- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ടിക്കറ്റ് നിർണ്ണായകമായി; ആ ക്രൂരതയ്ക്ക് പിന്നിൽ മലയാളി വിദ്യാർത്ഥികളല്ല; മൈസൂരുവിൽ എംബിഎക്കാരിയെ ചാമുണ്ഡിഹിൽസിൽ ബലാത്സംഗം ചെയ്തത് പഴക്കച്ചവടത്തിന് എത്തിയ അഞ്ചു പേർ; മൂന്ന് ദിവസം പിന്തുടർന്ന് നാലാം ദിവസം ആക്രമണം; ക്രൂരപീഡനത്തിന് വഴിവച്ചത് കവർച്ചാ ശ്രമം
ബംഗളുരൂ: മൈസൂരുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാലുപേരെ തമിഴ്‌നാട്ടിൽനിന്നും അഞ്ചാമത്തെയാളെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്‌നാട്ടിൽ നിന്നും പിടിയിലായ മൂന്ന് പേർ ക്രിമിനൽ സ്വഭാവം ഉള്ളവരാണ്. പ്രതികൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാർത്ഥികളാണെന്നായിരുന്നു തുടക്കത്തിൽ പൊലീസിന്റെ സംശയം. എന്നാൽ അവർക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ മലയാളി ബന്ധം ആരോപണങ്ങളിൽ മാത്രമായി.
അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരിൽ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവർ മൈസൂരു ചന്തയിൽ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോൾ അവർ മദ്യപിച്ചിരുന്നു.
അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെൺകുട്ടി ചാമുണ്ഡിഹിൽസിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് ദിവസം പ്രതികൾ അവരെ പിന്തുടർന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവർ ആക്രമിച്ചത്. കവർച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസിൽ നിർണ്ണായകമായത്. കൃത്യം നടന്ന സ്ഥലത്തുവച്ച് ബിയർകുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ മദ്യം വാങ്ങിയ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു. പ്രതികൾ നേരത്തെയും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരാണ്. അഞ്ച് മാസം മുമ്പ് മൈസൂർ നഗരത്തിലെ കുവെമ്പുനഗർ പ്രദേശത്ത് മറ്റൊരു ബലാത്സംഗം നടത്തിയതായും പൊലീസ് പറയുന്നു.
ഓഗസ്റ്റ് 24നാണ് മൈസൂരുവിൽ എം.ബി.എ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. കർണാടക ചാമുണ്ഡി ഹിൽസിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയേയും സഹപാഠിയേയും ആറംഗ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
സ്ഥലത്തെ സ്ഥിരം മദ്യപാനികളായിരിക്കാം പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. ഇതിനേത്തുടർന്ന് നാട്ടുകാരായ മുപ്പതുപേരെ ചോദ്യം ചെയ്‌തെങ്കിലും ഇവർക്ക് പങ്കില്ലെന്ന് പൊലീസ് പിന്നീട് അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