മയ്യിൽ : വീട്ടുകാരുടെ താൽപ്പര്യത്തിന് വഴങ്ങി വീട്ടുകാർ കാമുകനായ യുവാവിനെ പീഡന കേസിൽ കുടുക്കിയെന്ന് യുവതി. യുവതി കോടതിയിൽ നൽകിയ മൊഴി പൊലിസിനെയും കുടുംബക്കാരേയും വെട്ടിലാക്കി. കാമുകനായയുവാവിനെതിരെ പൊലിസ് ചുമത്തിയ പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഇരയായ യുവതി ഹൈക്കോടതിയിൽ രഹസ്യമൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.

തന്നെ യുവാവ് ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവാവിനെ വിവാഹം കഴിക്കുന്നത് തടയാൻ വീട്ടുകാർ കെട്ടിച്ചമച്ചതാണ് കേസെന്നുമുള്ള നിർണായകമായ മൊഴിയാണ് ഇരയായ പെൺകുട്ടി ഹൈക്കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കുറ്റാരോപിതന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാർച്ച് രണ്ടിനാണ് വിവാദമായ കേസിനടിസ്ഥാനമായ സംഭവം നടന്നത്.

മംഗ്‌ളൂരിൽ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ കോഴ്‌സിന് പഠിക്കുന്ന മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ വലയിലാക്കി കുറ്റിയാട്ടൂർ പള്ളിമുക്ക് സ്വദേശി പി.പി.സാജിദ് (30) പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഇതോടെയാണ് പീഡന വിവരം വീട്ടുകാർ അറിഞ്ഞതെന്നും പരാതിയിലുണ്ടായിരുന്നു. 2017 ൽ ഫേസ്‌ബുക്കിലൂടെയാണ് പെൺകുട്ടിയും സാജിദും പരിചയപ്പെട്ടത്.

മയ്യിൽ പൊലീസ് കേസെടുത്തെങ്കിലും സാജിദിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഭിഭാഷകരായ അഭിലാഷ്, ഹനീഫ എന്നിവർ മുഖേന സാജിദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. കഴിഞ്ഞ മൂന്നിന് ഈ ഹർജിയുടെ വാദം നടക്കുമ്പോൾ തങ്ങളെ കൂടി കേൾക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സാജിദിന് എതിരേ ഒരിക്കലും മൊഴി നൽകില്ലെന്നും പ്രായപൂർത്തി എത്തിയ പെൺകുട്ടിയെ തടങ്കലിൽ വച്ച് മാതാപിതാക്കൾ പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു.

പെൺകുട്ടിക്ക് പ്രായ പൂർത്തിയായ സാഹചര്യത്തിൽ രക്ഷിതാക്കളുടെ വാദമല്ല കുട്ടിയുടെ നിലപാടാണ് അറിയേണ്ടതെന്ന് ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യൻ അഭി പ്രായപ്പെടുകയും എട്ടിന് പെൺകുട്ടിയെ തന്റെ ചേമ്പറിൽ ഹാജരാക്കാൻ മയ്യിൽ പൊലീസിന് ഉത്തരവ് നൽകുകയും ചെയ്തു. അതിന്റെ അടി സ്ഥാനത്തിൽ മയ്യിൽ സിഐ. ബിജു പ്രകാശ് വനിതാ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ എട്ടിന് ജസ്റ്റിസ് ബച്ചു കുര്യന്റെ ചേമ്പറിൽ ഹാജരാക്കി. പ്രോസിക്യൂഷൻ അഭി ഭാഷകനും പ്രതിഭാഗം അഭിഭാഷകരും പെൺകുട്ടിയുടെ രക്ഷിതാക്കളുടെ അഭിഭാഷകനും ചേമ്പറിൽ ഹാജരായിരുന്നു. എന്നാൽ കോടതിയോട് മാത്രമായി തനിക്ക് ചില കാര്യം പറയാനുണ്ടെന്ന് പെൺകുട്ടി ജഡ്ജിയോട് പറഞ്ഞു.ഇതോടെ അഭിഭാഷകളെയെല്ലാം ചേമ്പറിൽ നിന്ന് ഒഴിവാക്കി.

