കളമശേരി: മലബാർ മേഖലയിൽ ഡിഫ്ത്തീരിയ അടക്കമുള്ള അസുഖങ്ങൾ പടർന്നു പിടിക്കുമ്പോൾ തന്നെ സംസ്ഥാനത്ത് പനിബാധിതയുടെ എണ്ണവും വർദ്ധിക്കുകയാണ്. പനിബാധ മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയും ചെയ്യുന്നു. കഴിഞ്ഞ ദിവസം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി കടുത്ത പനിയെ തുടർന്നുള്ള കുത്തിവെയ്‌പ്പിനെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചത സഹപാഠികൾക്ക് കനത്ത ആഘാതമായി.

എറണാകുളം മെഡിക്കൽ കോളജിലെ തന്നെ രണ്ടാം വർഷ വിദ്യാർത്ഥിനിയും കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ശിവപുരം പടുപാറ അയിഷ മൻസിലിൽ കെ.എ.അബൂട്ടിയുടെ മകളുമായ ഷംന (19) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആയതിനെത്തുടർന്നു മെഡിക്കൽ കോളജിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി മാറ്റിയ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

രണ്ടു ദിവസമായി പനി ബാധിച്ചു മരുന്നു കഴിച്ചു ഹോസ്റ്റലിൽ വിശ്രമിച്ച ഷംനയെ പനി കൂടിയതിനെത്തുടർന്ന് സുഹൃത്തുക്കൾ തന്നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിൽ പ്രവേശിപ്പിച്ചത്. 1.40ന് പനിക്കുള്ള ആന്റിബയോട്ടിക് മരുന്ന് കുത്തിവച്ചു. കുത്തിവച്ച് അൽപ്പസമയം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഷംന കുഴഞ്ഞു വീഴുകയും ചെയ്ത് അബോധാവസ്ഥയിലായി.

ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി വിദഗ്ധ ചികിൽസ നൽകി. വെന്റിലേറ്ററിന്റെ സഹായവും ലഭ്യമാക്കി. എന്നാൽ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ വന്നതിനെത്തുടർന്നാണ് വൈകിട്ട് ആറോടെ ഷംനയെ രാജഗിരി ആശുപത്രിയിലേക്കു മാറ്റിയത്. മരണ കാരണം പനി മൂർഛിച്ചതു മൂലമാണോ കുത്തിവയ്പിന്റെ ഫലമാണോ എന്നു വ്യക്തമല്ലെന്നു മെഡിസിൻ വകുപ്പ് മേധാവി ഡോ. ജിൽസ് ജോർജ് പറഞ്ഞു. ഷരീഫയാണ് ഷംനയുടെ മാതാവ്. സഹോദരങ്ങൾ: ഷിബിലി, ഷിഫാന.

എല്ലാവരോടും സൗമ്യഭാവത്തോടെ പെരുമാറുന്ന ഷംനയുടെ അപ്രതീക്ഷിത വിയോഗം താങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സഹപാഠികൾ.