- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് എനിക്കുവേണ്ട, ഞാൻ സർക്കാർ കോളജിൽ ബിഡിഎസ് പഠിച്ചോളാം; സ്‌പോട്ട് അഡ്മിഷനിൽ 11 ലക്ഷത്തിന്റെ എംബിബിഎസ് സീറ്റു ലഭിച്ചപ്പോൾ പണമില്ലാത്തതിനാൽ 23000 രൂപ അടച്ച് ബിഡിഎസ് പ്രവേശനം ഉറപ്പാക്കി; മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിന്റെ പടവുകൾ ഇറങ്ങിയതോടെ ഉള്ളിൽ അടക്കിവച്ച സങ്കടം താങ്ങാനാകാതെ ബാപ്പയുടെ മാറിൽ വീണ് പൊട്ടിക്കരഞ്ഞ് നിസ്ബ
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിന്റെ പടവുകളിറങ്ങി ബാപ്പ സുലൈമാനെ കെട്ടിപ്പിടിച്ച് നിസ്ബ പൊട്ടിക്കരഞ്ഞു. മകളെ ആശ്വസിപ്പിക്കാനാവാതെ ഉമ്മ സക്കീന നിർനിമേഷയായി നോക്കിനിന്നു. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ വിദ്യാർത്ഥികളുടെ കഴുത്തറുത്ത് ഫീസുവാങ്ങുന്ന സ്വാശ്രയ കോളേജുകളോട് എതിരിട്ട ശേഷമാണ് നിസ്ബ പൊട്ടിക്കരഞ്ഞത്. കൈയിൽകിട്ടിയ എം.ബി.ബി.എസ് സീറ്റ്, വീട്ടുകാർക്ക് പണമില്ലാത്തതിന്റെ പേരിൽ നിസ്ബയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. നീറ്റിൽ 1900-ാം റാങ്കുകിട്ടിയ നിസ്ബയ്ക്ക് പാലക്കാട് കരുണ കോളേജിലാണ് പ്രവേശനം കിട്ടിയത്. ഫീസായി അഞ്ചു ലക്ഷവും ആറു ലക്ഷത്തിന്റെ ബോണ്ടും നൽകണം. അന്തിമഫീസ് തീരുമാനിച്ചശേഷം രണ്ടാഴ്ചയ്ക്കകം ഫീസടച്ചില്ലെങ്കിൽ പ്രവേശനം സ്വമേധയാ റദ്ദാക്കപ്പെടുമെന്നാണ് മുദ്രപ്പത്രത്തിൽ എഴുതിനൽകേണ്ടത്. മഞ്ചേരിയിൽ ഡ്രൈവറായ സുലൈമാന്, മകൾക്ക് ഇത്രയും വലിയ ഫീസടയ്ക്കാനുള്ള വകകണ്ടെത്താനായില്ല. വിറ്റുപെറുക്കാൻ ഒന്നുമില്ല. വീട്ടിൽ കൂട്ടക്കരച്ചിലായി. നിസ്ബയ്ക്ക് മൂന്ന് അനിയത്തിമാരുണ്ട്. അവരുടെ കാര്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിന്റെ പടവുകളിറങ്ങി ബാപ്പ സുലൈമാനെ കെട്ടിപ്പിടിച്ച് നിസ്ബ പൊട്ടിക്കരഞ്ഞു. മകളെ ആശ്വസിപ്പിക്കാനാവാതെ ഉമ്മ സക്കീന നിർനിമേഷയായി നോക്കിനിന്നു.
പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ വിദ്യാർത്ഥികളുടെ കഴുത്തറുത്ത് ഫീസുവാങ്ങുന്ന സ്വാശ്രയ കോളേജുകളോട് എതിരിട്ട ശേഷമാണ് നിസ്ബ പൊട്ടിക്കരഞ്ഞത്. കൈയിൽകിട്ടിയ എം.ബി.ബി.എസ് സീറ്റ്, വീട്ടുകാർക്ക് പണമില്ലാത്തതിന്റെ പേരിൽ നിസ്ബയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.
നീറ്റിൽ 1900-ാം റാങ്കുകിട്ടിയ നിസ്ബയ്ക്ക് പാലക്കാട് കരുണ കോളേജിലാണ് പ്രവേശനം കിട്ടിയത്. ഫീസായി അഞ്ചു ലക്ഷവും ആറു ലക്ഷത്തിന്റെ ബോണ്ടും നൽകണം. അന്തിമഫീസ് തീരുമാനിച്ചശേഷം രണ്ടാഴ്ചയ്ക്കകം ഫീസടച്ചില്ലെങ്കിൽ പ്രവേശനം സ്വമേധയാ റദ്ദാക്കപ്പെടുമെന്നാണ് മുദ്രപ്പത്രത്തിൽ എഴുതിനൽകേണ്ടത്.
