കുടിച്ചും മദിച്ചും ആഡംബരക്കാറുകളിൽ ചീറിപ്പാഞ്ഞും ജീവിക്കുന്നതിലായിരുന്നു മാസി ഡുമാറ്റോയെന്ന 38-കാരന് താത്പര്യം. പക്ഷേ, എല്ലാം അവസാനിച്ചു. ദുബായിലണ്ടായ ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ മാസി ദൈവത്തെക്കണ്ടു. ജീവനുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഒപ്പം നിന്ന ദൈവതത്തിന് നൽകിയ വാക്കുപോലെ, ആഡംബര ജീവിതം മാസി ഉപേക്ഷിച്ചു. തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി പാവങ്ങൾക്ക് നൽകിയ ഈ യുവാവ് ഇപ്പോൾ അന്തിയുറങ്ങുന്നത് കടത്തിണ്ണയിലും തെരുവിലും.

സിറിയയിലെ ദമാസ്‌കസാണ് മാസിയുടെ ദേശം. ബ്രസീലിലും ദുബായിലുമായി വളർന്ന മാസിയുടെ ജീവിതം മാറ്റിയത് ദുബായിലുണ്ടായ ഒരു അപകടമാണ്. അഞ്ചുകാറുകൾ അപകടത്തിൽപ്പെട്ട കൂട്ടത്തിൽ മാസിയുടെ പുതുപുത്തൻ ഫെരാരിയുമുണ്ടായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോഴാണ് മിലേനയെന്ന യുവതിയെ മാസി കാണുന്നത്. ആഡംബര ജീവിതത്തിന്റെ നിരർഥകത മിലേന മാസിയെ ബോധ്യപ്പടുത്തി.

ഇപ്പോൾ മിലേന മാസിയുടെ ഭാര്യയാണ്. വെബ് ഡിസൈനിങ്ങിലൂടെയും ഹോട്ടലിലൂടെയും സമ്പാദിച്ച 30 ലക്ഷം ഡോളർവരുന്ന സ്വത്തുക്കൾ പാവങ്ങൾക്ക് നൽകിയ മാസി, ഇപ്പോൾ ബ്രസീലിൽ മിലേനയ്‌ക്കൊപ്പം സസുഖം ജീവിക്കുന്നു. ഇതിനിടെ, മിലേനയ്ക്ക് സ്തനാർബുദവും പിടിപെട്ടു. രണ്ട് സ്തനങ്ങളും നീക്കം ചെയ്തതിന് പുറമെ, ബോൺ മാരോ ട്രാൻസ്പ്ലാന്റും വേണ്ടിവന്നു. ഇതിനായി ഏഴുലക്ഷം ഡോളറാണ് മാസി ചെലവിട്ടത്.ഭാര്യാ സഹോദരന്റെ ബ്രെയിൻ ്ട്യൂമർ ചികിത്സിക്കാനും വലിയൊരു തുക വേണ്ടിവന്നു.

ഈ ചികിത്സയ്ക്കിടെയാണ്, പാവപ്പെട്ടവർക്ക് ക്യാൻസർ ചികിത്സയ്ക്കായി എന്തെങ്കിലും നൽകണമെന്ന് മാസിയും മിലേനയും തീരുമാനിച്ചത്. ബ്രസീലിലെ ഫ്‌ളോറിയാനപോളിസിലുള്ള ക്യാൻസർ സെന്ററിന് അവർ സ്വത്തുക്കളിൽ ഭൂരിഭാഗവും നൽകി. ചികിത്സ മനുഷ്യരെ എത്രത്തോളം ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഉ്‌ളതെല്ലാം പാവപ്പെട്ടവർക്ക് നൽകാൻ മാസിയെ പ്രേരിപ്പി്ച്ചത്.

 

ദുബായിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാസിയെ ആശുപത്രി വിട്ടശേഷം ജയിലിലാക്കി. ഒരു സുഹൃത്തിന്റെ വ്യവസായിയായ പിതതാവാണ് മാസിയെ ജയിൽമോചിതനാക്കാൻ സഹായിച്ചത്. ജയിലിൽനിന്നിറങ്ങി മിലേനയുമായി ജീവിതമാരംഭിച്ചതോടെ, മാസി പുതിയൊരു തീരുമാനമെടുത്തു. അന്നന്നത്തേയ്ക്ക് ജീവിക്കാൻ മാത്രമുള്ളത് കൈയിൽകരുതുക. പണമില്ലാത്തതുകൊണ്ട് ചികിത്സിക്കാനാവാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുക. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുള്ള മിലേനയുടെ അനുഭവങ്ങളും മാസിയുടെ തീരുമാനത്തിന് കരുത്തുപകരുന്നു.