- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവരിയില്ലാത്ത കനാൽ റോഡിൽ നിന്നും വീണു മരിച്ച സ്‌കൂട്ടർ യാത്രക്കാരനെ കുറ്റക്കാരനാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു മയ്യിൽ പൊലീസ്; റോഡ് നിർമ്മാണത്തിലെ അപാകത കണ്ടില്ലെന്ന് നടിച്ച് പൊലീസിന്റെ വിചിത്ര നടപടി; നിയമപരമായി നേരിടുമെന്ന് ബന്ധുക്കൾ
മയ്യിൽ: കൈവരിയില്ലാത്ത മയ്യിൽ കൊളച്ചേരിയിലെ കനാൽ പാലം റോഡിൽ നിന്നും കനാലിൽ വീണു മരണമടഞ്ഞ സ്‌കൂട്ടർ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂർ കോടതിയിൽ പൊലീസ് കേസ് നൽകി. മയ്യിൽ പൊലിസാണ് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. മരണമടഞ്ഞ കാവും ചാലിലെസി. ഒ ഭാസ്‌കര(54)ന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും നോട്ടീസ് കിട്ടിയതോടെ പൊലീസിന്റെ കേസന്വേഷണത്തിൽ പകച്ചിരിക്കുകയാണ് കുടുംബം.
പുതുതായി നിർമ്മിച്ച റോഡിന്റെ നിർമ്മാണത്തിന്റെ അപാകത മൂലമാണ് മരണംസംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നിലനിൽക്കവെയാണ് മയ്യിൽ പൊലിസ് വിചിത്രമായ കേസന്വേഷണം നടത്തി ദാരുണമായ മരണം സംഭവിച്ച ഭാസ്‌കരനെ കുറ്റക്കാരനായി കാണിച്ച് കേസ് അവസാനിപ്പിച്ചത്. പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ ആരോപണമുയർന്നതിനെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർ പ്രകോപിതരായി തടഞ്ഞിരുന്നു.
ഇതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകടം നടന്ന സ്ഥലത്ത് കൈവരി നിർമ്മിക്കുകയുമായിരുന്നു. വ്യാപാരിയായിരുന്ന ഭാസ്‌കരൻ സഞ്ചരിച്ച സ്‌കൂട്ടർ ഇറക്കത്തിനിടെയിൽ നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കാനാലിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് നാട്ടുകാർ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
മധ്യവയസ്‌കന്റെ ദാരുണ മരണത്തിനിടയാക്കിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നിരിക്കെ ഉദ്യോഗസ്ഥന്മാർക്കെതിരെ പേരിന് പോലും അന്വേഷണം നടത്താതെയാണ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി പൊലിസ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കനാലിന് കൈവരി നിർമ്മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണെന്നും എന്നാൽ അധികൃതർ ഇതു അവഗണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെയും റോഡ് നിർമ്മാണ കരാറുകാരന്റെയും അനാസ്ഥയ്ക്ക് വെള്ളപൂശികൊണ്ടാണ് പൊലിസ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പൊലിസിന്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ഭാസ്‌കരന്റെ ബന്ധുക്കൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