മഞ്ചേരിയിൽ ഡ്രൈവറായ സുലൈമാന്, മകൾക്ക് ഇത്രയും വലിയ ഫീസടയ്ക്കാനുള്ള വകകണ്ടെത്താനായില്ല. വിറ്റുപെറുക്കാൻ ഒന്നുമില്ല. വീട്ടിൽ കൂട്ടക്കരച്ചിലായി. നിസ്ബയ്ക്ക് മൂന്ന് അനിയത്തിമാരുണ്ട്. അവരുടെ കാര്യം എങ്ങനെ നടത്തുമെന്നായി ആലോചന. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ കടംവാങ്ങി അഞ്ചുലക്ഷമുണ്ടാക്കാം. ബാക്കി ലക്ഷങ്ങൾ എങ്ങനെയുണ്ടാക്കും..? ഉത്തരമില്ലാതെ ഒരു രാത്രിമുഴുവൻ മൂന്നുപേരും മുഖാമുഖം നോക്കിയിരുന്നു.
ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഉമ്മ സക്കീനയ്‌ക്കൊപ്പം കൗൺസലിങ് ഹാളിൽ കയറിയപ്പോഴും നിസ്ബ മനസു തുറന്നിരുന്നില്ല. സ്‌പോട്ട്അഡ്‌മിഷനിൽ ഭാഗ്യം പരീക്ഷിക്കാനായിരുന്നു നിസ്ബയുടെ തീരുമാനം. 11 ലക്ഷത്തിന്റെ സീറ്റുതന്നെ സ്‌പോട്ട് അഡ്‌മിഷനിലും കിട്ടിയപ്പോൾ ഉറച്ച സ്വരത്തോടെ നിസ്ബ പറഞ്ഞു, എനിക്ക് എം.ബി.ബി.എസ് വേണ്ട, ഞാൻ ബി.ഡി.എസ് പഠിച്ചോളാം...' കരുണ കോളേജിൽ കിട്ടിയ എം.ബി.ബി.എസ് സീറ്റ് റദ്ദാക്കി, രേഖകളെല്ലാം തിരിച്ചുവാങ്ങിയ നിസ്ബ കോഴിക്കോട് ഗവ.ഡന്റൽ കോളേജിൽ ഒഴിവുണ്ടായിരുന്ന ഏക സീറ്റിൽ പ്രവേശനം നേടി. ഫീസ് 23,000രൂപ. രേഖകൾ സമർപ്പിച്ച് പ്രവേശനം ഉറപ്പാക്കി പുറത്തിറങ്ങിയ ശേഷമായിരുന്നു സുലൈമാന്റെ മാറിൽ വീണ് നിസ്ബ പൊട്ടിക്കരഞ്ഞത്.
എനിക്കു താഴെ മൂന്നാളുണ്ട്, എല്ലാവരുടെയും കാര്യം നോക്കേണ്ടേ, എടുത്താൽ പൊങ്ങാത്ത ഫീസ് എവിടെ നിന്നുണ്ടാക്കാനാണ്. തോറ്റുമടങ്ങുകയല്ല ഞാൻ, ഇത് ഞാൻ ജയിക്കാനായി തോറ്റതാണ്...'' ഇടറിയ ശബ്ദത്തിൽ നിസ്ബ പറയുന്നു.
മകളെയോർത്ത് അഭിമാനമുണ്ടെന്നായിരുന്നു സുലൈമാന്റെ വാക്കുകൾ. ധീരമായ തീരുമാനമറിഞ്ഞ് നിസ്ബയെ അനുമോദിക്കാൻ മറ്റ് കുട്ടികളോടൊപ്പം അലോട്ട്‌മെന്റിനെത്തിയ അമ്മമാർ ഓടിയെത്തി. എല്ലാവരുടെയും സ്‌നേഹം വാങ്ങി നിസ്ബ മഞ്ചേരിയിലേക്കുള്ള വണ്ടിപിടിക്കാൻ തമ്പാനൂരിലേക്ക് ഓട്ടോ കയറി.
കടപ്പാട്: എം.എച്ച് വിഷ്ണു കേരളകൗമുദി