- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവിൽ നിലയിലെ കൂട്ടുകാരിക്ക്: ആദ്യ ചുംബനം ഏറ്റുവാങ്ങുമ്പോൾ
സി പി എമ്മിന്റെ യുവജനവിഭാഗമായ ഡി വൈ എഫ് ഐയുടെ മുഖപത്രമാണ് യുവധാര. പതിവു രാഷ്ട്രീയ ലേഖനങ്ങൾ പരാമർശം അർഹിക്കുന്നുവയല്ലെങ്കിലും ശ്രീജിത്ത് അരിയലൂർ എന്ന കവിയുടെ 'മഴവിൽ നിലയിലെ കൂട്ടുകാരിക്ക്' എന്ന കവിത തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. പ്രണയതീക്ഷ്ണം എന്നു തന്നെ ആ കവിതയെ കുറിച്ച് പറയേണ്ടിയിരിക്കുന്നു.'ആദ്യ ചുംബനം ഏറ്റുവാങ്ങുമ്പോൾവയ
സി പി എമ്മിന്റെ യുവജനവിഭാഗമായ ഡി വൈ എഫ് ഐയുടെ മുഖപത്രമാണ് യുവധാര. പതിവു രാഷ്ട്രീയ ലേഖനങ്ങൾ പരാമർശം അർഹിക്കുന്നുവയല്ലെങ്കിലും ശ്രീജിത്ത് അരിയലൂർ എന്ന കവിയുടെ 'മഴവിൽ നിലയിലെ കൂട്ടുകാരിക്ക്' എന്ന കവിത തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. പ്രണയതീക്ഷ്ണം എന്നു തന്നെ ആ കവിതയെ കുറിച്ച് പറയേണ്ടിയിരിക്കുന്നു.
'ആദ്യ ചുംബനം ഏറ്റുവാങ്ങുമ്പോൾ
വയനാടൻ ചുരം കയറുമ്പൊഴും
ഇറങ്ങുമ്പൊഴുമെന്ന പോലെ
ആരുടേയും ഹൃദയമിടിപ്പ്
ഉയരുകയോ താഴുകയോ
ചെയ്തിട്ടുണ്ടാവും
ചെവിയടഞ്ഞിട്ടുണ്ടാവും' എന്ന വരി വായിക്കുമ്പോൾ ആരുടെ ഹൃദയവും പ്രണയാതുരമാകും. കടാംങ്കോട്ട്* ഭഗവതിയേയും മാതാ അമൃതാനന്ദമയിയേയും താരതമ്യപ്പെടുത്തി മുൻപൊരിക്കൽ ശ്രീജിത്ത് എഴുതിയ കവിത മറക്കാൻ നേരമായിട്ടില്ലെങ്കിലും ഈ കവിത ഒന്നിലധികം തവണ വായിക്കാതിരിക്കാനാവില്ല.
(സാരസ്വതൻ, കേസരി വാരിക)
രണ്ട്കാര്യങ്ങൾ.
ഒന്ന്. അനുഷ്ഠാനമൊത്ത ഒരു സി പി എം അനുഭാവിയുടെ കവിതയെ പരാമർശിച്ചിരിക്കുന്നത് ഹിന്ദുരാഷ്ട്രീയത്തിന്റെ കുഴലായിരിക്കുന്ന ഒരു വാരികയിലാണ്. രാഷ്ട്രീയപാർട്ടികൾക്കതീതമായ് കവിത നടത്തുന്ന ആഭിചാരത്തിന്റെ രസകരവും ആവേശപ്പെടുത്തുന്നതുമായ ഒരു വായനാനുഭവമാണിത്. ശ്രീജിത്ത് താൻ എഴുതിയത് പ്രസിദ്ധീകരിച്ച് വരാൻ ഇഷ്ടമില്ലാത്ത വാരികകളുടെ ലിസ്റ്റ് ഇട്ട് കണ്ടിട്ടുണ്ട്. 'മാദ്ധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില് എഴുതുന്നത് വലിയ ജനാധിപത്യ വിരുദ്ധതയാണെന്ന് വിശ്വസിക്കുന്നു.' എന്ന് നിങ്ങൾക്ക് അദ്ദേഹത്തിന്റെ ബ്ലോഗിൽ വായിക്കാം. അപ്പോൾ ഇത് കവിത കവിയെ തള്ളിയ സംഗതിയാണ് അതിന്റെ സന്തോഷം അദ്ദേഹത്തിനുമുണ്ടാകും എന്ന് കരുതുന്നു.
