തിരുവനന്തപുരം: കേരള നിയമസഭയിൽ കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ എംഎൽഎയായി എം.ബി. രാജേഷ്. 10 വർഷം ലോക്‌സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയിൽ പുതുമുഖമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്. നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട് ടി.എസ്, ജോൺ, എ.സി. ജോസ്. ഇരുവരും എംഎൽഎ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്. അതുകൊണ്ട് തന്നെ ആദ്യ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം തന്നെ സ്പീക്കറാകുന്ന വ്യക്തിയായി മാറുകയാണ് തൃത്താലയിൽ നിന്നുള്ള എംഎൽഎ.

സ്പീക്കർ പ്രതിപക്ഷ സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥ് എത്തിയെങ്കിലും പോരാട്ടം പ്രതീകാത്മകം മാത്രമായിരുന്നു. 99 എം എൽ എമാരുടെ പിന്തുണയുള്ള ഇടത് സ്ഥാനാർത്ഥി പ്രതീക്ഷിച്ച വോട്ടെല്ലാം നേടി. ബാലറ്റ് പേപ്പറിലാണ് അംഗങ്ങൾ വോട്ട് ചെയേ്തത്. രണ്ടാാം പിണറായി സർക്കാറിനുള്ളത് വൻഭൂരിപക്ഷമാണെങ്കിലും രാഷ്ട്രീയപ്പോരിൽ ഒട്ടും പിന്നോട്ട് പോകണ്ടെന്ന് സതീശന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ എം ബി രാജേഷിനെതിരെ പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയായി നിർത്തിയത്.

വോട്ടെടുപ്പിൽ 96 വോട്ടാണ് എംബി രാജേഷിന് കിട്ടിയത്. വിഷണുനാഥിന് 40ഉം. പ്രതിപക്ഷത്ത് നിന്ന് എം വിൻസന്റ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അതുകൊണ്ടാണ് 40 വോട്ടായത്. ഭരണപക്ഷത്ത് രണ്ടു പേർ എത്തിയില്ല. പ്രോടൈം സ്പീക്കർ വോട്ട് ചെയ്തുമില്ല. അങ്ങനെ 136 പേർ വോട്ട് ചെയ്തു. ആരും വോട്ട് അസാധുവാക്കിയതുമില്ല. നിയമസഭയിലെ ഇരിപ്പിടത്തിന്റെ ഓർഡറിലായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്. എല്ലാ നടപടി ക്രമങ്ങളും ഒരു മണിക്കൂർ കൊണ്ട് തീർന്നു. ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു അജണ്ട. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സിപിഐയുടെ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകുമെന്നും ഉറപ്പാണ്.

4-ാം നിയമസഭയിൽ അഞ്ചേകാൽ വർഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17ന് ടി.എസ്. ജോണും 6-ാം നിയമസഭയിൽ രണ്ടു വർഷം കഴിഞ്ഞ് 1982 ഫെബ്രുവരി 3ന് എ.സി. ജോസും സ്പീക്കർ ആയിട്ടുണ്ട്. യഥാക്രമം കെ. മൊയ്തീൻകുട്ടി ഹാജിയും എ.പി. കുര്യനും രാജിവച്ച ഒഴിവിലാണിത്. എന്നാൽ 15-ാം നിയമസഭയിൽ രാജേഷ് തുടക്കത്തിലെ സ്പീക്കറാകുന്നു. ഇന്ന് നടന്നത് 23ാമത്തെ സ്പീക്കർ തിരഞ്ഞെടുപ്പ്. കേരള നിയമസഭയുടെ 21ാമത്തെ സ്പീക്കർ ആണ് രാജേഷ്. വക്കം പുരുഷോത്തമൻ (7, 11 നിയമസഭകൾ), തേറമ്പിൽ രാമകൃഷ്ണൻ (9, 11 നിയമസഭകൾ) എന്നിവർ രണ്ടു തവണ വീതം സ്പീക്കറായിരുന്നതുകൊണ്ടാണ് ഈ വ്യത്യാസം. രണ്ടാം നിയമസഭയിൽ മൂന്നും 4, 6, 7, 9, 11, 13 നിയമസഭകളിൽ രണ്ടു വീതവും സ്പീക്കർമാരുണ്ടായി.

ശ്രീരാമകൃഷ്ണനിൽ നിന്നാണ് എംബി രാജേഷ് സ്പീക്കറുടെ പിൻഗാമിയാകുന്നത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ പഠനകാലം മുതൽ രാഷ്ട്രീയരംഗത്തു മുൻഗാമിയും പിൻഗാമിയുമാണ് ശ്രീരാമകൃഷ്ണനും രാജേഷും. കഴിഞ്ഞ നിയമസഭയിൽ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ, ബിരുദ വിദ്യാർത്ഥിയായിരുന്ന കാലത്താണ് അതേ കോളജിൽ എം.ബി. രാജേഷ് പ്രീഡിഗ്രിക്കു ചേർന്നത്. രാഷ്ട്രീയജീവിതത്തിൽ രാജേഷ് ആദ്യമായി ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായത് എൻഎസ്എസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പദവിയിൽ.

ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് രാജേഷ് ജില്ലാ സെക്രട്ടറിയായിരുന്നു. ഇതിനുശേഷം ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറിയായപ്പോൾ രാജേഷ് സംസ്ഥാന പ്രസിഡന്റായി. ശ്രീരാമകൃഷ്ണൻ ഡിവൈഎഫ്‌ഐ ദേശീയാധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ അതേ പദവിയിൽ പിൻഗാമിയായതും രാജേഷായിരുന്നു. ഇപ്പോൾ ശ്രീരാമകൃഷ്ണന് ശേഷം സ്പീക്കർ പദവിയും. രണ്ടുപേരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.

വള്ളുവനാടൻ ഗ്രാമമായ ചളവറയുമായി പൈതൃക ബന്ധവുമുണ്ട് ശ്രീരാമകൃഷ്ണന്. ചളവറ മുണ്ടക്കോട്ടുകുർശിയിലായിരുന്നു ശ്രീരാമകൃഷ്ണന്റെ അച്ഛന്റെ തറവാടായ പുറയത്തുവീട്. ഇവിടെനിന്നു താവഴി പിരിഞ്ഞു പെരിന്തൽമണ്ണയിലെത്തുകയായിരുന്നു കുടുംബം. രാജേഷിന്റെ ജന്മനാടും ചളവറ തന്നെ. കൗതുകം തീരുന്നില്ല. ഇരുവരുടെയും പെൺമക്കൾക്ക് ഒരേ പേരാണ്: നിരഞ്ജന. രാജേഷ് ഇളയ മകൾക്കു പ്രിയദത്തയെന്നും ശ്രീരാമകൃഷ്ണൻ മകനു പ്രിയരഞ്ജൻ എന്നും പേരിട്ടു. അങ്ങനെ സമാനതകൾ ഏറെയുണ്ട്.

ഒന്നാം കേരള നിയമസഭയിൽ സ്പീക്കറായ ആർ. ശങ്കരനാരായണൻ തമ്പി നേരത്തെ തിരുവിതാംകൂർ ശ്രീമൂലം സഭയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. രണ്ടാമത്തെ സ്പീക്കർ കെ.എം. സീതി സാഹിബ് നേരത്തെ കേരളനിയമസഭയിൽ അംഗമായിട്ടില്ലെങ്കിലും കൊച്ചി നിയമസമിതിയിലും മദ്രാസ് നിയമസഭയിലും ഉണ്ടായിരുന്നു. മൂന്നാം കേരള നിയമസഭയിൽ സ്പീക്കറായ ഡി. ദാമോദരൻ പോറ്റി രണ്ടാം കേരള നിയമസഭയിൽ അംഗമായിരുന്നതു കൂടാതെ തിരുകൊച്ചി നിയമസഭയിൽ ഡപ്യൂട്ടി സ്പീക്കർ ആയിരുന്നു. അലക്‌സാണ്ടർ പറമ്പിത്തറ, ചാക്കീരി അഹമ്മദുകുട്ടി എന്നിവരും സ്പീക്കർ ആകുന്നതിനു മുൻപ് കേരള നിയമസഭ കൂടാതെ കേരളപ്പിറവിക്കു മുൻപുള്ള നിയമസഭകളിലും അംഗമായിരുന്നു.

ഡപ്യൂട്ടി സ്പീക്കർമാരിൽ അഞ്ചു പേർ ആദ്യ അവസരത്തിൽ തന്നെ ആ പദവിയിലെത്തിയവരാണ്. പി.കെ. ഗോപാലകൃഷ്ണൻ മദ്രാസ് നിയമസഭയിലും കെ. നാരായണ കുറുപ്പ് തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. കേരള നിയമസഭയിലേക്കുള്ള ആറാമത്തെ വിജയത്തിനുശേഷമാണ് ജി. കാർത്തികേയൻ സ്പീക്കർ പദവിലെത്തിയത്. തിരുകൊച്ചി ഉൾപ്പെടെ അഞ്ചാമത്തെ വിജയത്തിനുശേഷമാണ് കെ. നാരായണ കുറുപ്പ് ഡപ്യൂട്ടി സ്പീക്കർ പദവിലെത്തിയത്. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ആക്ടിങ് സ്പീക്കർ, പ്രോടെം സ്പീക്കർ പദവികളെല്ലാം വഹിച്ചത് എൻ. ശക്തൻ ആണ്.

എതിരില്ലാതെയുള്ള സ്പീക്കർ തിരഞ്ഞെടുപ്പ് 6 തവണ മാത്രം. ആർ. ശങ്കരനാരായണൻ തമ്പി (1957), കെ.എം. സീതി സാഹിബ് (1960), അലക്‌സാണ്ടർ പറമ്പിത്തറ (1961), ഡി. ദാമോദരൻ പോറ്റി (1967), എ.പി. കുര്യൻ (1980), എ.സി. ജോസ് (1982) എന്നിവർ മാത്രമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.