തന്നെ സാജിദ് പീഡിപ്പിച്ചിട്ടില്ലെന്നും ക്കാലമായി പ്രണയത്തിലാണെന്നും രണ്ട് മതസ്ഥരായതിനാൽ വിവാഹം കഴിക്കുന്നതിനെ എതിർത്ത തന്റെ വീട്ടുകാർ തന്നെ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി മൊഴി നൽകി. ഇതേ തുടർന്ന് സാജിദിന് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. മാത്രമല്ല രക്ഷിതാക്കൾ പീഡിപ്പിക്കുന്നുവെന്ന പെൺകുട്ടിയുടെ മൊഴി റിട്ട് ഹർജിയായി പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ ഡിവിഷൻ ബെഞ്ച് മുമ്പാകെ ഈ ഹർജി അടിയന്തരമായി എത്തിക്കാൻ ഹൈക്കോടതി രജിസ്ട്രാറിന് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, ജയചന്ദ്രൻ എന്നിവരുടെ ബെഞ്ചിലേക്ക് ഹർജി എത്തിച്ചു. വൈകുന്നേരം മൂന്നുമണിക്ക് പ്രമാദമായ മറ്റൊരു കേസിന്റെ വാദം കേൾക്കുന്നതിനിടയിലാണ് ഈ ഹർജി ഇവരുടെ ബെഞ്ച് മുമ്പാകെ എത്തിയത്.

പരിഗണിക്കുന്ന ഹർജി താൽക്കാലികമായി നിർത്തി ഈ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണനക്കെടുത്തു. പ്രതിയുടെയും പ്രോസിക്യൂഷന്റെയും പെൺകുട്ടിയുടെ രക്ഷിതാവിന്റെയും അഭിഭാഷകർ ഡിവിഷൻ ബെഞ്ച് മുമ്പാകെ ഹാജരായി. തുടർന്ന് കുട്ടിയെ ചേമ്പറിൽ വിളി ച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മാതാപിതാക്കൾ പീഡിപ്പിക്കുന്നു എന്ന മൊഴിയാണ് പെൺകുട്ടി നൽകിയത്. ഈ സാഹചര്യത്തിൽ പെൺകുട്ടിയെ താൽക്കാലികമായി എവിടെ പാർപ്പിക്കുമെന്ന പ്രശ്‌നം കോടതിയുടെ മുന്നിലെത്തി. മുൻകൂർ ജാമ്യം സാജിദിന് അനുവദിച്ചെങ്കിലും പീഡനക്കേസ് നിലനിൽക്കുന്നതിനാൽ അയാളുടെ കൂടെ അയക്കാൻ നിയമപരമായി തടസമുണ്ടായിരുന്നു.

അതിനാൽ പെൺകുട്ടിക്ക് തൽക്കാലം സ്വതന്ത്രമായി താമസിക്കാൻ ഹോസ്റ്റൽ തിരഞ്ഞെടുക്കാം, അല്ലങ്കിൽ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ താമസി ക്കാം. ഈ രണ്ട് സാധ്യതയാണ് കോടതി പെൺകുട്ടിയുടെ മുമ്പാകെ വച്ചത്. മാതാപിതാക്കൾക്കൊപ്പം താമസിക്കാമെന്നും എന്നാൽ യാതൊരുവിധ പീഡനവുമുണ്ടാകരുതെന്നു അത് മയ്യിൽ പൊലീസിന്റെ പൂർണ ഉത്തരവാദിത്തമാക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പെൺകുട്ടിയെ മാതാപിതക്കൾക്കൊപ്പം താമസിക്കാൻ കോടതി അനുവദിച്ചു. പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചുവെന്നതിന് ഹൈക്കോടതിയെടത്ത കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.