രണ്ട്. എഴുത്തുകാരന്റെ സ്‌വ്യകാര്യതയെ, ഉടലിനെ ഒന്നും കവിതയിലേക്ക് വലിച്ചിഴയ്ക്കാൻ പാടില്ല എങ്കിലും ഒരു ഓർമ്മയിലേക്ക് ജംബ് കട്ട്. മേലുദ്ധരിച്ചിരിക്കുന്ന വരിയിലെ വയനാടൻ ചുരം എന്ന പ്രയോഗം എന്നെയങ്ങ് ചിരിപ്പിച്ചു കളഞ്ഞു. ഞങ്ങളൊരുമിച്ച് വയനാടൻ ചുരം ഇറങ്ങിയ വൈകുന്നേരം പ്ലാസ്റ്റിക് കൂട് പിടിച്ച് ശർദ്ദിക്കുന്ന ശ്രീജിത്തേട്ടനെ ഓർമ്മ വരുന്നു. കണ്ടാൽ കഷ്ടം തോന്നുന്ന ആ ഇരുപ്പും ആ പെരുപ്പും. ചുരമിറങ്ങുമ്പോൾ ഉള്ള മനം പുരട്ടൽ പലർക്കുമുണ്ടല്ലോ. (സാക്ഷി പറയാൻ രാഹുൽ ഗോവിന്ദ് വരും. )ഇത് കവിയുടെ മറ്റൊരു പരാജയവും കവിതയുടെ തുടരൻ വിജയങ്ങളുടെ തെളിവുമാണ് എന്നൊരു ചെറുവെളിപാടിന്റെ പങ്ക് വെയ്ക്കൽ മാത്രമാണിത്. അങ്ങേർ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ.
*കാടാമ്പുഴ എന്നതാണ് ശരി, കേസരിയുടെ തെറ്റാണ്.
കവിതയുടെ പൂർണ്ണരൂപം
മഴവിൽ നിലയിലെ കൂട്ടുകാരിക്ക് ...!
ശ്രീജിത്ത് അരിയല്ലൂർ
ആഗ്രഹിച്ചിട്ടും
കിട്ടാതെ പോയ ചുംബനങ്ങളുടെ
മ്യൂസിയമാണ്
എന്റെ ശരീരം...!
കവിളിലൊരു
തേനീച്ച കുത്തും പോലെ...
ചുണ്ടിലൊരു
കട്ടുറുമ്പ് കടിക്കും പോലെ ...
നെഞ്ചിലൊരു
കുറുക്കൻ ഞെണ്ട് അരിച്ച് നീങ്ങും പോലെ ...
നെറ്റിയിലൊരു മയിലാഞ്ചിത്തണുപ്പ് പോലെ...
കണ്ണിലൊരു വയല്പുല്ലിൻ പച്ച പോലെ ...!
ആദ്യം ചുംബനം ഏറ്റു വാങ്ങുമ്പോൾ
വയനാടൻ ചുരം കയറുമ്പോഴും ഇറങ്ങുമ്പോഴും എന്നപോലെ
ആരുടേയും ഹൃദയമിടിപ്പ്
ഉയരുകയോ താഴുകയോ ചെയ്തിട്ടുണ്ടാകും...
ചെവിയടഞ്ഞിട്ടുണ്ടാകും...
തല ചുറ്റിയിട്ടുണ്ടാകും...!
ഹിറ്റ്‌ലറും മുസോളിനിയും
മാർക്‌സും ഗാന്ധിജിയും
ഭഗത് സിങ്ങും ചെഗുവേരയും
അതിനു മുമ്പിൽ നിശ്ചലരായിട്ടുണ്ടാകും...!
ഗാമ വഴി മറന്നിട്ടുണ്ടാകും ...!
കൊളംബസ് യാത്ര മതിയാക്കിയിട്ടുണ്ടാവും...!
ശ്രീ രാമ കൃഷ്ണ പരമ ഹംസരും
വിവേകാനന്ദനും
ശ്രീ നാരായണനും
അതിന്റെ നിർവൃതിയിൽ
സമാധിയടഞ്ഞിട്ടുണ്ടാകും...!
പതിനാറായിരത്തി എട്ടിന്റെ കാമുകൻ
ചുംബനങ്ങളേറ്റ്
അന്തിക്കാർ വർണ്ണനായിട്ടുണ്ടാകും...!
