പാലക്കാട്: കേരളത്തിന്റെ ഐഐടി സ്വപ്‌നം ഇന്ന് യാഥാർത്ഥ്യമാകും. തീർച്ചയായും പാലക്കാട് എംപി എംബി രാജേഷിന്റെ വികസന നേട്ടത്തിൽ പൊൻതൂവലാണ് ഐഐടി. ജനപ്രതിനിധിയെന്ന നിലയിൽ രാജേഷിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കാരണമായെന്നത് വസ്തുതയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തന്നെയാണ് ഐഐടിക്ക് വഴിയൊരുക്കുന്നതെന്ന് പറയാതെ പറയുകയാണ് എംബി രാജേഷ്. സിപിഐ(എം) അംഗമായതുകൊണ്ട് തന്നെ നരേന്ദ്ര മോദി സർക്കാരിനെ കൈയടിച്ച് അഭിനന്ദിക്കാൻ രാജേഷിന് കഴിയുന്നില്ല. അപ്പോഴും മോദി സർക്കാരിന്റെ നയവും കേരളത്തിന്റെ ഐഐടിയോട് മാനവ ശേഷി വിഭവ വകുപ്പ് മന്ത്രി സമൃതി ഇറാനി കാട്ടിയ താൽപ്പര്യവും രാജേഷിന് വിവരിക്കാതിരിക്കാൻ കഴിയുന്നില്ല.

ഫെയ്‌സ് ബുക്കിലെ ലേഖനത്തിലാണ് രാജേഷ് ഐഐടിയുടെ നാൾ വഴികൾ വിവരിക്കുന്നത്. മന്മോഹൻസിംഗിന്റെ കാലത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുന്നു. അതിനൊടുവിൽ കുറിക്കുന്ന വാചകങ്ങൾ ഇങ്ങനെ:

വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുൻപന്തിയിൽ നില്ക്കു ന്ന കേരളത്തിന് ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അർഹതയുണ്ടായിരുന്നു. 2014-15 ബജറ്റിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്‌ഗഡ്, ജമ്മു കാശ്മീർ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതൽ പാലക്കാട് ഐ.ഐ.ടി. ഉടൻ യാഥാര്ത്ഥ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതൽ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാൻ നടപടി ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. മികച്ച താല്ക്കാലിക സൗകര്യം ഒരുക്കാൻ മന്ത്രിയുടെ മറുപടി. സൗകര്യങ്ങൾ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോൾ എങ്കിൽ ഈ വർഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാൻ നല്കുന്ന വാക്കായി മണ്ഡലത്തിൽ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടർന്ന് ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങൾ. രണ്ടും സുഗമമായി മുന്നോട്ട് പോയി.

ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തിൽ അഹല്യയിൽ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തിൽ സഹകരിച്ച അഹല്യ ചെയർമാൻ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവർത്തിച്ച ഐ.ഐ.ടി. ഡയറക്ടർ ഡോ.സുനിൽകുമാറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വർഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയിൽ അഞ്ചാം തീയതി ക്ലാസുകൾ ആരംഭിക്കും. ഗോവ, ഛത്തീസ്‌ഗഡ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.-അതായത് സ്മൃതി ഇറാനിയുടെ സമയോചിത ഇടപെടൽ പാലക്കാട്ടെ ഐഐടി വേഗത്തിൽ സാക്ഷാത്കരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ലേഖനം.

ഫെയ്‌സ് ബുക്കിലെ രാജേഷിന്റെ ലേഖനത്തിന്റെ പൂർണ്ണ രൂപം

സഫലമാകുന്ന സ്വപ്നംപാലക്കാട് ഐ.ഐ.ടി

ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇന്ന് മുതൽ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യൻ ഐ.ടി. രംഗത്തെ അതികായരിൽ ഒരാളായ ക്രിസ് ഗോപാലകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്‌ഫെറൻസിങ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൗകര്യപ്രദമായ തീയതി ലഭിച്ചാലുടൻ വിപുലമായി പിന്നീട് സംഘടിപ്പിക്കും.

