ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ ഇടംനേടാൻ കാത്തുനിൽക്കുന്ന തുർക്കിയുടെ മോഹങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരാമർശങ്ങൾ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കും ഇറാനുമൊപ്പം തിന്മയുടെ മൂന്ന് അച്ചുതണ്ടുകളിലൊന്നാണ് തുർക്കിയെന്ന് എംബിഎസ് വിശേഷിപ്പു. യുകെ സന്ദർശിക്കുന്ന സൗദി കിരീടാവകാശി, തുർക്കിക്കെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയതെന്ന് ഈജിപ്തിലെ അൽ ഷൊറൂക്ക് പത്രം റിപ്പോർട്ട് ചെയ്തു.

ഈജിപ്തിൽ സന്ദർശനം നടത്തിയശേഷമാണ് എംബിഎസ് ബ്രിട്ടൻ സന്ദർശിക്കാനെത്തിയത്. യാത്രയിൽ പത്രാധിപർമാരുമായി സംസാരിക്കവെയാണ് തുർക്കിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. ഈജിപ്തിൽ മുമ്പ് ഭരണം നടത്തിയ മുസ്ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ മുഖ്യ സ്‌പോൺസർമാരായിരുന്നു തുർക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ ജനാധിപത്യത്തെ നശിപ്പിക്കാനാണ് ബ്രദർഹുഡ് ശ്രമിച്ചത്. ഭീകരപ്രസ്ഥാനമായാണ് ബ്രദർഹുഡിനെ സൗദി അറേബ്യയും ഇപ്പോൾ ഈജിപ്തും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖിലാഫത്ത് സ്ഥാപിക്കാനുറച്ച തിന്മയുടെ അച്ചുതണ്ടുകളിലൊന്നാണ് തുർക്കി. മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഇറാനും ഇറാഖിലും സിറിയയിലും ലോകമെമ്പാടുമായി ചോരപ്പുഴയൊഴുക്കുന്ന ഐസിസുമാണ് മറ്റ് അച്ചുതണ്ടുതൾ. ഗൾഫ് മേഖലയിൽ ഖത്തറുമായി സംഖ്യം ചെയ്തിരിക്കുന്ന രാജ്യമാണ് തുർക്കി. പ്രസിഡന്റെ തയ്യിപ്പ് എർഡോഗന്റെ എകെ പാർട്ടിയുടെ ഇസ്ലാമിക രാഷ്ട്രീയത്തെ സംശയത്തോടെയാണ് എംബിഎസ് വിലയിരുത്തുന്നതെന്നും അൽ ഷൊറൂക്ക് പത്രം റിപ്പോർട്ട് ചെയ്തു.

ഇറാനും തുർക്കിയുമായുള്ള സഖ്യവും സൗദിയെ അലോസരപ്പെടുത്തുന്നതാണ്. വിമതർക്ക് ആധിപത്യമുള്ള വടക്കൻ സിറിയയിലെ യുദ്ധം കുറച്ചുകൊണ്ടുവരാൻ തുർക്കി ഇറാനുമായി ചേർന്ന് ശ്രമം നടത്തിയിരുന്നു. മാത്രമല്ല, ഇറാന്റെയും തുർക്കിയുടെയും സൈനിക നേതൃത്വം പരസ്പരം ഇരുരാജ്യങ്ങളും സന്ദർശിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ സൗദിയുടെ ഏറ്റവും വലിയ എതിരാളിയാണ് ഇറാൻ. ആ നിലയ്ക്ക് ഇറാനെ പിന്തുണയ്ക്കുന്ന തുർക്കിയോടുള്ള എതിർപ്പും സ്വാഭാവികമാണ്.

ഗൾഫ് മേഖലയിൽ ഖത്തറുമായുള്ള സൗദിയുടെ പിണക്കം ചിലപ്പോൾ വർഷങ്ങൾ നീണ്ടുനിന്നേക്കാമെന്നും എംബിഎസ് പറഞ്ഞു. അമേരിക്കയും ക്യൂബയും തമ്മിൽ 60 വർഷത്തോളം നീണ്ടുനിന്ന അകൽച്ചയോടാണ് അദ്ദേഹം സൗദി-ഖത്തർ ബന്ധത്തെ വിശേഷിപ്പിച്ചത്. എന്നാൽ, കെയ്‌റോയിലെ തെരുവിനെക്കാൾ ചെറിയ ഖത്തറുമായുള്ള പിണക്കം കൊണ്ട് ലോകത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷം ജൂണിലാണ് സൗദിയുടെ നേതൃത്വത്തിൽ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചത്. യുഎഇയും ഈജിപ്തും ബ്ഹ്‌റിനുമൊക്കെ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഈ മാസമൊടുവിൽ സൗദിയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഖത്തറിന് വിലക്കില്ലെന്നും എംബിഎസ് കൂട്ടിച്ചേർത്തു.