഗിനും. വാർഡുകളുടെ എണ്ണം ഇപ്പോൾ പത്തായി കുറഞ്ഞു.

റേഷനും തൊഴിലും വികസനവും ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളാണ് നഗരസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കാൻ സിപിഎം ഒരുങ്ങുന്നത്.