അഹല്യയിൽ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണർന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതൽ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അത്യാധുനികമായ ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റൽ സൗകര്യം, അദ്ധ്യാപകർക്കുള്ള ക്വാര്‌ട്ടേഴ്‌സുകൾ, മെസ്സ് ഹാൾ, കാന്റീ്ൻ, റോഡ് സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഞാൻ ഇന്ന് അഹല്യ ക്യാമ്പസ് സന്ദർശിച്ചു. ഐ.ഐ.ടി.ഡയറക്ടർ ഡോ. സുനിൽകുമാർ, പ്രൊഫ. കുര്യൻ, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൗകര്യങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാര്ഥിികൾക്കും രക്ഷിതാക്കൾക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളിൽഒരു താല്ക്കാലിക ക്യാമ്പസ്സിൽ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ് സൗകര്യങ്ങളെന്ന്! എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

2009 ൽ എംപി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡൽഹിയിൽ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപിൽ സിബൽ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയിൽ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട് പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപിൽ സിബൽ ആവർത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാർലമെന്റിൽ ഉന്നയിച്ചപ്പോൾ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. 'കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷൻ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പ്രധാനമന്ത്രിയെ കാണൂ.' അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്‌സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്.

പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ പ്രതീക്ഷകൾക്ക് മങ്ങൽ. അതിനിടയിൽ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരൻ കൂടിയായ ശ്രീ.ശശി തരൂർ ഇപ്പോൾ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയിൽ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയിൽ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാൻ പ്രയാസമായിരിക്കും. തുടർന്നു സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മർദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബർ 12നു ഞാൻ മുൻകയ്യെടുത്തു വിളിച്ചു ചേർത്ത ജനകീയ കൺവെൻഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കൺവെൻഷൻ ഉത്ഘാടനം ചെയ്തത് മുൻ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാൽ ആയിരുന്നു.

മുന്മന്ത്രി ശ്രീ. എ.കെ. ബാലൻ, കെ.ഇ.ഇസ്മായിൽ, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എംഎ‍ൽഎ തുടങ്ങി ഒട്ടേറെ പ്രമുഖരും സിപിഐ(എം)., ബിജെപി, സിപിഐ, ആർ.എസ്‌പി., കേരള കോൺഗ്ര സ്, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തിൽ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവിൽ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുൻപന്തിയിൽ നില്ക്കു ന്ന കേരളത്തിന് ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അർഹതയുണ്ടായിരുന്നു. 2014-15 ബജറ്റിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഐ.ഐ.ടി.പ്രഖ്യാപിച്ചു.

ആന്ധ്ര, ഗോവ, ഛത്തീസ്‌ഗഡ്, ജമ്മു കാശ്മീർ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതൽ പാലക്കാട് ഐ.ഐ.ടി. ഉടൻ യാഥാര്ത്ഥ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതൽ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാൻ നടപടി ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചു. മികച്ച താല്ക്കാലിക സൗകര്യം ഒരുക്കാൻ മന്ത്രിയുടെ മറുപടി. സൗകര്യങ്ങൾ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോൾ എങ്കിൽ ഈ വർഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാൻ നല്കുന്ന വാക്കായി മണ്ഡലത്തിൽ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടർന്ന് ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങൾ. രണ്ടും സുഗമമായി മുന്നോട്ട് പോയി.

ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തിൽ അഹല്യയിൽ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തിൽ സഹകരിച്ച അഹല്യ ചെയർമാൻ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവർത്തിച്ച ഐ.ഐ.ടി. ഡയറക്ടർ ഡോ.സുനിൽകുമാറിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വർഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയിൽ അഞ്ചാം തീയതി ക്ലാസുകൾ ആരംഭിക്കും. ഗോവ, ഛത്തീസ്‌ഗഡ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിൽ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. 

 

• സഫലമാകുന്ന സ്വപ്നം- ...

Posted by M.B. Rajesh on Sunday, August 2, 2015