നബി തിരുമേനി അതോർത്ത്
തസ്ബീഹിലെ
എണ്ണം തെറ്റല്ലേയെന്ന് പ്രാർത്ഥിച്ചിട്ടുണ്ടാകും ...!
യേശു ക്രിസ്തു അവസാനത്തെ ആണിയടി പോലെ
അതിൽ മുറുകിയിട്ടുണ്ടാകും...!
സാമ്രാജ്യങ്ങളും കൂരകളും
അതിന്റെ പടയോട്ടത്തിലും ഒഴുക്കിലും പെട്ട്
തവിടു പൊടിയായും ഹിമവൽ ശൃംഗങ്ങളായും രൂപാന്തരപ്പെട്ടിട്ടുണ്ടാകും...!
ഇന്നീ 'മഴവിൽ'നിലയിലേക്ക്
ലിഫ്റ്റിൽ നിന്നോടൊപ്പമുയരുമ്പോൾ
ഇനിയിത്ര അടുത്ത് ,ഇങ്ങനെയൊറ്റയ്ക്ക്
ഞാനുണ്ടാവില്ലെന്ന തോന്നലിൽ
നീയാഞ്ഞാഞ്ഞ്
എന്റെ ചുണ്ടിൽ കൊത്തി കൊത്തി ഒരു മരം കൊത്തിയാകുമ്പോൾ
അക്വേറിയത്തിലെ പായൽ തിന്നും ആ ചെറിയ പുള്ളി മീനിനെപ്പോലെ
ഞാൻ നിന്റെ ഉമിനീരൂമ്പിയൂമ്പിക്കുടിക്കു മ്പോൾ
നമ്മളിങ്ങനെ ചുംബനങ്ങൾ കൊണ്ട് കീമോ ചെയ്യുമ്പോൾ
നിന്റെ വെള്ളക്കൽ മൂക്കുത്തിയുരഞ്ഞ്
ചോരത്തുള്ളികൾ കാട്ടുകുന്നിക്കുരുമണികളായുതിരുമ്പോൾ
ആദ്യമായി പുറത്തായ അന്ന് കണ്ട ചോരത്തുള്ളികൾ പോലെ
ഇതെന്തു ചെയ്യും ആരെങ്കിലും കണ്ടാലോ എന്ന് ഭയന്ന്
നീ നിന്റെ വെള്ളക്കൈലേസിൽ ഒപ്പിയെടുത്തു വെക്കുമ്പോൾ
ഞാൻ നിന്റെ മൂക്കുത്തിക്ക്
ഒരു 'രക്തക്കല്ല്'വച്ച് തരുമ്പോൾ
നിന്റെ കൈത്തണ്ടയിലും പിൻ കഴുത്തിലും
രോമാഞ്ചം കൊണ്ട്
ആയിരം ഭടന്മാർ സമര സജ്ജരാകു മ്പോൾ
നമ്മുടെ ലിഫ്റ്റ് ഉയർന്നു കൊണ്ടേ ഇരിക്കുമ്പോൾ
ആ കൈലേസ്
ഒരു രക്ത നക്ഷത്രാങ്കിത ശുഭ്രപതാക പോലെ
നാം സ്വപ്നലോകത്തേക്കുയർത്തി വീശുമ്പോൾ
പ്രണയത്തിന്റെ ജനിക്കും മൃതിക്കും ജീവിത്തത്തിനുമിടയിൽ
നമ്മൾ
ചുംബനങ്ങൾ കൊണ്ട് വിപ്‌ളവം സൃഷ്ടിക്കുന്നു...!
നമ്മുടെ കൈലേസിന്റെ കാറ്റേറ്റ്
ഭൂമിയിലും നരകത്തിലും സ്വർഗത്തിലും
ചുക ചുകന്ന മുരിക്കിൻ പൂവുകൾ
ഒന്നിനു മേലൊന്നൊന്നായി പൊട്ടി വിടരുന്നു ...!
(എലീസാ ടെസ്റ്റിൽ ഈ ചുംബനങ്ങളാൽ
എനിക്ക് നിന്നിലൂടെ എയിഡ്‌സ് വരണമേയെന്ന് ഞാൻ പ്രാർത്ഥിക്കും ...!
എനിക്കങ്ങിനെ തന്നെ മരിച്ചാൽ മതി ...!)